എപ്പോൾ വേണമെങ്കിലും എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ടച്ച്‌ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കാൻ ഐഐടി-ബോംബെയും യുഐഡിഎഐയും കൈകോർക്കുന്നു. കരാർ പ്രകാരം, ലൈവ്നെസ് മോഡൽ ഉൾപ്പെടുന്ന മൊബൈൽ ഫിംഗർപ്രിന്റ് ക്യാപ്‌ചർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിൽ യുഐഡിഎഐയും ഐഐടി ബോംബെയും സഹകരിക്കും.
ടച്ച്‌ലെസ് ബയോമെട്രിക് ക്യാപ്‌ചർ ടെക്‌നോളജി, പ്രവർത്തനക്ഷമമായാൽ ഫേസ് ഓതന്റിക്കേഷന് സമാനമായി വീട്ടിൽ നിന്ന് fingerprint authentication ചെയ്യാനാകും.
അത്തരം ഒരു സിസ്റ്റം സിഗ്നൽ/ഇമേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്/ഡീപ് ലേണിംഗ് എന്നിവയുടെ ഒരു ഇന്റലിജന്റ് കോമ്പിനേഷൻ ഉപയോഗിക്കും. യൂണിവേഴ്സൽ ഓതന്റിക്കേറ്റർ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഇത്. ഒറ്റയടിക്ക് ഒന്നിലധികം വിരലടയാളങ്ങൾ ഇതിലൂടെ ശേഖരിക്കാനാകും. ഔദ്യോഗിക ഡാറ്റ അനുസരിച്ച്, UIDAI നിലവിൽ പ്രതിദിനം 70-80 ദശലക്ഷം ആധാർ ഓതന്റിക്കേഷനാണ് രേഖപ്പെടുത്തുന്നത്. പുതിടെ ടെക്നോളജി നിലവിൽ വന്നാൽ, ആധാർ ഇക്കോസിസ്റ്റത്തിൽ നിലവിലുള്ള സൗകര്യങ്ങളുടെ ഒരു കൂട്ടിച്ചേർക്കലായിരിക്കും ഇത്. ആധാർ നമ്പർ, ബയോമെട്രിക് അല്ലെങ്കിൽ ഡെമോഗ്രാഫിക് വിവരങ്ങൾ പോലുള്ള ആധാർ ഉടമയുടെ ഐഡന്റിറ്റി ഡാറ്റയ്‌ക്കൊപ്പം യുഐഡിഎഐക്ക് പൊരുത്തപ്പെടുത്തുന്നതിന് സമർപ്പിക്കുന്ന ഒരു പ്രക്രിയയാണ് പ്രാമാണീകരണം അഥവ authentication.
ഇതിനെത്തുടർന്ന്, ആധാർ ഉടമയുടെ വിവരങ്ങളുമായി നമ്പർ പൊരുത്തപ്പെടുന്നുണ്ടോയെന്ന് UIDAI പരിശോധിക്കുന്നു. ആധാറിനായി യുഐഡിഎഐ പുതിയ ഫീച്ചറുകളും സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നുണ്ട്. ഈ ഫെബ്രുവരിയിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ് ഓതന്റിക്കേഷനും കബളിപ്പിക്കൽ ശ്രമങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സുരക്ഷാ സംവിധാനം യുഐഡിഎഐ ആരംഭിച്ചിരുന്നു. 2022 ഡിസംബർ അവസാനത്തോടെ, ആധാർ ഓതന്റിക്കേഷന്റെ മൊത്തം എണ്ണം 88.29 ബില്യൺ കവിഞ്ഞു, പ്രതിദിനം ശരാശരി 70 ദശലക്ഷം ഇടപാടുകൾ നടന്നു. അവയിൽ ഭൂരിഭാഗവും വിരലടയാളം അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണങ്ങളാണ്.
യുഐഡിഎഐയും ഐഐടി ബോംബെയും തമ്മിലുള്ള സഹകരണം അതിന്റെ നാഷണൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ടെക്നോളജി ഫോർ ഇന്റേണൽ സെക്യൂരിറ്റി (NCETIS) വഴിയായിരിക്കും. ഐഐടി ബോംബെയുടെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെയും (MeitY)ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള സംയുക്ത സംരംഭമാണ് NCETIS. ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ, മാനുഫാക്ചറിംഗ് എന്നി വിശാലമായ മേഖലകളിൽ ആഭ്യന്തര സുരക്ഷാ സേനകൾക്കായി തദ്ദേശീയ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനാണ് NCETIS ലക്ഷ്യമിടുന്നത്.