യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങൾ സംരംഭങ്ങളാക്കാനുള്ള കൈത്താങ്ങായി നടപ്പാക്കുന്ന സീഡ് ഫണ്ട്, സ്കെയിൽ അപ്പ് പദ്ധതികൾ വഴി കഴിഞ്ഞ ഏഴു വർഷത്തിനിടെ അനുവദിച്ചത് 33.72 കോടി രൂപ.
സ്റ്റാർട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ടായി 28.29 കോടി രൂപയും വിപുലീകരണത്തിനുള്ള സ്കെയിൽ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ്
കെഎസ്ഐഡിസി നൽകിയത്. 134 സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 11 സ്റ്റാർട്ടപ്പുകൾക്ക് സ്കെയിൽ അപ്പ് പദ്ധതിയിലൂടെയും തുക അനുവദിച്ചിട്ടുണ്ട്.
എന്താണ് സീഡ് ഫണ്ട്?
നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും വൻ തോതിൽ വാണിജ്യവത്ക്കരിക്കാൻ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവയുടെ പ്രാരംഭ ഘട്ടത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഇ-കോമേഴ്സ്, എഞ്ചിനീയറിങ്, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആർ, ബയോടെക്നോളജി, ഡിഫൻസ് ടെക്നോളജി തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി ടെക്നിക്കൽ മേഖലകൾക്കാണ് സഹായം. പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ.
പരമാവധി 25 ലക്ഷം രൂപ വരെ നൽകും. ഈ വായ്പ ഒരു വർഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. റിസർവ് ബാങ്ക് സമയാസമയങ്ങളിൽ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.
സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് കെഎസ്ഐഡിസി ഇതുവരെ 5.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ 11 സ്റ്റാർട്ടപ്പുകൾക്കു തുക അനുവദിച്ചു.
എന്താണ് ‘സ്കെയിൽ അപ്പ്’ പദ്ധതി?
സ്റ്റേജ് വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ നൂതന ഉൽപ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭത്തിന്റെ വളർച്ച ഘട്ടത്തിൽ അവയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകുന്നതാണ് ‘സ്കെയിൽ അപ്പ്’പദ്ധതി. പ്രൊമോട്ടർമാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഐഡിസി ലോൺ നൽകുന്നത്.
കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. സംരംഭം രജിസ്റ്റേർഡ് കമ്പനിയായിരിക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ സീഡ് ഫണ്ട്, സ്കെയിൽ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങൾക്കു പിന്തുണ നൽകാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതൽ വിവരങ്ങൾ കെഎസ്ഐഡിസിയുടെ www.ksidc.org ൽ ലഭിക്കും.
The state government and KSIDC are giving a boost to the startups in the state.33.72 crore rupees have been sanctioned in the last seven years through seed fund and scale up projects implemented to help young entrepreneurs to turn their best business ideas into enterprises.