OTT യിൽ ഒരു സിനിമ കാണുന്നതിന്റെ ത്രിൽ എന്തിലാണിരിക്കുന്നത്. സംവിധായകന്റെ സ്റ്റോറി ബോർഡിലുള്ള സിനിമ പൂർണമായും കാണാനാകും എന്നത് തന്നെ. സെൻസർ ബോർഡ് മുറിച്ചു കളഞ്ഞ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത സീനുകൾ ചേർത്ത എക്സ്റ്റെന്ഡഡ് വേർഷനായാണ് അങ്ങനൊരു ചിത്രം ഒടിടിയിൽ ഇറങ്ങുന്നത്.
എന്നാൽ ഒടിടിയിൽ ലഭിക്കുന്ന ഈ സൗകര്യം ഇനി ഉണ്ടായേക്കില്ല. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പുതിയ ബിൽ പാസാകുന്നതോടു കൂടി ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഉൾക്കൊള്ളുന്ന സീനുകൾക്ക് അടക്കം OTT യിൽ നിയന്ത്രങ്ങൾ വരും.
നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരട് സംപ്രേഷണ ബിൽ കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ബില്ല്.
കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള ഈ കരട് ബില്ല് നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്വർക്ക്സ് (റെഗുലേഷൻ) നിയമത്തിന് പകരമായാണ് തയാറാക്കിയത്.
സംപ്രേഷണം ചെയ്യുന്നവർക്ക് തന്നെ ഉള്ളടക്കം പരിശോധിക്കുന്നതിനുള്ള കമ്മിറ്റികൾ രൂപീകരിക്കാം എന്നതാണ് കരടിലെ പ്രധാന നിർദേശങ്ങളിലൊന്ന്. കൂടാതെ സ്വയം നിയന്ത്രണത്തിനുള്ള സാധ്യതകളും ബിൽ ഉറപ്പ് നൽകുന്നുണ്ട്.
കരട് ബിൽ ഇങ്ങനെ
ഓവർ-ദി-ടോപ്പ് (OTT), ഡിജിറ്റൽ മീഡിയ ഉള്ളടക്കം എന്നിവയുൾപ്പെടെ പ്രക്ഷേപണ സേവനങ്ങൾക്കായുള്ള റെഗുലേറ്ററി ചട്ടക്കൂട് നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബ്രോഡ്കാസ്റ്റിംഗ് സേവന (നിയന്ത്രണ) ബിൽ, 2023 I&B മന്ത്രാലയം അവതരിപ്പിച്ചു. 1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് റെഗുലേഷൻ ആക്ടും ബ്രോഡ്കാസ്റ്റിംഗ് മേഖലയെ നിയന്ത്രിക്കുന്ന മറ്റ് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കാനും, ഉള്ളടക്കത്തിൽ സ്വയം നിയന്ത്രണം ശക്തിപ്പെടുത്താനും ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ, 2023 ഉപകരിക്കും.
എല്ലാ ഓൺലൈൻ, വാർത്താ മാധ്യമ പ്ലാറ്റ്ഫോമുകളുടെ മേലും നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ബില്ല്. സാമൂഹിക മേഖലകളിൽ നിന്നുള്ള വിവിധ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഉള്ളടക്ക പരിശോധനാ സമിതികൾ (സിഇസി) രൂപവത്കരിക്കുക.
പരസ്യം, പ്രോഗ്രാം കോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു ബ്രോഡ്കാസ്റ്റ് ഉപദേശക സമിതി സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു.
പ്രധാനമായും ബ്യൂറോക്രാറ്റുകൾ ഉൾപ്പെടുന്ന ഇന്റർ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റിക്ക് പകരമായി പ്രമുഖ വ്യക്തികളും ബ്യൂറോക്രാറ്റുകളും അംഗങ്ങളായുള്ള ഒരു മേഖലാ വിദഗ്ധന്റെ നേതൃത്വത്തിൽ ബ്രോഡ്കാസ്റ്റ് അഡ്വൈസറി കൗൺസിൽ പ്രവർത്തിക്കും.
രേഖയിലുള്ള വ്യവസ്ഥകൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും സമിതിക്ക് അധികാരമുണ്ട്. കരട് ബില്ലിൽ അഭിപ്രായമറിയിക്കുന്നതിന് പൊതുജനങ്ങൾക്കും സംപ്രേഷണ സ്ഥാപനങ്ങൾക്കും 30 ദിവസത്തെ സമയമാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമകൾ സെൻസർ ബോർഡ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് ഇത്തരം നിയന്ത്രണമുണ്ടായിരുന്നില്ല.
എന്നാൽ ഓൺലൈനിൽ ഒരു സിനിമയോ മറ്റെന്തെങ്കിലും ഉളളടക്കങ്ങളോ പ്രദർശിപ്പിക്കുന്നതിന് മുമ്പ് അതിൽ അശ്ലീലവും അക്രമവും ഉള്ള സീനുകൾ ഒഴിവാക്കുന്നതിന് സ്വതന്ത്ര പരിശോധന നടത്തണമെന്ന് സ്ട്രീമിങ് കമ്പനികൾക്ക് മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. ആ നിർദേശമാണിപ്പോൾ നിയമ ഭേദഗതിയായി വരുന്നത്.