ഇന്ത്യ തദ്ദേശീയമായി നിർമിച്ച ജിയോ ബുക്ക്- JioBook – കുറഞ്ഞ വിലയിൽ @16,499/- , ഓഗസ്റ്റ് അഞ്ചിന് വിപണിയിൽ അവതരിക്കുകയാണ്. യാദൃച്ഛികമാകാം, അല്ലായിരിക്കാം. പക്ഷെ അതേ സമയത്തു തന്നെ ഇന്ത്യ വിദേശത്തു നിന്നുള്ള ലാപ്ടോപ്പുകളടക്കം കമ്പ്യൂട്ടർ ഉത്പന്നങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നു.
ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചു വിജ്ഞാപനമിറക്കി ഇന്ത്യ. ഇനി ഇത്തരം ഉത്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം ഉത്പന്നങ്ങളുടെ പ്രാദേശിക ഉൽപാദനം ഉത്തേജിപ്പിക്കുകയാണ് ലക്‌ഷ്യം. എന്നാൽ ഇത്തരം ഉൽപന്നങ്ങൾ യാത്രക്കാർ തങ്ങളുടെ ബാഗേജിലാക്കി വ്യക്തിഗതമായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനു നിയന്ത്രണമുണ്ടാകില്ല.
“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, എച്ച്എസ്എൻ 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുന്നു. സാധുവായ ലൈസൻസിന് വിധേയമായി ഇനി ഇറക്കുമതി അനുവദിക്കും,”സർക്കാർ വിജ്ഞാപനം വ്യക്തമാക്കുന്നു. .
ഇന്ത്യൻ കമ്പ്യൂട്ടർ ഡീലർമാർക്കും ലാപ്ടോപ്പ് വിപണിക്കും ഒരൊറ്റ ഭയമേ ഉള്ളൂ ഈ തീരുമാനത്തിൽ. പ്രാദേശിക ഉൽപന്നങ്ങൾ നിർമിച്ചു വിപണിയിലിറക്കുന്നതിനു സമയമെടുക്കും. വിപണിയിൽ അത് നിയന്ത്രിച്ച ഉത്പന്നങ്ങളുടെ ദൗർലഭ്യത്തിനിടവരുത്തും. ഇത് ആത്യന്തികമായി ഈ ഉത്പന്നങ്ങളുടെ വിലകയറ്റത്തിനിടയാക്കും.
മൂന്ന് വർഷം മുമ്പ് ഇന്ത്യയിലെ സ്മാർട്ട് ടിവി ഇറക്കുമതി നിരോധനം പ്രാദേശിക നിർമ്മാണത്തെ ഉത്തേജിപ്പിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.
ഇന്ത്യയിൽ ലാപ് ടോപ്, പി സി , സെർവർ അനുബന്ധ ഉത്പന്നങ്ങളുടെ നിർമാണ സൗകര്യങ്ങളുള്ള കമ്പനികൾ ഏറെയുണ്ടെന്ന വസ്തുതയും പ്രാദേശിക നിർമാണ പദ്ധതിക്ക് ശക്തി പകരുന്നു. ഡെല്ലും എച്ച്‌പിയും ഇന്ത്യയിൽ നിർമാണ സൗകര്യങ്ങളുള്ള കമ്പനികളിൽ ഉൾപ്പെടുന്നു.
ലാപ്‌ടോപ്പുകൾ, പിസികൾ, സെർവറുകൾ, അനുബന്ധ എഡ്ജ് കമ്പ്യൂട്ടിംഗ് കിറ്റുകൾ തുടങ്ങിയ ഹാർഡ്‌വെയർ പ്രാദേശികമായി നിർമ്മിക്കുന്ന ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 2 ബില്യൺ ഡോളറിന്റെ പദ്ധതി മെയ് മാസത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.
പ്രാദേശിക ഉൽപ്പാദനം കൂടുതൽ വിപുലീകരിക്കാനും ആപ്പിളിനും അതിന്റെ നിർമ്മാണ പങ്കാളികൾക്കും ഒരു ആഗോള ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിന് രാജ്യത്തെ അനുയോജ്യ കേന്ദ്രമാക്കി മാറ്റാനും ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നു.
ലാപ്‌ടോപ്പുകളും മറ്റ് ഹാർഡ്‌വെയറുകളും ഇറക്കുമതി ചെയ്യുന്നതിനായി രാജ്യം ചിലവഴിക്കുന്നത് കോടിക്കണക്കിന് ഡോളറാണ്.
ഡിസംബറിൽ പാർലമെന്റിൽ വച്ച സർക്കാർ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഫിനിഷ്ഡ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി മൂല്യം 2019-2020 ലെ 32 ബില്യൺ ഡോളറിൽ നിന്ന് 2021-2022 ൽ 32% വർദ്ധിച്ച് 43 ബില്യൺ ഡോളറായി. എന്നിരുന്നാലും, പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രോത്സാഹനങ്ങളും പദ്ധതികളും ഫലം കണ്ടു തുടങ്ങി. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ മൊത്തം ഇറക്കുമതിയിൽ ഇറക്കുമതി ചെയ്ത ഫിനിഷ്ഡ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും അവയുടെ ഘടകങ്ങൾ ഉൾപ്പെടെഉള്ളവയുടെയും വിഹിതം 2019-2020 ലെ 69% ൽ നിന്ന് 2021-22 ൽ 64% ആയി കുറയ്ക്കാൻ സഹായിച്ചു,
ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഇന്ത്യ സമീപ വർഷങ്ങളിൽ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. ഈ സംരംഭം സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളെ ഇന്ത്യയിലേക്കുള്ള വിജയകരമായി ആകർഷിച്ചു. ഇപ്പോൾ ഈ പ്രോത്സാഹനം ചിപ്പ് നിർമ്മാതാക്കളുടെയും അർദ്ധചാലക നിർമ്മാതാക്കളുടെയും രാജ്യത്തെ വ്യവസായ നിക്ഷേപ താൽപ്പര്യം വർധിപ്പിക്കുകയാണ്.