തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ആഗ്രഹിച്ച് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിക്കാന്‍ സമയംകിട്ടാതെ പോകുന്നവര്‍ എത്രയോ പേരുണ്ട്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ ചെടികള്‍ വാടിക്കരിഞ്ഞു പോകാതെ പരിപാലിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം യുകെഎഫ് കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് Go Green Tech എന്ന ഇന്നൊവേഷന് രൂപം നല്‍കുന്നത്. ആഴ്ചയിലൊരിക്കല്‍ വെള്ളം നനച്ചാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ടെക്‌നോളജി അധിഷ്ഠിതമായ നിരവധി സൊല്യൂഷനുകള്‍ ഈരംഗത്തുണ്ട്. എന്നാല്‍ തീരെ ലളിതവും ചിലവുകുറഞ്ഞതുമായ സൊല്യൂഷനാണ് Go Green Tech കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫൗണ്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കോളേജ് ക്യാംപസില്‍ ഒരു സിമ്പിള്‍ ഡിസൈന്‍ പ്രൊജക്ടില്‍ നിന്ന് തുടങ്ങിയ ആശയം ഇന്ന് പ്രോട്ടോടൈപ്പിംഗ് വരെയെത്തി നില്‍ക്കുകയാണ്. കൊല്ലം യുകെഎഫ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഖില്‍, ഹിജാസ്, നചികേതസ് എന്നിവരാണ് Go Green ടെക്കിന്റെ ഫൗണ്ടേഴ്സ്.
നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ടെറസ്, കിച്ചന്‍ ഗാര്‍ഡനുകള്‍ എളുപ്പത്തില്‍ പരിപാലിക്കാന്‍ Go Green ടെക്നോളജി സഹായിക്കും. ആഴ്ചയിലൊരിക്കല്‍ കൃത്യമായി വെള്ളവും മറ്റും നല്‍കാന്‍ കഴിയുമെങ്കില്‍ അവിടെ Go Green ഉപകാരപ്പെടും. IoT സംബന്ധമായ ഈ പ്രൊഡക്ട് ചെടികള്‍ നട്ട മണ്ണിലെത്ര ഈര്‍പ്പം നിലനില്‍ക്കുന്നുണ്ട്, ടെംപറേച്ചറെത്രയുണ്ടെന്ന് തുടങ്ങിയ കാര്യങ്ങള്‍ ഫോണില്‍ അപ് ടു ഡേറ്റായി ലഭ്യമാക്കും. പ്രോട്ടോടൈപ്പിംഗ് സ്റ്റേജ് ഏറെക്കുറെ വിജയകരമായ Go Green, ക്രോപ് സ്പെസിഫിക്കാക്കുക എന്നതാണ് അടുത്ത ഘട്ടം.
ഡിസൈന്‍ പ്രൊജക്ടിനായി ഈ ആശയം തെരഞ്ഞെടുത്ത സമയത്ത് തന്നെയായിരുന്നു കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത സമാനമായ ആശയത്തില്‍ സൊലൂഷന്‍ കണ്ടെത്താമോ എന്ന് വിദ്യാര്‍ഥികളോട് ചോദിച്ചത്. ഡിസൈന്‍ പ്രൊജക്ടുമായി സാമ്യമുള്ളതിനാല്‍ പ്രൊജക്ട് ടേക്കപ്പ് ചെയ്തു. thinkspeak എന്ന പ്ലാറ്റ്ഫോമിലാണ് IoT സംബന്ധമായ കാര്യങ്ങള്‍ നടത്തുന്നത്. സ്വന്തമായൊരു പ്ലാറ്റ്ഫോമില്‍ ഒരു ആപ്പ് ഡെവലപ് ചെയ്യണമെന്നാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം.
നിലവില്‍ ക്രോപ് സ്പെസിഫിക് അല്ല Go Green. ഓരോ ക്രോപ്പിനും അതിന്റേതായ രീതിയിലുള്ള മോണിറ്ററിംഗ് ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാനാണ് പ്ലാന്‍. ബേസിക്കായ ആശയമാണെങ്കിലും അത് കുറഞ്ഞ ചെലവിലും ഒരു പ്രൊഡക്ടെന്ന നിലയിലേക്കും മാറ്റുകയെന്നതാണ് തങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയെന്ന് ഫൗണ്ടേഴ്‌സ് പറയുന്നു.