4.10 ലക്ഷത്തിന്റെ RS 457 (RS 457) സ്പോർട്സ് ബൈക്ക് ഇന്ത്യൻ റോഡുകളിലിറക്കാൻ അപ്രീലിയ (Aprilia). ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡായ പിയാജിയോയുടെ കീഴിലുള്ള അപ്രീലിയയുടെ RS 457 ഡിസംബർ 15 മുതൽ ബുക്ക് ചെയ്ത് തുടങ്ങാം. ഇന്ത്യയിൽ ബൈക്കുകളുടെ ഡെലിവറി മാർച്ചിൽ പ്രതീക്ഷിക്കാമെന്ന് കമ്പനി പറഞ്ഞു.
അപ്രീലിയയുടെ ഇറ്റലിയിലെ ആസ്ഥാനത്ത് ഡിസൈൻ ചെയ്ത ബൈക്കുകളാണ് ആർഎസ് 457. ഗോവയിൽ നടന്ന ഇന്ത്യാ ബൈക്ക് വീക്കിൽ പിയാജിയോ ചെയർമാനും എംഡിയുമായ ഡിയാഗോ ഗ്രാഫിയാണ് ആർഎസ് 457 ഇന്ത്യയിലിറക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
ഗംഭീര ലുക്കിൽ
അപ്രീലിയയുടെ മിഡിൽവെയ്റ്റ് വിസ്മയമായ RS 660ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർഎസ് 457 ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്ലൈറ്റുകളും ഷാർപ്പ് ബോഡി വർക്കും ബൈക്കിന് ഗംഭീര ലുക്ക് നൽകുന്നുണ്ട്.
47.6bhp, 43.5Nm ശേഷിയുള്ള പാരലൽ -ട്വിൻ സിലണ്ടർ എൻജിനാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ആറ് സ്പീഡ് ഗിയർ ബോക്സും സ്ലിപ്പർ ക്ലച്ചും മറ്റൊരു ബൈക്ക് സവാരി അനുഭവം നൽകും. എൽഇഡി ഇലുമിനേഷൻ, എൻജിൻ മാപ്പ്, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ആന്റി റോൾ സിസ്റ്റം, ത്രീ റൈഡിംഗ് മോഡ്സ്, ഫൈവ് ഇഞ്ച് ടിഎഫ്ടി എന്നിവയും കൂടിയാകുമ്പോൾ ബൈക്ക് പ്രേമികളുടെ സ്വപ്ന വാഹനമാകും ആർഎസ് 457.
അപ്രീലിയ ഇന്ത്യയുടെ വെബ്സൈറ്റിലും അപ്രീലിയ മോട്ടോപ്ലക്സ് ഡീലർഷിപ്പ് കേന്ദ്രങ്ങളിലും 10,000 രൂപയ്ക്ക് പ്രീബുക്കിംഗ് ചെയ്യാനുള്ള അവസരമുണ്ട്.