ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ നിക്ഷേപത്തിന് അവസരമൊരുക്കുന്നു എന്ന സൂചനയാണ് 2023 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഏപ്രിലും, പിന്നാലെ മെയ് മാസവും കാട്ടിത്തരുന്നത്.
പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി വളര്‍ച്ചാ നിരക്ക്, ജിഎസ്ടി ശേഖരണം, മാനുഫാക്ചറിംഗ് പിഎംഐ, വാഹന വില്‍പ്പന, ആകര്‍ഷകമായ ക്രെഡിറ്റ് വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ ശക്തവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയെയാണ് കുറിക്കുന്നത്. ഏറ്റവുമൊടുവിൽ US ആസ്ഥാനമായ ആഗോള നിക്ഷേപ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയും ഇന്ത്യയുടെ വളർച്ചക്കുതിപ്പിനെ പ്രശംസിച്ചിരിക്കുന്നു.
ഇന്ത്യയുടെ വളർച്ചാ കുതിപ്പ് വിലയിരുത്തി മോർഗൻ സ്റ്റാൻലി
മോർഗൻ സ്റ്റാൻലി പറയുന്നതെന്ത്?
വിദേശ നിക്ഷേപ സാധ്യതകള്‍ ഇന്ത്യ നിറവേറ്റിയിട്ടില്ല. എന്നാല്‍ ഇക്കാര്യം മറ്റ് സുപ്രധാന മാറ്റങ്ങളെ അസാധുവാക്കുന്നില്ലെന്ന നിരീക്ഷണമാണ് മോർഗൻ സ്റ്റാൻലി യിലെ വിശകല വിദഗ്ധർ വിലയിരുത്തുന്നത്.
ഗൂണപരമായ മാറ്റങ്ങളുമായി പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകക്രമത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തു എന്ന് ചൂണ്ടിക്കാട്ടുന്നു ആഗോള നിക്ഷേപ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ’ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജി ആന്‍ഡ് ഇക്കണോമിക്‌സ് ’ എന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ നിര്‍ണ്ണായക മാറ്റങ്ങള്‍ അക്കമിട്ടു നിരത്തുന്നു.
ഇന്ത്യക്ക് ഇവ ഗുണകരമായി ഭവിച്ചു
- വിതരണ ശൃംഖല പരിഷ്‌ക്കാരങ്ങള്‍.
- സമ്പദ് വ്യവസ്ഥയുടെ ചിട്ടപ്പെടുത്തല്‍.
- റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം.
- സാമ്പത്തിക ഡിജിറ്റിലൈസേഷൻ ഇടപാടുകൾ
- ഫ്‌ലെക്‌സിബിള്‍ പണപ്പെരുപ്പ ലക്ഷ്യം
- നേരിട്ടുള്ള വിദേശ നിക്ഷേപ ആകർഷണം
- കോര്‍പ്പറേറ്റ് ലാഭത്തിന് സര്‍ക്കാര്‍ പിന്തുണ
ഇന്ത്യയുടെ അടിസ്ഥാന കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനത്തില്‍ താഴെയാണെന്നും മാര്‍ച്ച് 24 ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ക്ക് ഇത് 15 ശതമാനമായി തുടരുകയാണെന്നും റിപ്പോർട്ട് പരാമര്‍ശിക്കുന്നു.
കൂടാതെ ദേശീയ പാതകള്‍, ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം, പുനരുപയോഗ ഊര്‍ജ്ജം, റെയില്‍വേ റൂട്ട് വൈദ്യുതികരണം എന്നിവയും ഇന്ത്യയുടെ നേട്ടങ്ങളും, വളർച്ചയിലേക്കുള്ള ചവിട്ടുപടികളായും റിപ്പോര്‍ട്ട് എടുത്തുകാട്ടി.
മുന്നേറുന്ന ഇന്ത്യൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥ
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്. 2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ കണക്കുകളാണിത്. 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 7.2 ശതമാനമായിരിക്കുമെന്ന് സർക്കാർ കണക്കാക്കുന്നു.
അതെ സമയം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 6.4 % മായി കുറഞ്ഞു. ഉയർന്ന നികുതി വരുമാനവും മറ്റ് വരുമാനങ്ങളും സബ്‌സിഡികളിലെ കുറവുമാണ് നേട്ടത്തിന് കാരണം.
2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച ഏകദേശം 6.5 ശതമാനം വരെയാകും. ഇതോടെ കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെടും. പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങുന്നതോടെ 2023 രണ്ടാം പാദം വലിയ സാധ്യതയാണ് തുറന്നു തരുന്നത്.
2022 സാമ്പത്തികവർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.2023 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ സമ്പദ് വ്യവസ്ഥ വാർഷിക അടിസ്ഥാനത്തിൽ യഥാക്രമം 13.2 ശതമാനം, 6.3 ശതമാനം, 4.4 ശതമാനം എന്നിങ്ങനെ മുന്നേറി. അവസാന പാദത്തിലെ 6.1 % എന്ന നേട്ടം പ്രതീക്ഷിച്ചതിലും കൂടുതലാണ്. 5.1 ശതമാനമാണ് ആർബിഐ പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വളർച്ചാ കുതിപ്പിന് നേതൃത്വം നൽകിയത് കാർഷിക- ഉൽപാദന മേഖലയാണ്. ഉല്പാദന മേഖലയിലെ മൊത്ത മൂല്യവർദ്ധന (GVA) 4.5 % വർദ്ധിച്ചു. കാർഷിക GVA 5.5 ശതമാനമായാണ് വളർന്നത്.