അതിജീവനത്തിന്റെ മേമ്പൊടി ചേർത്ത ഒരു അച്ചാറുണ്ട് വിപണിയിൽ, നൈമിത്ര (Nymitra)
നൈമിത്ര എന്നാൽ പുതിയ സുഹൃത്ത് എന്നർത്ഥം. നൈമിത്രയുടെ അമരക്കാരി തിരുവനന്തപുരം, വർക്കല, മുത്താന സ്വദേശി ദീജ സതീശൻ. ദീജയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതത്തിൽ തളർന്നുപോകാതെ മുന്നോട്ട് നീങ്ങാനുളള പ്രചോദനം.
ഫേസ്ബുക്ക് ചിറക് നൽകിയ സ്വപ്നങ്ങൾ
ചക്രക്കസേരയിലിരുന്ന് പോയ ജീവിതത്തിൽ ദീജയ്ക്ക് ആദ്യം കൂട്ടിനെത്തിയത് ഫേസ്ബുക്കായിരുന്നു.
തന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളുമെല്ലാം തന്റെ കൂട്ടുകാരോട് ദീജ പങ്കു വച്ചു. മുന്നോട്ടുളള ജീവിതത്തിനും ചികിത്സയ്ക്കും നിലനിൽപ്പിനുമായി ഒരു സ്ഥിരവരുമാനം തേടിക്കൊണ്ടിരുന്ന ദീജയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ അഞ്ചൽ സ്വദേശി നൗഷാദ് എന്ന സുഹൃത്ത് മുന്നോട്ട് വന്നു. തന്റെ കൈപ്പുണ്യത്തിൽ വിശ്വാസമുണ്ടായിരുന്ന ദീജയ്ക്ക് അച്ചാർ നിർമാണം ആരംഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ നൗഷാദ് തയ്യാറായി. മുടക്കിയ പണം പിന്നീട് തിരിച്ചു തരുമ്പോള്‍ വാങ്ങിക്കണം എന്ന നിബന്ധന മാത്രമാണ് ദീജ മുന്നോട്ട് വച്ചത്. അങ്ങനെ നൗഷാദ് നൽകിയ 5000 രൂപയിൽ നിന്നാണ് നൈമിത്രയുടെ തുടക്കം.
അത്യാവശ്യം സാധനങ്ങളും വാങ്ങി അമ്മയുടെയുടെയും ചേച്ചിയുടെയും സഹായത്തോടെ കൈപ്പുണ്യം കൈമുതലാക്കി ദീജ അച്ചാർ നിർമാണം ആരംഭിച്ചു. 2018 ജനുവരിയിൽ തന്റെ ചെറിയ വീടിന്റെ അടുക്കളയിൽ അഞ്ച് അച്ചാറുകളുമായി വലിയ സ്വപ്നങ്ങളിലേക്കുളള യാത്ര ദീജ തുടങ്ങി.
കൈപ്പുണ്യത്തിന്റെ കരുത്തിൽ മുന്നോട്ട്
കലർപ്പില്ലാത്ത മായം കലരാത്ത അച്ചാറുകൾ അതായിരുന്നു നൈമിത്രയുടെ മുഖമുദ്ര. ആദ്യ സമയത്ത് അച്ചാറിന്റെ വിപണനം എങ്ങനെ നടത്തും എന്നൊരു ചോദ്യം വന്നു. അവിടെയും കൂട്ടിനെത്തിയത് ഫേസ്ബുക്കായിരുന്നു. ഫേസ്ബുക്ക് സുഹൃത്തുക്കളും ഫോളോവേഴ്സും ഇവിടെ തുണയായി. അതോടെ അന്യജില്ലകളിൽ നിന്നു പോലും അച്ചാറിന് ആവശ്യക്കാരുണ്ടായി. പണം അടച്ചവർക്ക് അച്ചാറുകൾ കൊറിയർ ചെയ്തു കൊടുത്തു.
