700 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കൾ ഡിജിറ്റൽ-ഒൺലി ഭാവിയിലേക്ക് വഴിമാറുകയും വളരുകയും ചെയ്യുന്നുണ്ടെങ്കിലും ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം, പ്രത്യേകിച്ച് പ്രായമായവർ, അതിന്റെ പരിധിയിൽ നിന്ന് പുറത്താണ്. 55 വയസും അതിൽ കൂടുതലുമുളള 62 ദശലക്ഷം വ്യക്തികൾ ഇപ്പോഴും ഇന്റർനെറ്റിന്റെ പരിധിക്ക് പുറത്താണുളളത്.
ഡിജിറ്റൽ വിടവ് നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ 2025 ഓടെ ഈ സാഹചര്യം മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭാരത്പെയുടെ മുൻ ഉദ്യോഗസ്ഥരായ നെഹുൽ മൽഹോത്ര, രജത് ജെയിൻ, ഗീതാൻഷു സിംഗ്ല എന്നിവർ ചേർന്ന് 2023-ൽ സ്ഥാപിച്ച GenWise എന്ന ആപ്പിന്റെ പ്രസക്തി. മുതിർന്ന പൗരന്മാരുടെ ജീവിതശൈലി രൂപാന്തരപ്പെടുത്തുന്നതിനും സാമ്പത്തിക മാനേജ്‌മെന്റ്, സാമൂഹിക ഇടപെടൽ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ അവരെ ഡിജിറ്റലി ശക്തരാക്കുന്നതിനുമാണ് ആപ്പ് ലക്ഷ്യമിടുന്നത്.
ജെൻവൈസ്, മറ്റു കുടുംബാംഗങ്ങളുടെ അഭാവത്തിൽ പോലും മുതിർന്നവർക്ക് ആശ്രയയോഗ്യമായ ഒരു കൂട്ടാളിയാണ്. കുടുംബാംഗങ്ങൾക്ക് അവരുടെ മാതാപിതാക്കളുമായോ മുതിർന്നവരുമായോ ബന്ധം നിലനിർത്താൻ ഇത് സഹായിക്കുന്നു. അതേസമയം മുതിർന്നവർക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാനും കസ്റ്റമൈസ്ഡ് സൊല്യൂഷൻസ് സ്വന്തമായി ആക്‌സസ് ചെയ്യാനും സ്വാതന്ത്ര്യം നൽകുന്നു. തുടക്കത്തിൽ, GenWise ഒരു എക്സ്ക്ലൂസീവ്, ഇൻവൈറ്റ് ഒൺലി കമ്മ്യൂണിറ്റിയായിരിക്കും. ആപ്പ് ട്രാക്ഷൻ നേടുന്നതിനനുസരിച്ച്, ടീം അധിക ഫീച്ചറുകൾ പുറത്തിറക്കുകയും കൂടുതൽ പേരിലേക്ക് അതിന്റെ വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യും.
മുതിർന്ന പൗരന്മാരെ ശാക്തീകരിക്കാനും അവരെ ഡിജിറ്റലായി സ്വതന്ത്രരാക്കാനുമുള്ള GenWise-ന്റെ ദൗത്യം സമയോചിതവും പ്രാധാന്യമർഹിക്കുന്നതുമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പ്ലാറ്റ്‌ഫോമിന് കഴിവുണ്ട്. മാട്രിക്‌സ് പാർട്‌ണേഴ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന സീഡ് ഫണ്ടിംഗ് റൗണ്ടിൽ ജെൻവൈസ് അടുത്തിടെ 3.5 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. സമഗ്രമായ ഡിജിറ്റൽ വിദ്യാഭ്യാസവും അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും നൽകിക്കൊണ്ട്, ഡിജിറ്റൽ യുഗത്തിൽ സംതൃപ്തവും സ്വതന്ത്രവുമായ ജീവിതം നയിക്കാൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കാനും ഡിജിറ്റൽ വിഭജനം പരിഹരിക്കാനും GenWise സജ്ജീകരിച്ചിരിക്കുന്നു.