അസാധാരണമായൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി. സാങ്കേതികമായി പുരോഗമിക്കുന്ന നഗരങ്ങളുടെ ആഗോളപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം. ബിസിനസ് വളർച്ച, സോഫ്റ്റ്വെയർ വികസനം എന്നിവ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ലോകത്തെ 24 അസാധാരണ നഗരങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ഇടം പിടിച്ചത്.
വളരുന്ന നഗരം
ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബലാണ് ലോകമെമ്പാടുമുള്ള ഔട്ട് ഓഫ് ദി ബോക്സ് നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. കമ്പനികൾക്ക് രാജ്യാന്തരതലത്തിൽ വിപുലീകരിക്കാൻ സാധിക്കുന്ന അറിയപ്പെടാത്ത നഗരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. യുഎസ്, കാനഡ, മധ്യ-ലാറ്റിൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്.
പട്ടികയിൽ കൊൽക്കത്ത രണ്ടാമത്
തിരുവനന്തപുരം കൂടാതെ ഇന്ത്യയിൽ നിന്ന് കൊൽക്കത്തയും പട്ടികയിൽ .
ജോസഫൈൻ ഗ്ലൗഡിമാൻസിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബ്ബ്, ഹൈവേ എന്നീ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം പൂർണമാകാത്ത നഗരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചിട്ടുണ്ട്.
റിപ്പോർട്ട് അനുസരിച്ച് ബിസിഐ ഗ്ലോബൽ തിരുവനന്തപുരത്തെ തിരഞ്ഞെടുക്കാനുള്ള കാരണം കുറഞ്ഞ ചെലവിൽ മികച്ച ജീവിതം സാഹചര്യം ഒരുക്കാൻ തിരുവനന്തപുരത്തിന് സാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്. 17 ലക്ഷം ആണ് തിരുവനന്തപുരത്തെ ജനസംഖ്യ. വളരുന്ന സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ പട്ടികയിലും തിരുവനന്തപുരം ഇടംപിടിച്ചിരുന്നു.