വിപണനം തകൃതിയായതോടെ ദിവസങ്ങൾക്കകം അച്ചാറുകൾ വിറ്റു തീ്ർന്നു. പ്രതീക്ഷിച്ചതിനെക്കാൾ മികച്ച സ്വീകരണമാണ് വിപണിയിൽ നൈമിത്ര അച്ചാറുകൾക്ക് ലഭിച്ചത്. ഇതോടെ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു സൗകര്യത്തിലേക്ക് മാറുകയെന്ന ചിന്തയിൽ കിളിമാനൂരിലേക്ക് ദീജയും കുടുംബവും ജീവിതം പറിച്ചുനട്ടു. കടം വാങ്ങിയ കാശിൽ അച്ചാറുകളുമായി ജീവിതം പച്ചപിടിച്ച് തുടങ്ങിയപ്പോഴാണ് 2018-ലെ പ്രളയം വരുന്നത്. ആ പ്രളയത്തിൽ ഒലിച്ചുപോയത് ദീജയുടെ പ്രയത്നഫലമായ അച്ചാറുകളും കൂടിയായിരുന്നു. അതുണ്ടാക്കിയ നഷ്ടം ചെറുതല്ലായിരുന്നു. എന്നാൽ തളരാൻ ദീജ ഒരുക്കമായിരുന്നില്ല. 2019ൽ കേരള വികലാംഗക്ഷേമ കോർപറേഷന്റെ ലോൺ നേടി വീണ്ടും ജീവിതത്തിൽ പിടിച്ചു കയറിത്തുടങ്ങി ദീജ. സുഹൃത്ത് കടമായി നൽകിയ പണം കൊണ്ട് ഒരു ഷോപ്പ് ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് അടുത്ത ആഘാതമായി കോവിഡിന്റെ വരവ്. അപ്പോഴും സാമ്പത്തികമായി ലക്ഷങ്ങളുടെ നഷ്ടം ദീജ നേരിട്ടു. ഈ പ്രതിസന്ധി ഘട്ടത്തിലും നൈമിത്രക്ക് താങ്ങായത് കസ്റ്റമേഴ്സ് തന്നെയായിരുന്നു. ദീജയുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞവർ ആ പ്രതിസന്ധി ഘട്ടത്തിലും നൈമിത്രയെ തേടിയെത്തി.
രുചിയേറും ബീഫ് അച്ചാറും ചിക്കൻ അച്ചാറും
നൈമിത്രയുടെ അച്ചാറുകളിൽ നോൺ വെജും വെജുമുണ്ട്. തുടക്കം വെജിറ്റേറിയന്‍ അച്ചാറുകളാണ് ഉണ്ടാക്കിയത്. നാരങ്ങാ, മാങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി,കണ്ണിമാങ്ങാ, കടുമാങ്ങ തുടങ്ങിയ അച്ചാറുകളാണ് ആദ്യം വിറ്റിരുന്നത്. പിന്നീട് ബീഫ്, മീൻ,ചിക്കൻ അച്ചാറുകളും നൈമിത്ര വിപണിയിലെത്തിച്ചു. 79 0 2 37 57 35 എന്ന നമ്പറിൽ എപ്പോൾ വേണമെങ്കിലും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്താൽ നൈമിത്രയുടെ ഉല്പന്നങ്ങൾ നിങ്ങളെ തേടിയെത്തും.
സംതൃപ്തിയാണ് പ്രധാനം
അച്ചാറുകളിൽ തുടങ്ങി മസാലകളിലേക്ക് ദീജയുടെ ബിസിനസ് വളർന്നു. സാമ്പാർ മസാല, ചിക്കൻ മസാല, ഫിഷ് മസാല, ഗരം മസാല, ചമ്മന്തി പ്പൊടി, അരിപ്പൊടി, വെളിച്ചെണ്ണ തുടങ്ങി ഒരു വീടിന്റെ അടുക്കളയിലേക്ക് വേണ്ടതെല്ലാം തയ്യാറാക്കി നൽകുന്നു. ഇതിനും പുറമേ സ്നാക്ക്സ് ഐറ്റങ്ങളായ മിക്സ്ചർ, ചിപ്സ് എന്നിവയും ഓണത്തിന് ഓണക്കിറ്റും പായസക്കിറ്റും ക്രിസ്മസിന് ക്രിസ്മസ് കിറ്റുമെല്ലാം തയ്യാറാക്കി നൽകുന്നുണ്ട്.
സ്വയം നിർമിച്ച് വിപണനം ചെയ്ത് ഉല്പന്നങ്ങൾ ആൾക്കാരിലേക്ക് എത്തുമ്പോൾ അവരത് സന്തോഷത്തോടെ സംതൃപ്തിയോടെ സ്വീകരിക്കുന്നു എന്നതിലാണ് ദീജയുടെ സംതൃപ്തി.
