അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുന്ന വിഴിഞ്ഞത്തെ കടൽത്തിരകളിൽ നിന്ന് ഇനി വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പദ്ധതി വരുന്നു. ഇത് യാഥാർഥ്യമായാൽ വിഴിഞ്ഞം തുറമുഖത്തിന് ഇനി ഈ പാരമ്പര്യേതര ഊർജ്ജം ശക്തി പകരും. ഒരിക്കൽ പരീക്ഷണം നടത്തി വിജയിച്ച തിരമാല വൈദ്യുത പദ്ധതി വീണ്ടും സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ.
തിരമാലയ്ക്കുമീതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഊർജ്ജസംഭരണിയും പദ്ധതിയുടെ രൂപരേഖയും ചെന്നൈ ഐ.ഐ.ടി.യിൽ നടന്നുവരികയാണ്. ഏറ്റവും ശക്തിയേറിയ തിരമാലകൾ അടിക്കുന്ന കടപ്പുറമാണ് വിഴിഞ്ഞത്തേത്. സംസ്ഥാനത്തെ മിക്ക തീരങ്ങളെയും സുനാമിത്തിരകൾ ആക്രമിച്ചപ്പോൾ അന്ന് വിഴിഞ്ഞത്തിന് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
വരുന്നത് ആധുനിക പദ്ധതി
തിരമാലയ്ക്കുമുകളിൽ പൊങ്ങിക്കിടക്കുന്ന ഉപകരണമാണ് പുതുതായി സ്ഥാപിക്കുന്നത്. തിരമാലകൾ ഉയർന്നുതാഴുന്നതനുസരിച്ചുണ്ടാകുന്ന മർദ്ദത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണുള്ളത്. ഉപകരണത്തിന് 25 മീറ്റർ നീളവും 18 മീറ്റർ വീതിയുമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യയാണെങ്കിലും വിഴിഞ്ഞത്തെ തിരമാലകളുടെ സാഹചര്യമനുസരിച്ച് മാറ്റം വരുത്തിയാകും പുതിയ രൂപകല്പന. പുതിയ തിരമാല വൈദ്യുത പദ്ധതിയിൽ ഒരു മെഗാവാട്ട് വൈദ്യുതി നിർമ്മാണശേഷിയുള്ളതാണ്.
വിഴിഞ്ഞം നേരത്തേ ഈ വഴിക്ക് തിരിഞ്ഞതാണ്
1991ൽ ഇന്ത്യയിലെ ആദ്യത്തെ തിരമാല വൈദ്യുത പദ്ധതി വിഴിഞ്ഞത്ത് സ്ഥാപിച്ചു. ഇത് വിജയകരമായിരുന്നെങ്കിലും പ്രൊജക്റ്റ് കാലാവധി കഴിഞ്ഞതിനാൽ 2010ൽ ഇത് പൊളിച്ചുമാറ്റി. അന്നും ചെന്നൈ ഐ.ഐ.ടിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. വിഴിഞ്ഞത്ത് ആദ്യം സ്ഥാപിച്ചത് ലോകത്തെ നാലാമത്തെ വിജയം കണ്ട പദ്ധതിയായിരുന്നു ഇത്. പൊളിച്ചുമാറ്റിയെങ്കിലും മൂവായിരം ടണ്ണിലധികം ഭാരം വരുന്ന കെയ്സോൺ എന്നറിയപ്പെടുന്ന കോൺക്രീറ്റ് നിർമിത ഊർജ സംഭരണി ഇപ്പോഴും വിഴിഞ്ഞത്ത് സ്മാരകമായി നിലകൊള്ളുന്നു.
20 വർഷത്തെ ആയുസുമാത്രമുണ്ടായിരുന്ന ഊർജ സംഭരണിയായിരുന്നു കെയ്സോൺ. ഇതിൽ 15 മെഗാവാട് വൈദുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. ആദ്യ പദ്ധതിയിൽ വൈദ്യുതി ഉപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനം ഇവിടെ സ്ഥാപിച്ചിരുന്നു. പദ്ധതി പൊളിച്ചുമാറ്റിയതോടെ ഇതും നിലച്ചു. കമ്പ്യൂട്ടർ നിയന്ത്രിത കൺട്രോൾ യൂണിറ്റ്, കെയ്സോണിനുമുകളിൽ സ്ഥാപിച്ചിരുന്ന ഡൂം, ഓസുലേറ്റിംഗ് വാട്ടർക്കോളം, കടൽവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഡീസലിനേഷൻ പ്ലാന്റ്, ഇമ്പൾസ് ടർബൻ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളാണ് ആദ്യ പരീക്ഷണപദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ പദ്ധതിയിൽ തിരയടിച്ച് ടർബൈൻ കറങ്ങുന്നതിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്.
വിഴിഞ്ഞം കോവളത്തിനൊപ്പം ലോക ടൂറിസം ഭൂപടത്തിൽ
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ കോവളത്തിനോട് തൊട്ടടുത്തുകിടക്കുന്ന സ്ഥലമായ വിഴിഞ്ഞവും ഇനി ടൂറിസം കേന്ദ്രത്തോടൊപ്പം ശ്രദ്ധേയമാകും. തുറമുഖം യാഥാർഥ്യമാകുന്നതിനു മുമ്പ് തന്നെ വിഴിഞ്ഞത്തെ പഴയ തുറമുഖത്തു ക്രൂ ചേഞ്ചിങിനായി കപ്പലുകൾ എത്തിയിരുന്നു. ചില വിദേശ ക്രൂയിസുകളും വിനോദ സഞ്ചാരികളുമായി ഇടക്ക് എത്തിയിരുന്നു. രാജ്യാന്തര തുറമുഖ പദ്ധതിയും തിരമാല വൈദ്യുത പദ്ധതിയും പൂർണമാകുന്നതോടെ ഇവിടേക്ക് കാഴ്ചകൾ കാണാൻ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ തിരക്കുണ്ടാകുമെന്നാണ് ടൂറിസം അധികൃതർ കരുതുന്നത്. ഇപ്പോൾത്തന്നെ കോവളത്തെത്തുന്ന വിനോദ സഞ്ചാരികൾ തൊട്ടടുത്തുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു കാഴ്ചകൾ കാണാൻ എത്തുന്നുണ്ട്. ഈയൊരു സാഹചര്യം പൂർണമായും മുതലാക്കാനുള്ള ശ്രമങ്ങളിലാണ് കേരളവും, വിഴിഞ്ഞവും