ഉത്തരം വളരെ ലളിതവും എന്നാൽ വളരെ സങ്കീർണ്ണവുമാകാം. ഓരോ നീക്കങ്ങളും ഓരോ ടാക്കിളുകളും, ഓരോ പാസും പൂർത്തിയാക്കി, ഓരോ ഗോളും നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരുടെ ഹാൻഡ്സെറ്റുകളിൽ എത്തുന്ന ഇന്നത്തെ കാലത്ത്, ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികഇനത്തിലെ ജനപ്രിയനാകുന്നത് എളുപ്പമായിരിക്കും. എന്നാൽ ആ ജനപ്രിയതയ്ക്കുമപ്പുറം രാജ്യത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നസാഫല്യനിമിഷമാണ്. 2022 ഡിസംബർ 18-ന്, രാത്രിയിൽ ഖത്തറിലെ ലൂസൈയ്ൽ സ്റ്റേഡിയത്തിൽ വികാരഭരിതരായി ആർത്തുവിളിച്ച കാണികൾക്ക് മുന്നിൽ ലയണൽ മെസി എന്ന ഫുട്ബോളിന്റെ മിശിഹ നേടിയതും ആ സ്വപ്നസാഫല്യമാണ്.
പേരെടുത്ത ആ ഡ്രിബ്ലിംഗ് കഴിവ്, ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും നേടിയ എണ്ണിയാലൊടുങ്ങാത്ത ഗോളുകൾ, ഇതൊന്നും ഒരു ഇതിഹാസ പദവി നേടാൻ മെസിക്ക് പര്യാപ്തമായിരുന്നില്ല എന്നല്ല, പക്ഷേ ഒരു ലോകകപ്പ് വിജയം എക്കാലത്തെയും മികച്ച താരമാകാൻ മെസിക്ക് എത്ര മാത്രം ആവശ്യമായിരുന്നു എന്നത് ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരായ ഫൈനലിൽ ഗോൾ നേട്ടത്തോടെ മുന്നിൽ നിന്ന് നയിച്ച മെസിക്ക് ജയത്തിൽ കുറഞ്ഞൊന്നും ആവശ്യമില്ലായിരുന്നു. എല്ലാ അംഗീകാരങ്ങൾക്കും, എല്ലാ അവാർഡുകൾക്കും, സമ്പത്തുകൾക്കും, സ്ഥാനമാനങ്ങൾക്കും നടുവിൽ അദ്ദേഹത്തിന്റെ കരിയർ റെസ്യുമെയിൽ ഒരു കളങ്കം ഉണ്ടായിരുന്നു.
അർജന്റീനയ്ക്ക് വേണ്ടിയുള്ള ഒരു മാന്ത്രിക ലോകകപ്പ്- ആ കളങ്കമാണ് എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞത്. ബ്യൂണസ് അയേഴ്സിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ വടക്കുള്ള ഫാം ഹബ് സിറ്റിയായ റൊസാരിയോയിൽ നിന്നുള്ള ആ ആൺകുട്ടി ഒടുവിൽ ആ അർജന്റീന ഫുട്ബോൾ ദൈവമായ ഡീഗോ മറഡോണയ്ക്കൊപ്പം ഇടംപിടിച്ചു. ഒരു ജനതയുടെ സ്വപ്നങ്ങൾ ഒരിക്കൽ കൂടി ചുമലിലേറ്റി ഖത്തറിലേക്ക് വരുമ്പോൾ ലയണൽ മെസ്സിയും 10 പയ്യന്മാരും എന്ന് ദയയില്ലാതെ ആക്ഷേപിച്ചവർക്ക് മുന്നിൽ കപ്പുയർത്തി, തലയുയർത്തി മെസി എന്ന മാന്ത്രികൻ മടങ്ങുന്നു.
ഫുട്ബോളിന്റെ മാന്ത്രികൻ വരുമാനത്തിലും പൊൻതിളക്കത്തിൽ വിരാജിക്കുന്നവനാണ്. ഈ ലോകകപ്പ് നേട്ടത്തോടെ അതിനിയും ശതകോടികളുയരും. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് 130 മില്യൺ ഡോളറാണ് മെസ്സിയുടെ ആനുവൽ ഏർണിംഗ്സ്. കഴിഞ്ഞ വർഷം ഫീൽഡ് വരുമാനത്തിൽ മെസ്സി 75 മില്യൺ ഡോളർ നേടി. മറ്റേതൊരു കായികതാരത്തേക്കാളും കൂടുതൽ മിന്നുന്ന നേട്ടം. കഴിഞ്ഞ വർഷം മെസ്സിയുടെ ഓഫ് ഫീൽഡ് സമ്പാദ്യം 55 മില്യൺ ഡോളറാണ്. ടെന്നീസ് ഐക്കൺ റോജർ ഫെഡറർക്കും NBA സൂപ്പർസ്റ്റാർ ലെബ്രോൺ ജെയിംസിനും മാത്രമാണ് മെസിക്ക് മുന്നിലുളളത്. ബാഴ്സിലോണ വിട്ട് PSGയിലേക്ക് കൂടുമാറിയ മെസിക്ക് 22 മില്യൺ ഡോളറാണ് ക്ലബ് സാലറി നൽകുന്നത്. ക്രിപ്റ്റോകറൻസി “ഫാൻ ടോക്കൺ” പ്ലാറ്റ്ഫോമായ സോസിയോസുമായുള്ള (Socios) 20 മില്യൺ ഡോളർ പ്രതിവർഷ പാർട്ണർഷിപ്പിന് മുകളിൽ 35-കാരന്റെ എൻഡോഴ്സ്മെന്റ് പോർട്ട്ഫോളിയോയിൽ Adidas, Budweiser,PepsiCo. എന്നിവയുമായുള്ള ഡീലുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ ജൂണിൽ, ഹാർഡ് റോക്ക് ഇന്റർനാഷണലിന്റെ ആദ്യത്തെ അത്ലറ്റ് ബ്രാൻഡ് അംബാസഡറായും അദ്ദേഹം മാറി. ഫോർബ്സ് പറയുന്നതനുസരിച്ച്, മൊത്തത്തിൽ, കളിക്കളത്തിനകത്തും പുറത്തും മെസ്സി 1.15 ബില്യൺ ഡോളർ സമ്പാദിച്ചു.
