“കേരളത്തെയും രാജ്യത്തെയും നടുക്കിയ ഹൈടെക്ക് ATM തട്ടിപ്പ് തലസ്ഥാനമായ തിരുവനന്തപുരത്തു അരങ്ങേറിയത് 2016 ഓഗസ്റ്റിലാണ്. ദിവസങ്ങൾക്കകം തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയ റുമേനിയൻ പൗരന്മാരെ വലയിലാക്കാനും കേരളാ പൊലീസിന് കഴിഞ്ഞു. തട്ടിപ്പിന്റെ ഹൈടെക്ക് രീതികളും, പ്രതിയെ തേടി അന്വേഷണ സംഘത്തെ നിക്കരാഗ്വേ വരെ കൊണ്ടെത്തിച്ച കേസ് അന്വേഷണത്തിന്റെ നാൾ വഴികളും ഇവിടെ അനാവരണം ചെയ്യുകയാണ്.
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ലേഖന സമാഹാരത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ, നിലവിലെ കോഴിക്കോട് DCP KE ബൈജു IPS ആ സംഭവബഹുലമായ അന്വേഷണം വിശദമാക്കുന്നു.
തിരുവനന്തപുരത്തെ ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു
2016 ഓഗസ്റ്റ് 8.
രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിലെ വിവിധ ബാങ്കുകളിലെ മാനേജർമാർക്ക് ഈമെയിൽ വഴിയും ടെലിഫോണിൽ കൂടിയും നേരിട്ടും കസ്റ്റമർമാരുടെ പരാതികൾ വരാൻ തുടങ്ങി. എല്ലാ പരാതികളിലും ഒരേ കാര്യമാണ് പറഞ്ഞിരുന്നത്. ATM-Card കൾ തങ്ങളുടെ കൈവശം ഇരിക്കുമ്പോൾ തന്നെ മുംബൈയിലെ ATM കളിൽ നിന്നും വേറേ ആരോ അനധികൃതമായി പണം പിൻവലിച്ചു കൊണ്ടിരിക്കുന്നുവെന്നായിരുന്നു പരാതികളെല്ലാം.
മാധ്യമങ്ങളിൽ ഈ വാർത്തകൾ വരികയും എല്ലാ ബാങ്കുകളുടെയും ഇടപാടുകാരിലും ഒരു പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. കൂടുതൽ പരാതികൾ വന്ന തിരുവനന്തപുരം ആൽത്തറ SBI ബ്രാഞ്ച് മാനേജർ തനിക്ക് ലഭിച്ച 14 പരാതികളിലെ കാര്യങ്ങൾ മ്യുസിയം പോലീസിന് പരാതിയായി കൈമാറുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
ഈ സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കന്റോൺമെന്റ് അസി.കമ്മിഷണർ അന്വേഷണ ചുമതല ഏറ്റെടുത്തു. തുടർന്ന് 14 പരാതികളും വിശദമായി പരിശോധിച്ചതിൽ ഇവരെല്ലാം തന്നെ ചില പ്രത്യേക ദിവസങ്ങളിൽ SBI ആൽത്തറ ബ്രാഞ്ചിന്റെ ATM ഉപയോഗിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഫോറൻസിക് ലാബിലെയും , സൈബർസെല്ലിലെ ഉദ്യോഗസ്ഥരെയും ബാങ്കിന്റെ ടെക്നിക്കൽ വിദഗ്ദരെയും കൊണ്ടു ആൽത്തറ SBI ATM ൽ പരിശോധന നടത്തിയ സമയം Smoke detector ന്റെ ആകൃതിയിൽ സ്ഥാപിച്ചിരുന്ന ഒരു Hidden കാമറ കണ്ടെത്തി. ഉപഭോക്താക്കൾ പണം പിൻവലിക്കുന്ന സമയം ATM ൽ Pin Enter ചെയ്യുന്നത് പകർത്തുന്നതിന് വേണ്ടിയായിരുന്നു ഈ hidden കാമറ സ്ഥാപിച്ചത്.
