പ്രവർത്തന രഹിതമായ UPI ഐഡികൾ ജനുവരി ഒന്നിന് മുമ്പ് ക്ലോസ് ചെയ്യണമെന്നു NPCI. എല്ലാ ബാങ്കുകളും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള ആപ്പുകളും ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ NPCI നിർദേശം നൽകിക്കഴിഞ്ഞു.
യുപിഐ പേയ്‌മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിയ എൻസിപിഐ ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ എല്ലാ ബാങ്കുകളോടും തേർഡ് പാർട്ടി ആപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഡിസംബർ 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇമെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് ഒരു അറിയിപ്പ് നൽകും. എൻപിസിഐയുടെ ഈ നടപടിയോടെ യുപിഐ ഇടപാടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമാകും. നിയമവിരുദ്ധമായ ഇടപാടുകളും ഇതോടെ പരമാവധി നിർത്തലാക്കാനാകും എന്നാണ് പ്രതീക്ഷ.
യുപിഐ ഐഡി ക്യാൻസൽ ആകാതിരിക്കാൻ ഉപയോക്താക്കൾ ഡിസംബർ 31 നു മുമ്പ് നിങ്ങളുടെ യുപിഐ ഐഡി സജീവമാക്കി നിലനിർത്തണം.
എൻപിസിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ തേർഡ് പാർട്ടി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും.
ഒരു വർഷമായി ഇടപാടുകൾ നടക്കാതെ ബാങ്ക് അക്കൗണ്ട് നിർജീവമാണെങ്കിലോ, ഈ ഐഡിയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ ചെയ്തിട്ടില്ലെങ്കിലോ ആ അക്കൗണ്ട് ക്ലോസ് ചെയ്യും.
ജനുവരി ഒന്ന് മുതൽ ഉപയോക്താവിന് ഈ ഐഡി ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയില്ല.