ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരേ കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന മഹാദേവ് ബുക്ക് ആപ്പ് അടക്കം 22 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡി കണ്ടെത്തിയ ആപ്പുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്.
ഹവാല ഇടപാടിന്റെ മഹാദേവ്
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ മഹാദേവ് നിയമവിരുദ്ധ ചൂതാട്ടത്തിനും കള്ളപ്പണ ഇടപാടിനും അവസരമൊരുക്കിയതിനും അന്വേഷണം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന് നിരോധനമുള്ളതിനാല്‍ ദുബായി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരാണ് ആപ്പിന്റെ ഉടമകള്‍. നിയമവിരുദ്ധമായ വാതുവെപ്പിലൂടെ മാസം 450 കോടിയുടെ വരുമാനമാണ് മഹാദേവ് നേടിയത്.
എല്ലാം ഹവാല ഇടപാടുകള്‍. ക്രിക്കറ്റ്, ഫുട്‌ബോള്‍, തിരഞ്ഞെടുപ്പ് തുടങ്ങിയവയിലാണ് മഹാദേവ് വാതുവെപ്പ് നടത്തിയത്. ആര് ജയിച്ചാലും തോറ്റാലും കമ്പനിക്കായിരിക്കും ഒടുവില്‍ പണം. 2019ല്‍ മഹാദേവ് ആപ്പിന്റെ വരിക്കാര്‍ 12 ലക്ഷമായിരുന്നു. ഹൈദരാബാദ് കേന്ദ്രമായ റെഡ്ഡി അണ്ണാ ആപ്പ് മഹാദേവ് സ്വന്തമാക്കിയതോടെ ഇവരുടെ വരിക്കാര്‍ 50 ലക്ഷമായി. ഛത്തീസ്ഘട്ട് സര്‍ക്കാരിന് ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള എല്ലാ അവകാശവുമുണ്ടായിട്ടും അവര്‍ അത് ചെയ്തില്ല. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്ന് ആരോപണവുമുണ്ട്.
പൂട്ടിയത് 400 ആപ്പുകള്‍
ഓണ്‍ലൈന്‍ ചൂതാട്ടത്തിനും വാതുവെപ്പിനും വിലങ്ങിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുറച്ച് വര്‍ഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. ഇതിനായി 2021 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തില്‍ ഭേദഗതിയും കൊണ്ടുവന്നു. എന്നാല്‍ 2020 മുതലേ പല ഓണ്‍ലൈന്‍ ആപ്പുകളെയും നിരോധിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയത് ഏകദേശം 400 ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് ആപ്പുകളാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ്, ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയര്‍, വെബ് ബ്രൗസര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. വിചാറ്റ് (WeChat), ടിക്ക് ടോക്ക് (TikTok) തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ നിരോധിക്കപ്പെട്ടതാണ്.
The Ministry of Electronics and Information Technology (MeitY) on Sunday said that it had issued blocking orders against 22 “illegal betting apps and websites”, including Mahadev Book Online and Reddyannaprestopro at the Enforcement Directorate’s (ED) request.