വലിയ സ്വപ്നങ്ങളുമായി ദീജ മുന്നോട്ട്
ഇനിയും ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ദീജയ്ക്കുണ്ട്. അതിന് നൈമിത്ര ഇനിയും വലിയ വിപണികൾ കണ്ടെത്തണം. അതിനുളള പ്രയാണത്തിലാണ് ദീജയും കൂട്ടുകാരും. വാടകവീടിന്റെ ചെറിയ അടുക്കളയിലെ പരിമിതമായ സൗകര്യങ്ങളിലെ നിർമാണത്തിൽ നിന്നും ഇപ്പോൾ നൈമിത്ര ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി ഫാക്ടറിയുടെ പണിയുമായി മുന്നോട്ട് പോകുകയാണെന്ന് ദീജ പറയുന്നു. ഇന്ത്യ മുഴുവൻ നൈമിത്ര അച്ചാറുകൾ വിപണനം ചെയ്യണമെന്ന വലിയ പ്രതീക്ഷയിലാണ് ദീജ.
നിലവിലെ ചെറിയ തോതിലുളള വിപണനത്തിൽ നിന്നും ഫാക്ടറി ഓപ്പണാവുന്നതോടെ നൈമിത്രയുടെ ഇ-കൊമേഴ്സ് സൈറ്റും റെഡിയാകും. ആമസോണിലും നൈമിത്ര ഉല്പന്നങ്ങൾ വൈകാതെ ലഭ്യമാക്കി തുടങ്ങും.
പറഞ്ഞ് പടർന്ന് വളർന്ന നൈമിത്ര
അഞ്ച് അച്ചാറുകളുമായി തുടങ്ങി ഓരോ മാസവും ഓരോ പ്രൊഡക്ട് വച്ച് കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് നൈമിത്ര ആറാം വർഷത്തിലേക്ക് കടക്കുന്നത്. ഇടിയിറച്ചികൾ, ഫ്രൂട്ട് പിക്കിൾ, ഡേറ്റ്സ് പിക്കിൾ തുടങ്ങി ഉത്പന്ന വൈവിധ്യവത്കരണത്തിൽ നൈമിത്ര ഏറെ മുന്നേറി.
അഞ്ചു വർഷത്തെ പ്രവർത്തനത്തിൽ ലാഭം എന്നതിലുപരിയായി നൈമിത്രയുടെ കലർപ്പില്ലാത്ത രുചിവൈവിധ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതിനായിരുന്നു മുൻഗണന കൊടുത്തതെന്ന് നൗഷാദ് പറയുന്നു. കോടിക്കണക്കിന് രൂപ മുടക്കി പരസ്യം ചെയ്യാതെ തന്നെ രുചിയറിഞ്ഞവരുടെ നാവിലൂടെ പറഞ്ഞ് പടർന്ന് വളർന്നതാണ് നൈമിത്ര എന്ന ബ്രാൻഡ്. വൻകിട സ്റ്റോറുകളിൽ നിന്നല്ല, നാട്ടിൻപുറത്തെ ചെറിയ കടകളിൽ നിന്നും കർഷകരിൽ നിന്നും നേരിട്ടുമാണ് നൈമിത്രക്ക് വേണ്ട വിഭവസമാഹരണം നടത്തുന്നത്. വലിയ ലാഭം നോക്കാതെ അങ്ങനെ ചെയ്യുന്നതിന് ദീജ പറയുന്ന കാരണം അവരുടെ ജീവിതമാർഗം കൂടി പച്ച പിടിക്കുമല്ലോ എന്നാണ്.
ടെൻഷൻ ഇല്ലാത്ത ഒരു ജോലിയും ഇല്ല. ഒരു സംരംഭകൻ ചിരിക്കുന്നതാണ് പുറമേ നിന്ന് നോക്കുന്നവർ കാണുന്നത്. എന്നാൽ പ്രതിസന്ധിയും പ്രശ്നങ്ങളും കടന്നായിരിക്കും അവർ ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ട്രഗിൾ ചെയ്യാൻ തയ്യാറുളളവർക്ക് മാത്രമേ ബിസിനസിൽ വിജയം കാണാനാവൂ എന്ന് സ്വന്തം അനുഭവത്തിൽ നിന്നും ദീജ പറഞ്ഞു വയ്ക്കുന്നു. വളരെ മികച്ച രീതിയിൽ ഇപ്പോൾ മുന്നോട്ട് പോകുന്ന നൈമിത്ര അച്ചാറുകളുടെ വിപണനത്തിന് പിന്നിൽ ദീജയുടെ ആ തളരാത്ത മനസ്സും നിശ്ചയദാർഢ്യവും ഒരു കൂട്ടം സുമനസുകളുടെ സൗഹൃദവുമാണ്.