ആഡംബര കാറുകൾക്കായി പണം ചെലവഴിക്കാനാണ് മെസ്സി ഇഷ്ടപ്പെടുന്നത്. മെസ്സിയുടെ ആകർഷകമായ കാർ ശേഖരത്തിൽ Pagani Zonda Tricolore, Ferrari F430 Spyder, Dodge Charger SRT8, Maserati Gran Turismo എന്നിവ ഉൾപ്പെടുന്നു. ബാഴ്സിലോണയുടെ നഗരപ്രാന്തത്തിലുളള 7മില്യൺ ഡോളർ മൂല്യമുളള ബംഗ്ലാവാണ് മെസിയുടെ മറ്റൊരു ആസ്തി. നീന്തൽകുളവും ഇൻഡോർ ജിമ്മും സ്പായുമുളള മാൻഷനിൽ മിശിഹായ്ക്ക് ഒരു ഫുട്ബോൾ പിച്ചുമുണ്ട്. ഹോം ടൗണായ അർജന്റീനിയയിലെ റൊസാരിയോയിൽ തന്റെ കരിയർ പ്രമേയമാക്കി സൃഷ്ടിച്ച ഒരു ഇക്കോഹൗസും മെസിക്കുണ്ട്. ഫ്ലോറിഡയിലെ സെന്റ് ഐൽസ് ബീച്ചിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിന്റെ മുഴുവൻ നിലയും 7.3 മില്യൺ ഡോളർ നൽകി സ്വന്തമാക്കിയത് 2021-ലാണ്. 2017-ൽ Majestic Hotel ഗ്രൂപ്പിന്റെ MiM Hotels എന്ന ഹോട്ടൽ ശൃംഖല മെസ്സി സ്വന്തമാക്കി. 35 മില്യൺ ഡോളറിനായിരുന്നു ഡീൽ. മെസ്സിയുടെ 2004-Gulfstream V പ്രൈവറ്റ് ജെറ്റിൽ പതിനാറ് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് പറയുന്നു.
സമ്പത്തിൽ മാത്രമല്ല മാനവികതയിലും മനുഷ്യത്വത്തിലും മിശിഹയാണ് മെസ്സി. UNICEF-ന്റെ പങ്കാളിത്തത്തോടെ 2007-ൽ രൂപീകരിച്ച ലയണൽ മെസ്സി ഫൗണ്ടേഷൻ, ലോകമെമ്പാടുമുള്ള ദാരിദ്രരായ കുട്ടികളെ സഹായിക്കുന്നു. കെനിയയിലും സിറിയയിലുമെല്ലാം ഫൗണ്ടേഷൻ യൂണിസെഫുമായി ചേർന്ന് നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ചെയ്തത്. ഓരോ ദിവസവും ഒരു കുട്ടി പുഞ്ചിരിക്കുന്നത് കാണുന്നത് എന്നെ ആവേശഭരിതനാക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഫൗണ്ടേഷൻ സൃഷ്ടിക്കാൻ തീരുമാനിച്ചത്. ഒരു ഫുട്ബോൾ കളിക്കാരനായി തുടരാൻ എനിക്ക് ആവശ്യമായ അതേ ശക്തിയോടും അർപ്പണബോധത്തോടും കൂടി കുട്ടികളെ സന്തോഷിപ്പിക്കാൻ ഞാൻ പോരാടുന്നത് തുടരും. ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ മെസ്സിയുടെ പ്രസ്താവന ഇങ്ങനെ പറയുന്നു. ലോകത്തിന്റെ മുഴുവൻ ആദരം നേടി ഫുട്ബോൾ രാജാവായി വിരാജിക്കുമ്പോഴും മിശിഹ എന്ന വിളിപ്പേരിന് താൻ എത്രമാത്രം അർഹനാണെന്ന് തെളിയിക്കുകയാണ് ലയണൽ മെസിയെന്ന മാന്ത്രികൻ.
In the world of football, Lionel Messi is an emotion. For Argentina fans, the Qatar World Cup 2022 was all about Messi lifting the trophy. Born in Rosario, Argentina, he is one of the finest football talents in the world. His career journey, accompanied by constant adulation and brickbats, has never been a cakewalk.