ചെറുകിട-ഇടത്തരം കർഷകരെ സഹായിക്കാൻ പുതിയ പദ്ധതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. കൃഷിയിൽ നിന്ന് ലഭിക്കുന്ന വിള സ്വന്തം നിലയിൽ സംഭരണശാലകളിൽ സൂക്ഷിക്കാനോ മെച്ചപ്പെട്ട വില ലഭിക്കുന്നത് വരെ കാത്തിരിക്കാനോ സാധിക്കാത്ത കർഷകർക്കു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാൻ ഭായ് (ഭണ്ഡാരൻ ഇൻസെന്റീവ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഉടൻ നടപ്പാക്കും.
പദ്ധതി ഡിസംബറോടെ
കേന്ദ്ര കാർഷിക മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കൺസെപ്റ്റ് പേപ്പർ പ്രസിദ്ധീകരിച്ച് 10 ദിവസത്തെ അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ഈ വർഷം ഡിസംബർ അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് പദ്ധതിയെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ഇടനിലക്കാരുടെ നിയന്ത്രണത്തിൽ നിന്ന് കൃഷിക്കാരെ മോചിപ്പിക്കുകയാണ് ലക്ഷ്യം. ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരുന്ന സാധാരണ കർഷകർക്ക് കൃഷിയിൽ നിന്ന് ലാഭം ലഭിക്കാറില്ല. വിപണിയിൽ വില കുതിക്കുമ്പോൾ കർഷകർക്ക് അതിൽ നിന്ന് ലാഭമുണ്ടാക്കാനും സാധിക്കാറില്ല. ലാഭം മിക്കപ്പോഴും ഇടനിലക്കാർക്ക് മാത്രമായാണ് ലഭിക്കുന്നത്. കൃഷി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ ഇടനിലക്കാർക്കുള്ള കുത്തക അവസാനിപ്പിക്കാൻ കിസാൻ ഭായ് പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. കൃഷിക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിളവെടുപ്പിന് ശേഷം പഴം-പച്ചക്കറി എന്നിവ കേടുകൂടാതെ 3 മാസം വരെ സൂക്ഷിക്കാൻ പറ്റുന്ന സംഭരണ ശാലകളായിരിക്കും കൊണ്ടുവരാൻ പോകുന്നത്. ഇതുവഴി വിളകൾക്ക് മികച്ച വില ലഭിക്കുന്നതുവരെ കാത്തിരിക്കാൻ കർഷകർക്ക് സാധിക്കും. വിള എപ്പോൾ വിൽക്കണമെന്ന് കർഷകർക്ക് സ്വയം തീരുമാനിക്കാം. ശാസ്ത്രീയമായി നിർമിച്ച സംഭരണശാലകളിലായിരിക്കും വിള സൂക്ഷിക്കുക.
ആദ്യം 7 സംസ്ഥാനങ്ങളിൽ
സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ നിലവിൽ വിളവെടുപ്പ് കഴിഞ്ഞാലുടൻ കർഷകർ ഇടനിലക്കാർ വഴി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്. കർഷകർക്ക് സാമ്പത്തിക സഹായം നൽകാനും പദ്ധതിയിൽ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ 7 സംസ്ഥാനങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആന്ധ്ര പ്രദേശ്, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർക്കായിരിക്കും ആദ്യഘട്ടത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. മൂന്ന് വർഷത്തേക്ക് 170 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെക്കുന്നത്. സംഭരണശാലകളിൽ സൂക്ഷിക്കുന്ന വിള ഇനാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് പോലുള്ള രജിസ്റ്റേഡ് പ്ലാറ്റ് ഫോമുകളിലായിക്കും വിൽക്കുക.
മൂന്ന് മാസം വരെ സൂക്ഷിക്കാം
പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. വെയർഹൗസിംഗ് റെന്റൽ സബ്സിഡിയും പിആർഐയും. ചെറുകിട-ഇടത്തരം കർഷകർക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും ഡബ്ല്യുആർഎസിന്റെ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ മാസത്തിൽ 4 രൂപയാണ് കർഷകർ നൽകേണ്ടത്. സംഭരണശാലകളുടെ വാടകയടക്കമാണ് ഈ തുക നൽകേണ്ടതെന്നതിനാൽ കർഷകർക്ക് പദ്ധതി വലിയ ആശ്വാസമായിരിക്കും. പരമാവധി മൂന്ന് മാസമാണ് ഇത്തരം സംഭരണശാലകളിൽ കർഷകർക്ക് വിള സൂക്ഷിക്കാൻ പറ്റുക. 15 ദിവസമോ അതിൽ കുറവോ സൂക്ഷിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല.
The Central government plans to launch a scheme called PM-Kisan Bhai (Bhandaran Incentive) to incentivize small and marginal farmers who struggle to hold their produce in warehouses and wait for better prices. Kisan Bhai is expected to empower farmers, allowing them to retain their crops for a minimum of three months post-harvest.