സംരംഭങ്ങൾക്കായി പ്രധാൻമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
- ഇതുവരെ 23.2 ലക്ഷം കോടി രൂപ അനുവദിച്ചു.
- പദ്ധതിയിലൂടെ ഇതിനകം 40.82 കോടിയിലധികം ഗുണഭോക്താക്കൾക്ക് സേവനം ലഭിച്ചു.
- പദ്ധതിയുടെ കീഴിൽ 68 % വായ്പകളും വനിതാ സംരംഭകർക്കാണ് നൽകിയിട്ടുള്ളത്.
- പട്ടിക ജാതി, പട്ടിക വർഗ മറ്റു പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്കുമായി 51%ത്തോളം വായ്പകൾ അനുവദിച്ചിട്ടുണ്ട്.
തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്നതിനും എം.എസ്.എം.ഇ മേഖലയുടെ വളർച്ച സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും ആഭ്യന്തര, അന്താരഷ്ട്ര വിപണികളിലേക്കുള്ള ഉത്പാദനം ഈ മേഖലയിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന സംരംഭകർക്ക് ലളിതമായി വായ്പ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിലൂടെ കൂടുതൽ നവീനമായ സംരംഭങ്ങൾ വളർന്നു വരുന്നതിനു കാരണമാകുമെന്ന് പദ്ധതിയുടെ എട്ടാം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മന്ത്രി ചൂണ്ടിക്കാട്ടി.
മുദ്ര യോജന
എട്ടു വർഷങ്ങൾക്ക് മുൻപ് 2015 ഏപ്രിൽ 8 ന് കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ധന സഹായം നൽകുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ് പ്രധാൻ മന്ത്രി മുദ്ര യോജന. ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണ് വായ്പകൾ നൽകുക. ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ (എൻ.ബി.എഫ്.സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എം.എഫ്.ഐ.കൾ), മറ്റ് സാമ്പത്തിക ഇടനിലക്കാർ എന്നിവരെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു.
മുദ്രയുടെ – ശിശു, കിഷോർ, തരുൺ
ചെറുകിട ബിസിനസുകൾ പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന മുദ്ര പദ്ധതിയെ മൂന്ന് വിഭാഗങ്ങളാക്കിയാണ് തിരിച്ചിട്ടുള്ളത്. 50000 രൂപ വരെ വായ്പ അനുവദിച്ചു നൽകുന്ന ശിശു പദ്ധതി, 50000 മുതൽ 5 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചു നൽകുന്ന കിഷോർ പദ്ധതി, 10 ലക്ഷം രൂപ വരെ നൽകുന്ന തരുൺ പദ്ധതി
എന്നിങ്ങനെയാണിത്.
ഇതുവരെ അനുവദിച്ച വായ്പകളിൽ 83 %വും ശിശു വിഭാഗത്തിൽ ഉൾപെട്ടവയാണ്. 15 % കിഷോർ പദ്ധതി വിഭാഗത്തിലും, ശേഷിക്കുന്ന 2 % തരുൺ പദ്ധതി വിഭാഗത്തിലുമാണ് നൽകിയിട്ടുള്ളത്.