ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ EQB 350 അവതരിപ്പിച്ചു.
ഈ ഇലക്ട്രിക് എസ്‌യുവി 77.50 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡൽ EQB 350, 2022 ഡിസംബറിൽ പുറത്തിറക്കിയ മുൻ മോഡൽ EQB 300 4Matic-ന് പകരമാണ് വരുന്നത്.
അപ്‌ഡേറ്റ് ചെയ്‌ത EQB 350 അതിന്റെ മുൻഗാമിയോട് സാമ്യമുള്ളതാണെങ്കിലും, ചില ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകടന മെച്ചപ്പെടുത്തലുകളോടെയാണ് വരുന്നതെങ്കിലും, മുൻഗാമിയുടേതിന് സമാനമായ അതേ 66.5 kWh ബാറ്ററി പാക്കാണ് EQB 350ക്കുളളത്. 288 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്ക് ഔട്ട്പുട്ടുമാണ് പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നത്. മെച്ചപ്പെട്ട എയറോഡൈനാമിക് എഫിഷ്യൻസിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 18 ഇഞ്ച് ലൈറ്റ്-അലോയ് വീലുകളാണുളളത്.
ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, പുതിയ EQB 350 ഡിസൈൻ മികച്ച സൗന്ദര്യാത്മകത നിലനിർത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഡാഷ്‌ബോർഡിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ ഉൾക്കൊള്ളുന്ന വിശാലമായ സെന്റർ കൺസോൾ ഇതിന്റെ സവിശേഷതയാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കമ്പനിയുടെ കൈയൊപ്പായ MBUX സിസ്റ്റം ഉപയോഗിക്കുന്നു. റോസ് ഗോൾഡ് ആക്‌സന്റുകൾ, ടു-ടോൺ സീറ്റുകൾ, റിയർവ്യൂ ക്യാമറ, മോട്ടറൈസ്ഡ് ടെയിൽഗേറ്റ് തുടങ്ങിയ ആഡംബരങ്ങൾ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.
പുതിയ എസ്‌യുവിക്ക് ബ്ലാക്ക് പാനൽ ഗ്രില്ലും അഡാപ്റ്റീവ് ഹൈ-ബീം അസിസ്റ്റോടുകൂടിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഉണ്ട്. LED സ്ട്രിപ്പ്, റൂഫ് റെയിലുകൾ, ബാക്ക്‌ലിറ്റ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് 100 കിലോവാട്ട് DC ചാർജർ ഉപയോഗിച്ച് 32 മിനിറ്റിനുള്ളിൽ 10 മുതൽ 80 വരെ ബാറ്ററി ചാർജ്ജിൽ എത്താൻ കഴിയും. പവർ വർധിച്ചിട്ടും EQB യുടെ ഏകദേശ ഡ്രൈവിംഗ് റേഞ്ച് 423 കിലോമീറ്ററിൽ മാറ്റമില്ലാതെ തുടരുന്നു.