ATM Machine ലെ card slot ൽ ഒരു spy device (Skimmer) ഘടിപ്പിച്ച് കാർഡിന്റെ data മോഷണം ചെയ്ത് clone Atm കാർഡുകൾ നിർമ്മിച്ച് പണം തട്ടിയ കേസുകൾ ഇതിനു മുമ്പ് ഇന്ത്യയിലെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Skimming എന്നാണ് അത്തരത്തിലെ തട്ടിപ്പിനെ വിളിക്കുന്നത്.
എന്നാൽ ATMലെ പരിശോധനയിൽ Skimmer പോലുള്ള ഉപകരണങ്ങൾ പ്രസ്തുത ATMൽ ഘടിപ്പിച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞില്ല. എന്നാൽ ATMനെ ബാങ്ക് സെർവറിനെ ബന്ധിപ്പിക്കുന്ന നെറ്റ്-വർക്ക് കേബിളിൽ ഒരു Wifi-Router ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഉപഭോക്താക്കൾ ആ ATM വഴി നടത്തിയ ഇടപാടുകളുടെ Dataയും ATM കാർഡിനുള്ളിലെ വിവരങ്ങളും ശേഖരിക്കുന്നതിനായിരുന്നു ഈ Device ഘടിപ്പിച്ചിരുന്നത്.
ഇങ്ങനെ wifi Router വഴി Hack ചെയ്തെടുത്ത ഡാറ്റ പ്രതികളുടെ ലാപ്ടോപ്പിലേക്ക് wireless വഴി ശേഖരിച്ച് മുംബൈയിൽ കാത്തു നിന്ന മറ്റു പ്രതികൾക്ക് അയച്ചു കൊടുക്കുകയും അവർ അത് Decode ചെയ്ത് മാഗ്നറ്റിക് സ്ട്രിപ്പ് കാർഡിലേക്ക് Write ചെയ്തെടുത്ത്, Hidden കാമറയിലെ വിഡിയോയിൽ പതിഞ്ഞ പിൻ നമ്പരും ഉപയോഗിച്ച് മുംബൈയിലെ വിവിധ ATM കളിൽ നിന്നായി പണം പിൻവലിച്ചു കൊണ്ടിരിക്കുകയായിരുന്നു
വളരെ വേഗത്തിൽ ഇത് തിരിച്ചറിഞ്ഞത് കൊണ്ട് ആ നെറ്റ്-വർക്ക് വഴി Transaction നടത്തിയിട്ടുള്ള മുഴുവൻ കാർഡുകളും ബ്ലോക്ക് ചെയ്ത് കൂടുതൽ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ Report ചെയ്യപ്പെട്ടിട്ടുള്ള മറ്റു കേസുകളിൽ നിന്നും വിഭിന്നമായി skimmerനു പകരം ബാങ്കിന്റെ നെറ്റവർക്ക് കേബിളിൽ നിന്നും Data capture ചെയ്യുന്നതിനായി പ്രത്യേക Software Install ചെയ്തിട്ടുള്ള wifi Router ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ സംഭവം ആയിരുന്നു ഇത്. ഏതു തരത്തിലുള്ള കുറ്റകൃത്യമാണ് നടന്നതെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ കുറ്റവാളികളെ തിരിച്ചറിയാനും അവരെ പിടിക്കാനുമുള്ള നടപടികൾ ആരംഭിച്ചു. CCTV ദൃശ്യങ്ങളുടെ വിശദമായ പരിശോധനയിൽ വിദേശികളെന്നു തോന്നിക്കുന്ന മുന്നു പേർ വിവിധ സമയങ്ങളിൽ ATMൽ വരികയും Device കൾ സ്ഥാപിച്ചതായും കണ്ടെത്തി.
