വലിയ ക്രിസ്തുമസ് ട്രീകൾ, ജിഞ്ചർ ബ്രഡ് വീടുകൾ, സർഫ് ചെയ്യുന്ന സാന്താ ക്ലോസ്. ക്രിസ്തുമസ് കാലത്ത് സഞ്ചാരികൾക്ക് നിരവധി അത്ഭുതങ്ങൾ ഒരുക്കിവെച്ചിരിക്കുകയാണ് ദുബായ്.
ജിഞ്ചർബ്രഡ് വീടുകൾ
ക്രിസ്തുമസിന് ജിഞ്ചർബ്രഡ് വീടുകൾ നിർമിക്കുന്നത് പല വിദേശ രാജ്യങ്ങളിലും പതിവാണ്. ദുബായിൽ നടക്കാൻ പോകുന്ന കാലാവസ്ഥാ ഉച്ചകോടി സിഒപി28നെ അടിസ്ഥാനമാക്കിയാണ് എച്ച് ദുബായിലെ ജിഞ്ചർബ്രഡ് വീട് പണിതിരിക്കുന്നത്. 6 മീറ്റർ നീളവും 2.5 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ജിഞ്ചർബ്രഡ് വീട് അൽ വാസൽ ഡോമിൽ (Al Wasl Dome) നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉണ്ടാക്കിയത്.
സർഫ് ചെയ്യുന്ന സാന്ത
വൈൽഡ് വാഡി വാട്ടർപാർക്കിലേക്ക് വരുന്നവർക്ക് സർഫ് ചെയ്യുന്ന സാന്തയെ കാണാം. വാഡി വാട്ടർപാർക്കിൽ സാന്തയുടെ സർഫ് റൈഡ് ദിവസവും കാണാൻ സൗകര്യമുണ്ട്. കൂടാതെ കുടുംബവുമായി വരുന്നവർക്ക് ദിവസവും വാട്ടർ ഒളിംബിക്സും സംഘടിപ്പിക്കുന്നുണ്ട്.
ഫെസ്റ്റീവ് ഗാർഡൻ
ക്രിസ്തുമസിന് ജുമയ്റയിലെ ഫെസ്റ്റീവ് ഗാർഡൻ നിർബന്ധമായും കാണേണ്ടതാണ്. വാട്ടർ ഫൗണ്ടൻ, പളുങ്ക് കൊണ്ടുണ്ടാക്കിയത് പോലെയുള്ള ക്രിസ്തുമസ് ട്രീ, പൂക്കൾ എന്നിവ കൊണ്ട് ഫെസ്റ്റീവ് ഗാർഡൻ അലങ്കരിച്ചിട്ടുണ്ട്. കുട്ടികളെ ഉദ്ദേശിച്ച് ക്രാഫ്റ്റ് സ്റ്റേഷനുകളും ഫെസ്റ്റീവ് ഗാർഡനിലുണ്ട്. കഴിഞ്ഞില്ല വെസ്റ്റ് ബീച്ചിൽ ദുബായ് ലൈറ്റും കാണാൻ പോകാം.
ഗ്രീൻ ക്രിസ്തുമസ്
ദുബായ് ഗ്രീൻ പ്ലാനറ്റും നാച്ചുർ പാർക്കും ചേർന്നാണ് ഗ്രീൻ ക്രിസ്തുമസ് സംഘടിപ്പിക്കുന്നത്. ക്രിസ്തുമസിന് പ്രകൃതി സൗഹാർദ്ദ ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ഗ്രീൻ ക്രിസ്തുമസ് ലക്ഷ്യംവെക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ക്രിസ്തുമസ് കരോളും സ്നോഫാളും ഉണ്ടാക്കിയിരിക്കുന്നത്. റീസൈക്കിൾ ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ക്രിസ്തുമസ് ട്രീ നിർമിച്ചിരിക്കുന്നത്.
5ഡി വിന്റർ ഗാലക്സി ഷോ
മഡിനാറ്റ് ജുമയ്റയിലെ തിയറ്റർ ഓഫ് ഡിജിറ്റൽ ആർട്ടിലാണ് വിന്റർ ഗാലക്സി ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ശാസ്ത്രവും സാന്തയും ഒന്നിക്കുന്നുവെന്നതാണ് ഈ ഷോയുടെ പ്രത്യേകത. 45 മിനിറ്റ് ദൈർഘ്യമുള്ള ഷോയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സാന്തയുടെ വക സമ്മാനവുമുണ്ട്. എല്ലാം കൊണ്ടും ഡിസംബറിൽ ദുബായ് സന്ദർശിക്കുന്നവർക്ക് അടിപൊളി ക്രിസ്തുമസ് ആഘോഷിക്കാം.