ഓണകാലത്തിലേക്കായി നൂറു കണക്കിന് കിലോ അച്ചാർ ഉണ്ടാക്കി വിപണിയിലേക്ക് കൈമാറുകയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഷീജ സുരേഷ്.
ചെമീൻ , പൈനാപ്പിൾ എന്നിവയുടെ സ്വാദേറിയ അച്ചാറുകളും, പിന്നെ സാധാരണ വിപണിയിൽ സുലഭമായ അച്ചാറുകളും. ഇവയെല്ലാം ഷീജയുടെ പടുകൂറ്റൻ വിറകടുപ്പിൽ തയാറാക്കുമ്പോൾ അതിനൊരു രുചിയുടെയും, ഗുണത്തിന്റെയും, ഈടിന്റെയും മൂല്യമുണ്ട്.
കഴിഞ്ഞ 18 വർഷമായി ഷീജ തന്റെയീ അച്ചാർ സംരംഭം തുടരുന്നു. ആദ്യമൊക്കെ ചെറിയ രീതിയിലായിരുന്നു. പിന്നെ പിന്നെ അച്ചാറുകളുടെ വൈവിധ്യതയും, ഗുണവും അനുഭവിച്ചറിഞ്ഞു നിരവധി ഓർഡറുകൾ ലഭിച്ചു തുടങ്ങി. വ്യക്തിഗത ആവശ്യക്കാരേക്കാൾ ബൾക്ക് ആയുള്ള ഓർഡർ എത്തിത്തുടങ്ങിയതോടെ തന്റെ പാചകപ്പുരയും ഷീജ വലുതാക്കി. ഇപ്പോൾ ഒറ്റയടിക്ക് ഒരു ചെമ്പിൽ 100 കിലോ അച്ചാർ തയാറാക്കാം. അവ ബൾക്കായി പുറത്തു കൊടുക്കും. അൻപത് കിലോ, നൂറു കിലോ, 300 കിലോ എന്നിങ്ങനെയാണ് ഷീജയുടെ അച്ചാറുകൾക്കു ഓർഡർ തേടി വരിക.
ഷീജയുടെ സംരംഭത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.കസ്റ്റമറെ കണ്ടുകൊണ്ട് ഷീജ തന്റെ കൂറ്റൻ വാർപ്പിൽ നിറയെ അച്ചാറിടാറില്ല. വൻതോതിൽ 300 കിലോ വരെ അച്ചാർ ആദ്യം ശരിയാക്കി വയ്ക്കും. അപ്പോഴേക്കും ആവശ്യക്കാർ തേടിയെത്തുമെന്ന് ഷീജ തന്റെ അനുഭവം കൊണ്ട് പറയുന്നു. തയാറാക്കുന്ന ഒന്നും പാഴായിപ്പോകില്ല എന്നർത്ഥം.
ഷീജ തയാറാക്കുന്ന, ചെമ്മീൻ അച്ചാറിനും, പൈനാപ്പിൾ അച്ചാറിനുമാണ് വൻ ഡിമാൻഡ്. വിറകടുപ്പിലാണ് പാചകം. എണ്ണക്ക് പകരം മുളക് പൊടിയിട്ടാണ് ആദ്യ കൂട്ട് വഴറ്റുക. അച്ചാർ കൂട്ടിലേക്ക് ചേർക്കുന്ന പച്ചമുളക് ,
വെന്ത് നിറം മാറുന്നതോടെ അതിലേക്ക് മുളക് പൊടിയിട്ട് വഴറ്റും. ഒടുവിൽ ആ കൂട്ടിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പൈനാപ്പിൾ കഷ്ണങ്ങൾ ഇടും. എന്നിട്ട് വിനാഗിരിയും, പ്രത്യേകം തയാറാക്കിയ പഞ്ചസാര ലായനിയും ചേർത്ത് നല്ല വിറകിന്റെ തീയിൽ പാകം ചെയ്തെടുക്കും. നാല് മണിക്കൂറെടുക്കും ഇങ്ങനെ 100 കിലോ അച്ചാർ വീതം തയാറാക്കാൻ.
ഓണകാലത്തേക്കു വിപണിയെ കരുതലുള്ളതാക്കാൻ ഷീജ തന്റെ വിവിധ കൂട്ടുകളുടെ പണിപ്പുരയിലാണ്.
Sheeja Suresh from Cherthala Pallipuram has been making mouthwatering prawn, pineapple, and common pickles for 18 years. Using a large wood stove, she can produce up to 100 kg of pickles at a time, catering to bulk orders of 50 kg, 100 kg, and 300 kg. Her unique approach minimizes wastage, and her shrimp and pineapple pickles, cooked over a wood fire for four hours, are in high demand for Onam.