രണ്ടാം ലോക മഹായുദ്ധമൊടുക്കിയ കേക്കിനെ ഓർമ്മയുണ്ടോ, അതെ ജുവാൻ ഉണ്ടാക്കിയ റെയ്ൻബോ കേക്ക് തന്നെ. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ കേരളത്തിന്റെ രുചിമുകുളങ്ങൾ കീഴടക്കിയതാണ് ജുവാൻസ് റെയ്ൻബോ കേക്ക്. ജുവാന്റെ കേക്ക് കേരളം അറിഞ്ഞത് സിനിമയിലൂടെ ആയിരുന്നെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികളുടെ ഇഷ്ട വിഭവമായ ഒന്നാണ് ഡ്രീം കേക്ക്. ഡെൻമാർക്കിൽ നിന്ന് സ്വപ്ന രുചിയുമായി ലോകം കീഴടക്കിയ ഡ്രീം കേക്കിനെ ഇരുക്കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. പല തരം കേക്കുകൾ അടുക്കിയടുക്കി വെച്ചാണ് കൊതിയൂറും ഡ്രീംകേക്ക് ഉണ്ടാക്കിയത്.
ലോകമെമ്പാടും ആരാധകരുള്ള ഈ ഡ്രീം കേക്കിന്റെ മിനി വേർഷനുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ. മറ്റു പല ഇടങ്ങളിലും ഡ്രീം കേക്കിന്റെ വില തുടങ്ങുന്നത് തന്നെ 500 മുതലാണെങ്കിൽ തിരുവനന്തപുരം നഗരത്തിലെ മസ്കറ്റ് ഹോട്ടലിൽ വില 99 രൂപ മാത്രമാണ്.
സ്ട്രോബറയും തേങ്ങയും കൊണ്ട് കേക്ക്
ഇവിടെ വന്ന് 99 രൂപ ചെലവാക്കിയാൽ ഒരു കുഞ്ഞു ടിന്നിൽ ഒളിപ്പിച്ചുവെച്ച വിവിധതരം കേക്കുകളുടെ രുചി നുണയാം. സ്പോഞ്ച് കേക്ക്, ഗണാഷ്, മൂസ്, മെൽറ്റഡ് ചോക്ലേറ്റ്, കോക്കോ പൗഡർ എന്നിവ ചേർത്താണ് ഡ്രീം കേക്കുണ്ടാക്കിയിരിക്കുന്നത്. നിരവധി പേരാണ് ഡ്രീം കേക്ക് രുചിക്കാനായി മസ്കറ്റ് ഹോട്ടലിലേക്ക് എത്തുന്നത്. ഒമ്പത് വർഷമായി മസ്കറ്റ് ഹോട്ടലിൽ ഷെഫായി നോബി ജോസഫിന്റെ നേതൃത്വത്തിലാണ് കേക്കുകൾ ബേക്ക് ചെയ്തെടുക്കുന്നത്. ഡ്രീം കേക്കിൽ തന്നെ വിവിധ ഫ്ലേവറുകളും മസ്കറ്റ് ഹോട്ടലിലെത്തിയാൽ കഴിക്കാം. സ്ട്രോബറി ഡ്രീം കേക്കും തേങ്ങയുടെ സ്വാദുള്ള ക്വീൻ ഓഫ് ഡ്രീമും മസ്കറ്റിന്റെ മാത്രം പ്രത്യേകതയാണ്. ഡ്രീം കേക്ക് കൂടാതെ, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, പൈനാപ്പിൾ കേക്ക്, ചോക്ലേറ്റ് കേക്ക് എന്നിവയും ബേക്ക് ചെയ്തെടുക്കുന്നുണ്ട്.
ക്രിസ്തുമസിന് പ്ലം കേക്ക് തന്നെ
ഡിസംബർ മാസമായതിനാൽ ക്രിസ്തുമസ് കേക്കുകളെ കുറിച്ച് പറയാതെ പോകുന്നതെങ്ങനെ. കേക്കുകൾ എത്രതരമുണ്ടെങ്കിലും ക്രിസ്തുമസിൽ സ്റ്റാർ പദവി പ്ലം കേക്കിന് തന്നെയാണെന്ന് നോബി പറയും. മൂന്ന് മാസം മുമ്പേ മസ്കറ്റ് ഹോട്ടലിൽ പ്ലം കേക്കിന്റെ പരിപാടികൾ തുടങ്ങിയിരുന്നു.
പിസ്ത, ടൂട്ടി ഫ്രൂട്ടി, ബദാം, ചെറി, കാഷ്യു തുടങ്ങി വിവിധ ഡ്രൈ ഫ്രൂട്ടുകൾ ഒക്ടോബർ മുതലേ റമ്മിൽ മുങ്ങി കാത്തിരിക്കുകയാണ് പ്ലം കേക്കിന് സ്വാദ് പകരാൻ. ക്രിസ്തുമസ് കാലത്ത് റിച്ച് പ്ലം കേക്കുകൾക്കാണ് വിപണി കൂടുതലെന്ന് നോബി പറയുന്നു. കഴിഞ്ഞ വർഷം 500 കിലോയോളം പ്ലം കേക്കുകൾ വിറ്റുപോയി. ഇത്തവണ 1000 കിലോയുടെ വിൽപ്പനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.