വിദേശികളെ സ്പോട്ട് ചെയ്യുന്നു
പ്രതികളുടെ ദൃശ്യങ്ങൾ വാർത്ത മാധ്യമങ്ങളിൽക്കൂടി പുറത്ത് വിടുകയും തുടർന്ന് ഈ വാർത്ത കണ്ട ചില ഹോട്ടലധികൃതർ ഈ വിദേശികളെ തിരിച്ചറിയുകയും പോലിസിനെ അറിയിക്കുകയും ചെയ്തു. ഇവരുടെ യാത്ര രേഖകൾ പരിശോധിച്ചതിൽ റൊമാനിയൻ പൗരൻമാരായ നാലു പേരാണെന്ന് വെളിവായി. തുടർന്നുള്ള അന്വേഷണത്തിൽ ഈ കുറ്റകൃത്യത്തിൽ 2 റൊമാനിയൻ പൗരൻമാർ കൂടി പങ്കാളികളാണെന്നും അതിലെ ഒരു പ്രതി മുംബൈയിൽ ഉണ്ടെന്ന് മനസ്സിലാകുകയും ചെയ്തു. ഉടൻ തന്നെ മുംബൈയിൽ എത്തിയ അന്വേഷണ സംഘം ഒന്നാം പ്രതിയായ ILEI GABRIEL MARIANനെ അറസ്റ്റു ചെയ്തു തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയിൽ നിന്നും പിടിച്ചെടുത്ത Laptop ഉം Mobile Phone ഉം ATM കൗണ്ടറിൽ പ്രതികൾ സ്ഥാപിച്ച ഡിവൈസുകളും ന്യൂഡൽഹിയിലെ CERT-INന്റെ Forensic Lab ൽ അയച്ച് പരിശോധിപ്പിച്ച് Report ശേഖരിച്ചു.
CERT-INലെ പരിശോധനയിൽ Laptopൽ നിന്നും ആൽത്തറ ATMൽ നിന്നും Hack ചെയ്തെടുത്ത വിവരങ്ങൾ ഉൾപെടെ നിർണ്ണായക വിവരങ്ങൾ ലഭിച്ചു. തിരുവനന്തപുരം ആൽത്തറ SBI ATMലെയും, പ്രതികൾ പണം പിൻവലിച്ച മുംബൈയിലെ വിവിധ ATMകളിലെയും പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്നതിനായി ആ ATMകളിലെ CCTV ദൃശ്യങ്ങളും, Machine Captured Imageകളും IEA 65-B സർട്ടിഫിക്കറ്റുകൾ സഹിതവും, Transaction തെളിയിക്കുന്നതിനായി ATM Machineന്റെ Electronic Journal [EJ ] BBEA Act പ്രകാരമുള്ള Certificate സഹിതം ശേഖരിക്കുകയും ചെയ്തു.
ഇന്റർപോളിന്റെ നോട്ടീസ്, നിക്വരാഗ്വയിൽ അറസ്റ്റ്!
ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ട മറ്റു 5 പ്രതികൾക്കെതിരെ ഇന്റർപോളിനെകൊണ്ട് Red Notice പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടിക്രമം ആരംഭിച്ചു.
തുടർന്ന് Interpol Red Notice പുറപ്പെടുവിക്കുകയും ആറാം പ്രതിയായ Ionut Alaxandru Marinou നിക്കരാഗ്വയിൽ എത്തിയെന്ന് തിരിച്ചറിയുകയും Interpolന്റെ നിർദ്ദേശമനുസരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് Extradition Request വിദേശകാര്യ മന്ത്രാലയം വഴി നിക്കരാഗ്വ ഗവൺമെന്റിന് കൈമാറുകയും നിക്കരാഗ്വൻ കോടതി പ്രതിയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിടുകയും ചെയ്തു . തുടർന്ന് നിക്കാരഗ്വ ഗവൺമെന്റും ഈ ഉത്തരവ് അംഗികരിക്കുകയും കേരളത്തിൽ നിന്നും ഒരു Extradition സംഘത്തെ അയക്കാൻ അനുവദിക്കുകയും ചെയ്തു.
