കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ നിന്ന് ടേബിൾവെയറുകളും ഗ്രോ ബാഗുകളും നിർമ്മിക്കുന്ന സംരംഭം
സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ പദ്ധതി ഇട്ടപ്പോൾ അത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബിസിനസ്സ് ആയിരിക്കണമെന്ന് ശരണ്യക്കും ദേവകുമാറിനും നിർബന്ധമുണ്ടായിരുന്നു .നിരവധി ഓപ്ഷനുകൾ പരിഗണിച്ച ശേഷമാണ് പ്രാദേശികമായി സുലഭമായ കമുകിൻ പളകളിലേക്ക് അവരെത്തിയത്.
കാസർഗോഡിന്റെ മണ്ണിൽ സമൃദ്ധമായി വളരുന്ന കമുക് മരങ്ങൾ, ഉൽപന്നങ്ങളുടെ ഉറവിടം എളുപ്പമാക്കുന്നു. കൂടാതെ, അവ പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക്കിനുള്ള നല്ലൊരു ജൈവബദലുമാണെന്ന് ദേവകുമാർ പറയുന്നു.
2018-ൽ ആരംഭിച്ച പാപ്ല ഇപ്പോൾ ടേബിൾവെയർ മുതൽ ഗ്രോ ബാഗുകൾ വരെയുള്ള ഉൽപ്പന്നങ്ങൾ കമുകിൻ പാളകളിൽ നിന്ന് നിർമ്മിക്കുന്നു. വീടിന് സമീപം ഒരു ചെറിയ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു തുടങ്ങിയ സംരംഭം പ്രതിമാസം 2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടുന്നു.
നിലവിൽ 2 ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്ന 25 ഡൈസ് സെറ്റപ്പ് ഉണ്ട്. അതിനാൽ ഫാക്ടറിയിൽ ആകെ 50 ഡൈ കപ്പാസിറ്റിയുണ്ട്. മഴക്കാലത്തേക്കുള്ള അസംസ്‌കൃത വസ്തുക്കൾ സംഭരിക്കാൻ ആവശ്യമായ സംഭരണ സ്ഥലവുമുണ്ട്.. ഓരോ ദിവസവും 10,000 ഉൽപ്പന്നങ്ങൾ വരെ ഇവിടെ നിർമിക്കാൻ കഴിയും. ഇത് പ്രദേശത്തുളള 18 ഓളം പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്ന് ദേവകുമാർ പറഞ്ഞു. കാസർഗോഡു നിന്നും ചിലപ്പോൾ കർണാടകയിൽ നിന്നുമാണ് പാളകൾ ശേഖരിക്കുന്നത്. അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തിയതിന് ശേഷം അവ വാങ്ങുകയും നിർമ്മാതാക്കൾക്ക് പ്രതിഫലം ഉറപ്പാക്കുകയും ചെയ്യുന്നു. വർഷത്തിൽ ആറ് മാസത്തേക്ക് മാത്രമേ അവ ശേഖരിക്കാനാകൂ. അതിനാൽ, ബാക്കിയുള്ള വർഷത്തേക്കുള്ള സ്റ്റോക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
പാപ്ലയുടെ ഉൽപ്പന്നങ്ങളിൽ കൂടുതലും പ്ലേറ്റുകൾ, പാത്രങ്ങൾ, തവികൾ തുടങ്ങിയ ടേബിൾവെയറുകളാണ്. 4 ഇഞ്ച് മുതൽ 10 ഇഞ്ച് വരെയുള്ള പ്ലേറ്റുകൾ, ആഴം കുറഞ്ഞതും ആഴത്തിലുള്ളതുമായ ബൗളുകൾ, സ്പൂണുകൾ എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും ഉള്ള ടേബിൾവെയറുകളുണ്ട്. ടേബിൾവെയർ കൂടാതെ, കൈകൊണ്ട് നിർമ്മിച്ച സോപ്പുകൾക്കുളള പാക്കേജിംഗ്, ബാഡ്ജുകൾ, തൊപ്പികൾ, ഗ്രോ ബാഗുകൾ, വിവാഹ ക്ഷണപത്രങ്ങൾ എന്നിവയും പാപ്ല നിർമ്മിക്കുന്നു. 1.50 മുതൽ 10 രൂപ വരെ വിലയുള്ള ടേബിൾവെയറുകളാണ് പാപ്ലയുടെ ഉല്പന്നങ്ങളിൽ ഏറ്റവും മികച്ച വിൽപ്പനയുള്ളത്. ഗ്രോ ബാഗുകൾ പോലുള്ള കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വില 40 രൂപയും തൊപ്പികൾക്ക് 100 രൂപയുമാണ്. വെബ്‌സൈറ്റ് വഴിയും ഫോണിലൂടെയുമാണ് കൂടുതൽ ഓർഡറുകളും എടുക്കുന്നത്. ഉൽപ്പന്നങ്ങൾ ചെറിയ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. കരകൗശല വസ്തുക്കളിലേക്കും തങ്ങളുടെ സംരംഭം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ഇരുവരും പറയുന്നു. ഉൽപ്പന്നങ്ങൾക്ക് വിശാലമായ അന്താരാഷ്ട്ര വിപണിയാണ് ശരണ്യയുടെയും ദേവകുമാറിന്റെയും ലക്ഷ്യം. ഓർഡർ സ്വീകരിക്കുന്നത് വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ 6235726264 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം