ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ പദ്ധതിയാണ് മുറ്റത്തെ മുല്ല. ഗ്രാമീണ മേഖലയിലെ സ്ത്രീകളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. കുടുംബശ്രീയുടേയും, സഹകരണ വകുപ്പിന്റേയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വീടുകളിൽ തുടങ്ങാനാകുന്ന ലഘുസംരംഭങ്ങൾക്കെല്ലാം ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താനാകും. 2018ലാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കും, കുടുംബശ്രീയും സംയുക്തമായി തുടക്കമിട്ട മുറ്റത്തെ മുല്ല, വിജയം കണ്ടതോടെ മറ്റ് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു.
പദ്ധതി പ്രകാരം, സ്ത്രീകൾക്ക് 12% പലിശനിരക്കിൽ 1,000 മുതൽ 25,000 രൂപ വരെ വായ്പയാണ് അനുവദിക്കുന്നത്. ഈടാക്കുന്ന 12 ശതമാനം പലിശയിൽ 9 ശതമാനം പ്രാഥമിക സഹകരണ സംഘങ്ങൾക്കും, 3 ശതമാനം കുടുംബശ്രീ വനിതകൾക്കും നൽകും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് കാർഷിക വായ്പാ സംഘങ്ങൾ 9% പലിശനിരക്കിൽ ക്യാഷ് ക്രെഡിറ്റ് വായ്പ അനുവദിക്കും. ഈ തുക 12% പലിശ നിരക്കിൽ പരമാവധി 50,000 രൂപ വരെ മൈക്രോഫിനാൻസ് മാതൃകയിൽ വനിതകൾക്ക് വായ്പയായി നൽകുന്നു.
അപേക്ഷിക്കാൻ എന്തൊക്കെ വേണം ?
അപേക്ഷ നൽകുന്നതിന് ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ഏതെങ്കിലും കുടുംബശ്രീ യൂണിറ്റുമായി ബന്ധപ്പെട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ അതിന്റെ അടിസ്ഥാന വിവരങ്ങൾ എന്നിവ ആവശ്യമാണ്. തിരിച്ചടവ് ആഴ്ച തോറും നടത്താം. ഒരു വർഷമാണ് വായ്പയുടെ പരമാവധി തിരിച്ചടവ് കാലാവധി. ഓരോ വാർഡിലും കുടുംബശ്രീയുടെ മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനത്തിലെ കാര്യക്ഷമതയും, വിശ്വാസ്യതയും അടിസ്ഥാനമാക്കിയാണ് ഈ യൂണിറ്റുകളെ തെരഞ്ഞെടുക്കുന്നത്. ഇവർ ആഴ്ച തോറും വീടുകളിലെത്തി തിരിച്ചടവ് സംഖ്യ സ്വീകരിക്കും. ഗ്രാമീണ ജനങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരത വളർത്തുക, സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളും പദ്ധതിയ്ക്കുണ്ട്.
Muttatthe Mulla is a scheme launched by the state government to provide loans to rural families at low interest rates. The project mainly targets women in rural areas. The project is implemented with the joint cooperation of Kudumbashree and Cooperation Department. All home based small businesses can avail this loan scheme. State government started the project in 2018.