പ്രത്യേക സംഘം വിദേശത്തേക്ക്
വിജിലൻസ് SP, കൺട്രോൾ റൂം ACP, SCPO എന്നിവരെ ഉൾപ്പെടുത്തി ഒരു Extradition Team നെ രൂപികരിക്കുകയും ഈ ടീമിന് കേന്ദ്ര ഗവൺമെന്റിൽ നിന്നും നിക്കരാഗ്വയിൽ പോകുന്നതിന് Political Clearance ലഭിക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ പോകുന്നതിനായുള്ള Official Passportഉം അനുവദിച്ചു. ഇന്ത്യൻ official Passport ഉള്ളവർക്ക് നിക്കരാഗ്വയിൽ പ്രവേശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. എന്നാൽ ഇന്ത്യയിൽ നിന്നും നിക്കരാഗ്വയിലേക്ക് നേരിട്ട് വിമാന സർവ്വിസ് ഇല്ലാത്തതിനാൽ അമേരിക്ക വഴി മാത്രമേ നിക്കരാഗ്വയിൽ പോകാൻ കഴിയുമായിരുന്നുള്ളു. US വഴി യാത്ര ചെയ്യുന്നതിനായി വിസ ആവശ്യമുള്ളതിനാൽ ഡൽഹിയിലെ അമേരിക്കൻ എംബസ്സിയിൽ പോകേണ്ടി വന്നു. MEA യിലെയും MHA യിലെയും ഉദ്യോഗസ്ഥർ ഇതിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
16-02-2017ന് ഡൽഹിയിൽ നിന്നും ദോഹ ( ഖത്തർ ) വഴി Miami (അമേരിക്ക) വഴിയായിരുന്നു നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലേക്ക് പോയത്. നിക്കരാഗ്വയിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഇല്ലാത്തതിനാൽ നിക്കരാഗ്വൻ ഗവൺമെന്റ്മായും പോലിസ് ഉൾപ്പെടെയുള്ള അധികൃതരുമായും കേരള പോലീസ് സംഘത്തിന് നേരിട്ടു സംസാരിക്കേണ്ടിവന്നു. പനാമ രാജ്യത്തെ ഇന്ത്യൻ എംബസിക്കായിരുന്നു നിക്കരാഗ്വയുടെ ചുമതല. സ്പാനിഷ് ഭാഷയാണ് നികാരഗ്വയിൽ. English അവർ സാധാരണയായി ഉപയോഗിക്കാറില്ല. ആയതിനാൽ ഒരു English – Spanish ട്രാൻസിലേറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തി.
ഈ സമയം Extradite ചെയേണ്ട പ്രതിയായ Alaxandru Marinouന്റെ പാസ്പോർട്ടിന്റെ കാലവധി കഴിഞ്ഞിരുന്നു. Romanian Embassyയും നിക്കരാഗ്വയിൽ ഇല്ലായിരുന്നു. സമീപ രാജ്യമായിരുന്ന മെക്സിക്കോയിലെ Romanian Embassyക്ക് ആയിരുന്നു നിക്കരാഗ്വയുടെ ചുമതല. ജയിലിൽ പോയി പ്രതിയുടെ ഫോട്ടോയും ഒപ്പും ശേഖരിച്ച് Mexicoയിലെ ഇന്ത്യൻ എംബസി വഴി Romania എംബസിയിൽ എത്തിച്ച് Passport സംഘടിപ്പിക്കുകയും തൂടർന്ന് മറ്റ് നടപടികളും പൂർത്തിയാക്കി.
