അത്ഭുത കാഴ്ചകളുമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവലായ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുകയാണ്. പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
അതുകൊണ്ട് തന്നെ എത്തുന്ന മുഴുവന്‍ സന്ദര്‍ശകര്‍ക്കും തിരക്കില്ലാതെ സൗകര്യപ്രദമായി ഫെസ്റ്റിവെല്‍ ആസ്വദിക്കാനും മനസിലാക്കാനും വേണ്ടി ഓരോ ദിവസവും ഫെസ്റ്റിവലിലേക്ക് പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ എണ്ണം 30000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസമായി ഫെസ്റ്റിവൽ കണ്ടു തീർക്കാനും ടിക്കറ്റ് പാക്കേജുണ്ട്. ത്രീ സ്റ്റാർ താമസമടക്കം ക്ലാസ് എ ഫാമിലി പാക്കേജ്. സ്റ്റുഡന്റ് പാക്കേജ്, സ്കൂൾ പാക്കേജ് എന്നിവയുമുണ്ട്.
വിസ്മയമായി ടിക്കറ്റ് നിരക്കുകളും
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുതങ്ങള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
സ്കൂളുകളില്‍ നിന്നും സംഘമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. 30 വിദ്യാര്‍ഥികളില്‍ കുറയാതെയുള്ള സംഘങ്ങള്‍ക്കാണ് പാക്കേജുകള്‍ ലഭിക്കുക. ഫെസ്റ്റിവലിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതു മുതല്‍ സ്കൂളുകളില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിനകത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഫ്രഷ്അപ്പിനുള്ള സൗകര്യവും ഭക്ഷണവും ഫെസ്റ്റിവല്‍ ടിക്കറ്റും അടക്കമുള്ള പാക്കേജിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
30 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനു മാത്രമായി ഒരാള്‍ക്ക് നൂറു രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും അടക്കമുള്ള പാക്കേജ് 400 രൂപക്കും ലഭ്യമാണ്.
ത്രീ സ്റ്റാർ താമസമടക്കം ക്ലാസ് എ ഫാമിലി പാക്കേജ്
ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം ഒരാള്‍ക്ക് 6500 രൂപക്കു ലഭിക്കുന്ന ക്ലാസ് എ പാക്കേജാണ് മറ്റൊരാകര്‍ഷണം. ഇതേ പാക്കേജ് തന്നെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയില്‍ താമസവും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാള്‍ക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവല്‍ എന്‍ട്രിയും അടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്.
താരമാകാൻ ടെന്‍ഡിങ് ആന്‍ഡ് നൈറ്റ് സ്കൈവാച്ചിങ് പാക്കേജ്
നിയന്ത്രിതമായി മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന അഞ്ച് ആഡ് ഓണ്‍ ടിക്കറ്റ് പ്രദര്‍ശനങ്ങളുണ്ട് ഫെസ്റ്റിവലില്‍. ഓരോ ആഡ് ഓണ്‍ ടിക്കറ്റിനും 50 രൂപ വീതമാണ് നിരക്ക്. അഞ്ച് ആഡ് ഓണ്‍ ടിക്കറ്റുകളും ഒരുമിച്ചു ബുക് ചെയ്യുമ്പോള്‍ 200 രൂപയ്ക്ക് ലഭ്യമാണ്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ ടെന്‍ഡിങ് ആന്‍ഡ് നൈറ്റ് സ്കൈവാച്ചിങ്ങിനും രണ്ടു പാക്കേജുകള്‍ ലഭ്യമാണ്. ടെന്റില്‍ താമസം, ഭക്ഷണം, ആസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിദഗ്ധര്‍ നയിക്കുന്ന സ്കൈ വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കുള്ള ആഡ് ഓണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമാണ് പാക്കേജ്. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്.
ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജമാക്കുന്ന കൗണ്ടറുകളില്‍ നിന്നു നേരിട്ടും ടിക്കറ്റെടുക്കാം. ജിഎസ്എഫ്കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റ് പാക്കേജുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
The Global Science Festival Kerala will kick off from January 15 at Thiruvananthapuram’s Thonnakkal Bio 360 Life Sciences Park which is Asia’s largest curated Science park. Ticket packages have been introduced to see the two-day festival. It is expected to take around 8 hours to watch the entire Exhibition. Hence, the number of visitors admitted to the festival each day has been fixed at 30000 so that all the visitors get to enjoy the festival conveniently without any hindrance.