ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് റിഫ്രെയ്സ് ഡോട്ട് എഐയെ (Rephrase.ai) സ്വന്തമാക്കി സോഫ്റ്റ്വെയർ ഭീമൻ അഡോബ് (Adobe). നിർമിത ബുദ്ധിയുടെ സഹായത്തോടെ വീഡിയോ നിർമിക്കുന്ന പ്ലാറ്റ്ഫോമാണ് റിഫ്രെയ്സ്. ഫിഫ്രെയ്സ് കോഫൗണ്ടർ ശിവം മംഗ്ല (Shivam Mangla) ആണ് വിവരം എക്സിലൂടെ അറിയിച്ചത്. അഡോബ് പോലൊരു സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ തുറന്നു കിട്ടുന്ന സാധ്യതകൾ ചെറുതല്ലെന്നും ജനറേറ്റീവ് എഐ മേഖലയിൽ അടുത്ത ഉത്പന്നം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ശിവം പറഞ്ഞു.
അഡോബ് ഏറ്റെടുക്കുമ്പോൾ
ജനറേറ്റീവ് എഐ- വീഡിയോ ടൂളിംഗ് മേഖലയിൽ അഡോബിന്റെ ആദ്യത്തെ ചുവടുവെപ്പ് റിഫ്രെയ്സുമായിട്ടാണ്. റിഫ്രെയ്സിനെ പോലെ അതുകൊണ്ട് അഡോബിനും ഇത് പുതിയ അനുഭവമായിരിക്കും.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡോബ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനായി ബംഗളൂരുവിലെ എഐ സ്റ്റാർട്ടപ്പായ റിഫ്രെയ്സിനെയാണ് അഡോബ് ആദ്യമായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ എഐ സ്റ്റാർട്ടപ്പ് രംഗത്തുള്ളവർക്ക് വലിയ പ്രചോദനമാണീ ഏറ്റെടുപ്പ്.
ജീവനക്കാരുടെ കാര്യത്തിൽ വ്യക്തതയില്ല
ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അഷ്റയി മൽഹോത്ര, നിഷീദ് ലഹോടി, ശിവം മംഗ്ല എന്നിവർ ചേർന്ന് 2019ലാണ് റിഫ്രെയ്സ് ഡോട്ട് എഐ തുടങ്ങുന്നത്. ടെക്സറ്റ് ടു വീഡിയോ ജനറേഷൻ സേവനമാണ് ഇവർ നൽകുന്നത്. പ്രൊഫഷണൽ വീഡിയോ ക്ലിപ്പുകളുണ്ടാക്കാൻ വീഡിയോ ക്രിയേറ്റർമാരെയും ഇൻഫ്ലുവേഴ്സിനെയും സഹായിക്കുകയാണ് ലക്ഷ്യം.
ഇതുവരെ 13.9 മില്യൺ ഡോളർ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
അഡോബ് ഏറ്റെടുക്കുന്നതോടെ റിഫ്രെയ്സിലെ ജീവനക്കാർ ഇനി അഡോബിന് വേണ്ടി പ്രവർത്തിക്കും. എന്നാൽ മുഴുവൻ ജീവനക്കാരെയും നിലനിർത്തുമോ, ആരെയെങ്കിലും പിരിച്ചുവിടുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്.