ദീപാവലി എന്നാൽ പ്രകാശത്തിന്റെ ആഘോഷമാണ്. സൂര്യൻ അസ്തമിച്ച് തുടങ്ങിയാൽ പിന്നെ ചിരാതുകൾ ഉണരുകയായി. വീട്ടുമുറ്റത്തും തെരുവുകളിലും നഗരങ്ങളിലും ക്ഷേത്രങ്ങളിലുമെല്ലാം കാണാം തെളിഞ്ഞു പ്രകാശിക്കുന്ന ദീപങ്ങൾ. തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയം ആഘോഷിക്കുന്നത് ഈ വെളിച്ചം കൊണ്ടാണ്. മധരും പങ്കിട്ടും പൂത്തിരി കത്തിച്ചും ദീപാവലി എല്ലാവരും ആഘോഷിക്കും.
ആഘോഷം കഴിഞ്ഞാലോ? പിറ്റേന്ന് തന്നെ ചിരാതുകളും വിളക്കുകളും എടുത്ത് കളയുകയായി. ഓരോ ദീപാവലി കഴിയുമ്പോഴും ഇങ്ങനെ എത്രയെത്ര ലക്ഷം ചിരാതുകളാണ് വലിച്ചെറിയുന്നത്. ഈ ചിന്തയാണ് മൈസൂരു വിദ്യരണ്യപുരത്തെ ബി.കെ. അജയ് കുമാർ ജെയ്ൻ ചെരാതുകൾ നിർമിക്കാൻ കാരണം. വെറും ചെരാതുകളല്ല, ഉപയോഗം കഴിഞ്ഞാൽ കൃഷിക്കും മറ്റും വളമായി ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതി സൗഹാർദ്ദ ചിരാതുകൾ.
വിളക്കും വളവും
അജയ് കുമാർ നേതൃത്വം നൽകുന്ന ‘പ്രഗതി പ്രതിസ്ഥാൻ’ എന്ന എൻജിഒ ആണ് പ്രകൃതി സൗഹാർദ്ദ ചിരാതുകൾ നിർമിക്കുന്നത്. ഇപ്പോൾ തന്നെ 3,000ൽ അധികം ചിരാതുകൾ പ്രഗതി നിർമിച്ച് കഴിഞ്ഞു. മൈസൂരുവിൽ ഈ വിളക്കുകളായിരിക്കും ഈവർഷത്തെ ദീപാവലിക്ക് തെളിയുക. ചാണകം, ഗോമൂത്രം, നെയ്യ്, പാൽ, തൈര് എന്നിവയെല്ലാം ചേർത്താണ് ഈ ചെരാതുകളുണ്ടാക്കുന്നത്. 2013ൽ ആരംഭിച്ചത് മുതൽ എല്ലാവർഷവും പ്രഗതി, പ്രകൃതി സൗഹാർദ്ദ വിളക്കുകൾ ഉണ്ടാക്കുന്നുണ്ട്. സൗജന്യമായാണ് ഈ ചിരാതുകൾ ആളുകൾക്ക് നൽകുന്നത്.
ദീപാവലിക്ക് ആറുമാസം മുമ്പ് തന്നെ പ്രതിസ്ഥാൻ ചെരാതു നിർമാണത്തിലേക്ക് കടക്കും. പ്രതിസ്ഥാന്റെ വൊളന്റിയർമാർ പ്രദേശവാസികളിൽ നിന്നാണ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നത്. കൃഷിക്കാരിൽ നിന്ന് ചാണകവും മറ്റും സൗജന്യമായാണ് ഇവർക്ക് ലഭിക്കുന്നത്. ദീപാവലിക്ക് 10 ദിവസം മുമ്പാണ് ചിരാതുകളുടെ നിർമാണം ആരംഭിക്കുന്നത്. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അടക്കം വിവിധ സംഘങ്ങൾ നിർമാണ സഹായവുമായി എത്തും. പ്രകൃതി സൗഹാർദ്ദ വിളക്കുകളാണെങ്കിലും രണ്ടുവട്ടം ഇവ ഉപയോഗിക്കാൻ പറ്റും. കത്തിച്ചുകഴിഞ്ഞാൽ ചിരാതുകൾ ചാരമായി മാറും. ഈ ചാരം പിന്നീട് ചെടികൾക്ക് വളമായി ഉപയോഗിക്കാം.