അസാധാരണ വെല്ലുവിളികൾ
അമേരിക്ക വഴി ഒരു ക്രിമിനൽ കേസ് പ്രതിയെ കൊണ്ടു പോകണമെങ്കിൽ 72 മണിക്കൂർ മുൻപ്പ് തന്നെ Permission എടുത്തിരിക്കണം. നിക്കരാഗ്വയിലെ അമേരിക്കൻ എംബസിയിൽ പോയി ഇതുമായി ബന്ധപ്പെട്ട് permission ശരിയാക്കി സംഘം പ്രതിയെയും കൊണ്ട് Airportലേക്ക് പോകാൻ തയ്യാറായി. എന്നാൽ യാത്രയുടെ 12 മണിക്കൂർ മുമ്പ് നിക്കരാഗ്വയിൽ നിന്നും അമേരിക്കയിലേക്ക് പോകേണ്ട അമേരിക്കൻ എയർലൈൻസ് ഫ്ളെറ്റിന്റെ ഒരു അറിയിപ്പ് ഞങ്ങൾക്ക് ലഭിച്ചു. സുരക്ഷ പ്രശ്നം കാരണം കുറ്റവാളിയെയും കൊണ്ട് ഫ്ളൈറ്റ് പറത്താൻ പൈലറ്റ് തയ്യാറാകുന്നില്ല. Extradition Teamന്റെ കൈവശം Gun ഉണ്ടെങ്കിൽ യാത്ര അനുവദിക്കാമെന്നും അല്ലായെങ്കിൽ മറ്റൊരു ഫ്ളെറ്റിൽ കൊണ്ടു പോകാൻ അവർ ആവശ്യപ്പെട്ടു. സാധാരണ ഗതിയിൽ വിമാന യാത്രയിൽ fire Arms കൈവശം വയ്ക്കാൻ ഒരു Airline ഉം ബന്ധപ്പെട്ട അധികൃതരോ അനുവദിക്കാറില്ല. ആയതിനാൽ കേരള സംഘം തോക്ക് കൊണ്ട് പോയിരുന്നതുമില്ല.
ഈ സമയം നികാരഗ്വയിൽ വെച്ച് പരിചയപ്പെട്ട മുൻ ഇന്ത്യൻ Consular ആയ Mr. Alejandro Lacayo മിയാമി വരെ അദേഹത്തിന്റെ തോക്കും കൊണ്ട് യാത്ര ചെയ്യാൻ തയ്യാറായി. എന്നാൽ ആ സമയം വിമാനത്തിലേക്കുള്ള ബുക്കിങ് ഫുൾ ആയതിനാൽ ടിക്കറ്റ് ചെയ്യാനും സാധിച്ചില്ല.
ഫ്ലൈറ്റ് മാറി ടിക്കറ്റ് ബുക്ക് ചെയ്താൽ അമേരിക്കൻ അധികൃതരിൽ നിന്നും വീണ്ടും permission വാങ്ങേണ്ടി വരും, തുടർന്ന് 72 മണിക്കൂർ കഴിഞ്ഞേ യാത്ര ചെയ്യാനും കഴിയൂ. കൂടാതെ ആ ഫ്ളെറ്റിലേ പൈലറ്റും അവസാന നിമിഷം വിസമ്മതിച്ചാൽ യാത്ര മുടങ്ങും. നിക്കരാഗ്വയിലെ അമേരിക്കൻ Embassy ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ സംസാരിക്കുകയും അവർ അടിയന്തിരമായി വിഷയത്തിലിടപ്പെടുകയും തുടർന്ന് ആ അമേരിക്കൻ എയർലൈൻസിൽ തന്നെ യാത്ര ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
മാർച്ച് ഒന്നാം തീയതി വെളുപ്പിന് പ്രതിയേയും കൂട്ടി നിക്കരാഗ്വൻ സായുധ പോലീസിന്റെ അകമ്പടിയോടെയായിരുന്നു എയർപോർട്ടിലേക്കുള്ള യാത്ര. എയർപോർട്ടിലെത്തി ഔദ്യോഗികമായി പ്രതിയേയും പ്രതിയുടെ കൈവശത്തിലുണ്ടായിരുന്ന സാധനങ്ങളും ഏറ്റു വാങ്ങി. ഈ സമയം പ്രതിയുടെ പക്കൽ Laptopഉം Mobile Phoneഉം നികാരഗ്വൻ കറൻസിയും ഉണ്ടായിരുന്നു.
അമേരിക്കൻ പൈലറ്റിന്റെ ഉടക്ക്!
