രാവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന 43 വിദ്യാർഥികളുമായി സംവദിച്ചു. വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒൻപത് സ്കൂളുകളിലെ 600 ഓളം വിദ്യാർഥികൾക്കിടയിൽ ചിത്രരചന, കവിതാരചന ഉപന്യാസരചന മത്സരങ്ങൾ നടത്തിയിരുന്നു.
മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. തങ്ങൾ വരച്ച വന്ദേഭാരതിന്റെ ചിത്രവും മറ്റും കുട്ടികൾ പ്രധാനമന്ത്രിയെ കാണിച്ചു. വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് ഹിന്ദിയിലും മലയാളത്തിലും കവിതകളും, ചെറു ലേഖനങ്ങളും ചൊല്ലി കേൾപ്പിച്ചു. കുട്ടികളെ കെട്ടിപിടിച്ചു ഓമനിച്ച പ്രധാനമന്ത്രി അവരോടു കുശലാന്വേഷണവും നടത്തി
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം എങ്ങനെ എന്ന് ചോദിച്ച പ്രധാനമന്ത്രിയോട് വിമാനത്താവളം പോലെ എന്നായിരുന്നു വിദ്യാർത്ഥികളുടെ മറുപടി.
രണ്ടും മൂന്നും സ്ഥാനത്തെത്തിയ മറ്റ് 30 വിദ്യാർഥികൾ സി-2, സി-3 കമ്പാർട്ട്മെന്റുകളിൽ ഉണ്ടായിരുന്നു. ഇവരുടെ കൂടെ മാതാപിതാക്കളും അധ്യാപകരും സന്നിഹിതരായിരുന്നു