ദുബായിൽ മഴ പെയ്യണമെങ്കിൽ ഋഷ്യശൃംഖൻ വിചാരിച്ചിട്ട് കാര്യമില്ല, കുറച്ച് പൈലറ്റുമാർ മനസ് വെക്കണം. വർഷങ്ങളായി ദുബായിൽ ക്ലൗഡ് സീഡിംഗ് ടെക്നോളജി വഴിയാണ് മഴയുടെ അളവ് കൂട്ടുന്നത്. മേഘങ്ങളിൽ വൈദ്യുതി ചാർജ് ചെയ്താണ് ക്ലൗഡ് സീഡിംഗിലൂടെ മഴ പെയ്യിക്കുന്നത്. ഇങ്ങനെ ചാർജ് ചെയ്യാൻ മേഘങ്ങളിലേക്ക് രാസപദാർഥങ്ങൾ വിതറണം. അതിന് വിമാനങ്ങളുടെ സഹായം കൂടിയേ തീരു. ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാർക്ക് അതുകൊണ്ട് തന്നെ ഹീറോ പരിവേഷമാണ് ദുബായിൽ.
ഇവരാണ് ഹീറോകൾ
ചൂട് കൂടുകയും മഴയുടെ അളവ് കുറയുകയും ചെയ്തപ്പോഴാണ് ദുബായ് ക്ലൗഡ് സീഡിംഗ് ടെക്നോളജിയെ കൂട്ട് പിടിച്ചത്, കൃത്രിമ മഴ പെയ്ക്കാൻ. സിൽവർ അയഡൈഡ്, ഡ്രൈ ഐസ്, പൊട്ടാസ്യം അയഡൈഡ് പോലുള്ള രാസവസ്തുക്കൾ മേഘങ്ങളിലേക്ക് വിതറുകയാണ് ക്ലൗഡ് സീഡിംഗിൽ ചെയ്യുന്നത്. അന്തരീക്ഷത്തിലെ നീരാവിയെ കണികകൾ ആകർഷിച്ച് മഴ പെയ്യിക്കുന്ന മേഘങ്ങളായ കുമുലോനിംബസ് ആക്കി മാറ്റുകയും ചെയ്യും. മേഘത്തിന്റെ ഏത് വശത്താണ് രാസവസ്തുക്കളെ കയറ്റി വിടുന്നത് എന്നത് ആശ്രയിച്ചിരിക്കും മഴ പെയ്യാൻ എടുക്കുന്ന സമയം. ഇതിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്.
കാലാവസ്ഥാ റഡ്ഡാറും സാറ്റ്ലൈറ്റ് ഇമേജുകളും നിരന്തരം നിരീക്ഷിച്ചാൽ മാത്രമേ എവിടെയാണ് ക്ലൗഡ് സീഡിംഗ് നടത്തേണ്ടത് എന്ന് തിരിച്ചറിയാൻ പറ്റുകയുള്ളു. ഡാറ്റകൾ നിരന്തരം വിശകലനം ചെയ്താണ് അടുത്ത മൂന്ന് ദിവസത്തേക്കുള്ള ക്ലൗഡ് സീഡിംഗ് എവിടെ നടത്തുമെന്ന് പറയാൻ പറ്റുകയുള്ളൂവെന്ന് ക്ലൗഡ് സീഡിംഗ് മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കാപ്റ്റൻ മാർക്ക് ന്യൂമാൻ പറയുന്നു. വർഷത്തിൽ 300 ക്ലൗഡ് സീഡിംഗ് മിഷനുകൾ യുഎഇ സംഘടിപ്പിക്കുന്നുണ്ട്. ചിലപ്പോൾ ഒരേ ദിവസം മൂന്ന് തവണ വരെ പൈലറ്റുമാർ വിമാനം പറത്തേണ്ടിയും വരും.
നാനോ ടെക്നോളജി
2004-05 കാലത്താണ് കൂടുതൽ മഴ ലഭിക്കാനുള്ള പരീക്ഷണങ്ങൾ കാര്യമായി നടന്നത്. ക്ലൗഡ് സീഡിംഗ് വഴി മെച്ചപ്പെട്ട മഴ പെയ്ക്കാൻ സാധിക്കുമെന്ന് തെളിഞ്ഞതോടെ ദുബായി ഇപ്പോൾ ആ വഴിക്കാണ്.പ്രകൃതി സൗഹൃദമായ ഹൈഗ്രോസ്കോപിക്ക് പദാർഥങ്ങളാണ് കൃത്രിമ മഴ പെയ്ക്കാൻ ഉപയോഗിക്കുന്നത്.
പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ നാച്ചുറൽ സാൾട്ടുകളാണ് ഇവയിൽ ഉൾപ്പെടുന്നത്. ഫ്ലെയർ രൂപത്തിലാണ് ഇവ മേഘങ്ങളിലേക്ക് ഇടുന്നത്. നാനോടെക്നോളജി വളർന്നതോടെ കൂടുതൽ നൂതന സാങ്കേതിക വിദ്യകൾ ഈ മേഖലയിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഹൈഗ്രോസ്കോപിക്ക്, ഹൈഡ്രോഫില്ലിക്ക് പദാർഥങ്ങൾ ഉപയോഗിക്കുന്നത് വഴി നല്ല രീതിയിൽ മഴ പെയ്യിക്കാൻ സാധിക്കുന്നുണ്ട്.