എയർപോർട്ടിലെ മറ്റു സുരക്ഷ പരിശോധനകളും കഴിഞ്ഞ് വിമാനത്തിനായ് കാത്തുനിൽക്കുന്ന സമയം അമേരിക്കൻ എയർലൈൻസിന്റെ പൈലറ്റ് അടുത്തേക്ക് വരികയും വിമാനത്തിനുള്ളിൽ പ്രതി എന്തെങ്കിലും unusual movement നടത്തിയാൽ താൻ അപ്പോൾ തന്നെ അടുത്ത എയർപോർട്ടിൽ ഇറക്കുമെന്നും യാത്ര തുടരാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് തന്നു. അത്തരത്തിലുള്ള സംഭവം ഒന്നും ഉണ്ടാകില്ലെന്നും തങ്ങൾ നോക്കി കൊള്ളാമെന്നും സംഘം പൈലറ്റിന് ഉറപ്പ് കൊടുത്തു.
വിമാനത്തിൽ മറ്റു യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ പ്രതിയേയും കൊണ്ട് കേരള പോലീസ് സംഘത്തെ വിമാനത്തിനുള്ളിൽ കയറ്റി. കൂടാതെ വിമാനത്തിന്റെ ഏറ്റവും പിറകിലുള്ള സിറ്റുകളാണ് പ്രതിക്കും അറേഞ്ച് ചെയ്തിരുന്നത്. യാത്രയിൽ പ്രത്യേകിച്ച് സംഭവം ഒന്നും തന്നെ ഉണ്ടാകാതെ സുരക്ഷിതമായി അമേരിക്കയിലെ മിയാമി എയർപോർട്ടിൽ ലാന്റ് ചെയ്തു.
അമേരിക്കൻ പോലീസിന്റെ പ്രൊഫഷണലിസം!
മിയാമി എയർ പോർട്ടിൽ വിമാനം ലാന്റ് ചെയ്ത സമയം സാധാരണ പോലേ യാത്രക്കാരെല്ലാം തങ്ങളുടെ ഹാൻഡ് ബാഗ്കളും മറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തയ്യറായി. എന്നാൽ ഈ സമയം വിമാനത്തിനുള്ളിലെ അനൗൺസ്മെന്റിൽ സിസ്റ്റത്തിൽക്കുടി ” അമേരിക്കൻ ഗവൺമെന്റിന്റെ ചില അതിഥികൾ ഈ വിമാനത്തിലുണ്ടെന്നും തുടർന്ന് കേരള പോലീസ് ടീം അംഗങ്ങളുടെ പേരുകൾ അനൗൺസ് ചെയുകയും മറ്റുള്ളവരോട് സീറ്റിൽ ഇരിക്കാനും ആവശ്യപ്പെട്ടു”. തുടർന്ന് അന്വേഷണ സംഘം പ്രതിയുമായി ആദ്യം ഇറങ്ങാനും നിർദേശിച്ചു. വിമാനത്തിന് പുറത്ത് അമേരിക്കൻ പോലിസിന്റെ ഒരു ചെറു സംഘം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവർ ഹൃദ്യമായി സ്വാഗതം ചെയ്ത് എയർപോർട്ടിനുള്ളിലൂള്ള അവരുടെ ഓഫിസിലേക്ക് കൂട്ടി കൊണ്ട് പോയി. പ്രതി അലക്സാണ്ട്രുവിന്റെ ബയോമെട്രിക്കൽ വിവരങ്ങൾ ശേഖരിക്കുകയും അമേരിക്കയിൽ നിന്നും പുറപ്പെടുന്നതുവരെ അവരുടെ Lockup-ൽ സൂക്ഷിക്കാമെന്നും അവർ പറഞ്ഞു.
