ഓണത്തിനു നാട്ടിൽ എത്താൻ കഴിയാത്തവർക്ക് ഉറ്റവർക്കായി സ്വന്തം ആശംസയോടെ കേരളത്തനിമയാർന്ന കൈത്തറി ഓണക്കോടി ഓണസമ്മാനമായി എത്തിച്ചുനല്കുന്ന പദ്ധതി ഒരുക്കി കോവളം വെള്ളാറിലെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്.
ഓണപ്പാച്ചിലില്ലാതെ ഫോണിലൂടെ തെരഞ്ഞെടുത്ത് ഓർഡർ നല്കുന്ന വസ്ത്രങ്ങൾ ഓണപ്പുലരികളിൽ സ്നേഹസമ്മാനമായി വീട്ടിലെത്തും. ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ എന്നു പേരിട്ട പദ്ധതിയിലൂടെ സമ്മാനം സ്വന്തം വിലാസത്തിൽ വരുത്തി ഉറ്റവർക്കു നേരിട്ടു സമ്മാനിക്കുകയുമാകാം. ക്രാഫ്റ്റ് വില്ലേജ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഒരു കേരള ടൂറിസം സംരംഭമാണ്.
മികച്ച കൈത്തറിവസ്ത്രങ്ങൾക്കൊപ്പം ഡൗൺ സിൻഡ്രോം ബാധിച്ച കലാകാരന്മാർ നിർമ്മിച്ച ഒരു മാലയും സമ്മാനപ്പെട്ടിയിൽ ഉണ്ടാകും. ഇവ ഇടനിലക്കാരില്ലാതെ ഉത്പാദകവിലയ്ക്കു സംഭരിക്കുന്നത് ആയതിനാൽ അധികവില ഇല്ല. ഇവ സമ്മാനിക്കുമ്പോൾ കൈത്തറിസംഘങ്ങളിലെ നൂറുകണക്കിനു തൊഴിലാളികൾക്കും കരകൗശലവിദഗ്ദ്ധരായ ഏതാനും ഡൗൺ സിൻഡ്രോം ബാധിതർക്കും ഓണക്കാലത്തു കൈത്താങ്ങാകുന്ന പരിപാടിയിൽ പങ്കുചേരുന്നതിൻ്റെ സന്തോഷവും.
ക്രാഫ്റ്റ് വില്ലേജിന്റെ www.kacvkovalam.com എന്ന വെബ്‌സൈറ്റിലൂടെ ലോകത്ത് എവിടെനിന്നും സമ്മാനങ്ങള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. സൈറ്റിലൂടെത്തന്നെ പണവും അടയ്ക്കാം. ഓഗസ്റ്റ് 24 നകം ഓർഡർ നല്കിയാൽ സ്നേഹസന്ദേശത്തോടൊപ്പം സമ്മാനപ്പെട്ടി ഇന്ത്യയില്‍ എവിടെയുമുള്ള പ്രിയപ്പെട്ടവര്‍ക്ക് എത്തിച്ചേരും.
രണ്ട് പ്രീമിയം ഗിഫ്റ്റ് ബോക്സുകളും മൂന്ന് സാധാരണ ഗിഫ്റ്റ് ബോക്സുകളും ഉണ്ട്. ഡെലിവറി നിരക്കുകൾ ഉൾപ്പെടെയാണ് വില 2,000 രൂപ മുതൽ ₹ 25,000 വരെയാണ്.
2000 രൂപയുടെ സമ്മാനത്തിൽ മുണ്ടും (കേരള ധോത്തി) ഒരു ഷർട്ട് പീസും ഉണ്ട്. 3,000 രൂപയുടേതിൽ ഒരു സെറ്റ് മുണ്ടും ഒരു മുണ്ടും. 5,000 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് ബോക്‌സിന്റെ ഉള്ളടക്കം സാരി, ധോത്തി, കുട്ടികളുടെ ധോത്തി, പെൺകുട്ടികൾക്കുള്ള വസ്ത്രസാമഗ്രികൾ എന്നിവയാണ്. കുട്ടികൾക്കുള്ള മുണ്ട്, സുരക്ഷിതവും വിഷരഹിതവുമായ നിറങ്ങളിലുള്ള മരത്തിൽ നിർമ്മിച്ച പന്തുകൾ, യോ-യോസ്, സ്പിന്നിങ് കളിപ്പാട്ടങ്ങൾ, ആനകൾ എന്നിവയുള്ള ‘കുട്ടി സമ്മാനപ്പെട്ടി’യും ഉണ്ട്; 2,250 രൂപ വില.
പ്രീമിയം ഗിഫ്റ്റ് ബോക്‌സുകൾക്കു 10,000 രൂപയും 25,000 രൂപയുമാണ്. ആദ്യത്തേതിൽ പ്രീമിയം സാരി, സാധാരണസാരി, പ്രീമിയം ധോത്തി, സാധാരണധോത്തി, കുട്ടികളുടെ ധോത്തി, പെൺകുട്ടികൾക്കുള്ള ഡ്രസ് മെറ്റീരിയലുകൾ എന്നിവയുണ്ട്. സെറ്റ് മുണ്ടും മനോഹരമായ ഒരു ഷോപീസും, കൈകൊണ്ട് നിർമ്മിച്ച അലങ്കാരപ്പെട്ടിയായ കാൽപ്പെട്ടിയും ചേർന്നതാണ് 25,000 രൂപയുടെ ഓണസമ്മാനം.
ക്രാഫ്റ്റ് വില്ലേജ് ഊരാളുങ്കൽ സൊസൈറ്റിയുടെ ഒരു കേരള ടൂറിസം സംരംഭം
കോവിഡിനുശേഷം കൈത്തറിമേഖല നേരിട്ട പ്രതിസന്ധി അതിജീവിക്കാൻ തുടക്കമിട്ട പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡിഷന്‍. 2021-ലെ ഓണക്കാലത്ത് ഇതിലൂടെ 3000-ലേറെ നെയ്ത്തുകാർക്കും അത്രയും കരകൗശലക്കാർക്കും നേരിട്ടു ഗുണം ലഭിച്ചിരുന്നു. കഴിഞ്ഞവർഷവും സമാനമായ സഹായം ഈ വിഭാഗങ്ങൾക്കു ലഭ്യമാക്കാൻ കഴിഞ്ഞു. യൂണിയൻ ടെക്‌സ്റ്റൈല്‍ മന്ത്രാലയം, ഇന്ത്യാ പോസ്റ്റ്, ഉത്തരവാദിത്തടൂറിസം മിഷന്‍ എന്നിവരുമായി സഹകരിച്ചാണ് കേരള ടൂറിസം സരംഭമായ ക്രാഫ്റ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്.
ഇൻഡ്യയിലെ നവരത്ന കോപ്പറേറ്റീവിൽപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോപ്പറേറ്റീവായ ഊരാളുങ്കൽ സൊസൈറ്റിയാണ് കൈത്തറി-കരകൗശലക്കാർക്കു തൊഴിലും അന്തസുറ്റ ജീവിതവും ഉറപ്പാക്കാൻ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്ന തൊഴിൽസംരംഭം നടത്തുന്നത്. തൊഴിലും തൊഴിലാളിക്ഷേമവും ലക്ഷ്യമാക്കി 99 കൊല്ലമായി പ്രവർത്തിച്ചുവരുന്ന, തൊഴിലാളികളുടെതന്നെ സഹകരണസംഘമായ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ലാഭേച്ഛകൂടാതെ ഏറ്റെടുത്തു നടത്തുന്ന സംരംഭം ആണിത്.