മിയാമിയിൽ നിന്നും ദോഹയിലേക്ക് ഖത്തർ എയർവേയ്സ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. അമേരിക്കൻ പോലിസ് തന്നെ പ്രതിയെ ഫ്ലൈറ്റിന്റെ വാതിൽക്കൽ വരെ കൊണ്ടെത്തിച്ചു. അവിടെ കേരള പോലീസിലെ ഒരു ഉദ്യേഗസ്ഥൻ ശ്രദ്ധിച്ച കാര്യം പ്രതിയുടെ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്ന കാര്യത്തിലും പ്രതിയുടെ ദേഹ പരിശോധ നടത്തിയ അവസരങ്ങളിലും വളരെ പ്രൊഫഷണൽ ആയിട്ടായിരുന്നു അമേരിക്കയിലെ പോലീസിന്റെയും മറ്റ് അധികൃതരുടെയും പെരുമാറ്റം. പ്രതിയെ അവരുടെ സെല്ലിലേക്ക് കയറ്റിയ സമയത്തും തിരികെ സെല്ലിൽ നിന്നും ഇറക്കിയ സമയത്തും കൂടാതെ ഫ്ലൈറ്റിലേക്ക് കയറുന്നതിന് തൊട്ടു മുൻപ്പും പോലീസുദ്യേഗസ്ഥർ വിശദമായ ദേഹ പരിശോധന നടത്തി. പ്രതിയുടെ socks ഊരി ഉള്ളം കാൽ വരെ വിശദമായി പരിശോധിച്ചു. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടു വിഴ്ചക്കും അവർ തയ്യാറല്ല എന്നത് കാണിക്കുന്നതായിരുന്നു തുടർച്ചയായുള്ള പ്രതിയുടെ ദേഹ പരിശോധനകൾ. അതേ സമയം നമ്മൾ പോലീസുദ്യോഗസ്ഥരോടു വളരെ Polite ഉം Professional ആയിട്ടുമായിരുന്നു അവർ പെരുമാറിയത്.
വിദേശപ്രതികളുമായി നാട്ടിലെ മണ്ണിൽ!
ഖത്തറിലെ ദോഹ വഴി തിരുവനന്തപുരത്തെത്തുമ്പോൾ പുലർച്ചെ 2.40! തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ എയർ പോർട്ടിലെ സുരക്ഷ ഉദ്യോഗസ്ഥർ സംഘത്തിനടുത്തേക്ക് വരികയും പ്രതിക്കെതിരെ Lookout Noticeഉം Red Noticeഉം നിലവിലുണ്ടെന്നും ആയതിനാൽ അവർക്ക് പ്രതിയെ കൈമാറണമെന്നും അവർ അറസ്റ്റ് ചെയ്തതായി കാണിച്ചു തിരികെ നൽകാമെന്നും പറഞ്ഞു.പ്രതിയെ ഞങ്ങൾ Arrest Record ചെയ്തു കൊണ്ടു വരികയാണ് എന്നും എങ്ങനെ നിങ്ങൾക്ക് കൈമാറുമെന്നും പോലീസ് സംഘം ചോദിച്ചു.
തുടർന്ന് അവർ മുതിർന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അവസാനം 2 മണിക്കൂർ അവിടെ തങ്ങി പ്രതിയേയും കൊണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ Extradition process വഴി കേരളത്തിൽ കൊണ്ടുവന്ന ആദ്യത്തെ കേസാണിത്. സംസ്ഥാന ഗവൺമെന്റ് ഈ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണക്കായി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറിനെ അനുവദിച്ചു. ഈ കേസിപ്പോൾ വിചാരണയുടെ അവസാന ഘട്ടത്തിലാണ്.
സൈബർ സംബന്ധമായ കേസുകളിൽ മികച്ച Detectionനും Investigationഉം നടത്തി താമസംവിന മികച്ച കുറ്റപത്രം സമർപ്പിക്കുന്നതിന് NASSCOMഉം Data Security Council of Indiaയും നൽകുന്ന Cyber Cop അവാർഡും, കേരള പോലിസിലെ മികച്ച കുറ്റാന്വേഷകർക്ക് നൽകുന്ന ബാഡ്ജ് ഓഫ് ഹോണറും 2016ൽ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.