സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ഇതിൽ ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായത് 74 കോടി രൂപയാണ്. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം കേരള പോലീസ് സൈബര്‍ വിഭാഗത്തിന്റെ ഇടപെടൽ വഴി തിരികെ പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. കേരളാ പോലീസ് അറിയിച്ചതാണിക്കാര്യം.
ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും, 3289 മൊബൈല്‍ നമ്പറുകളും, 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും, 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു.
തട്ടിപ്പുകൾ ഇങ്ങനെ, അതിൽ വീഴരുത്
കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപത്തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും വന്‍തുക നിക്ഷേപമായി നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു. അതേസമയം നിക്ഷേപകര്‍ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികള്‍ തങ്ങള്‍ക്ക് വന്‍ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീന്‍ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വന്‍തുക നിക്ഷേപമായി നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നു. തങ്ങള്‍ നിക്ഷേപിച്ച തുകയുടെ രണ്ടോ മൂന്നോ ഇരട്ടി ലാഭവിഹിതമായി ലഭിച്ചതായി വെബ്സൈറ്റില്‍ അറിയിപ്പ് കിട്ടുന്നതാണ് അടുത്ത പടി.
ഈ തുക പിന്‍വലിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെടുമ്പോള്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മാത്രമേ മുതലും ലാഭവിഹിതവും പിന്‍വലിക്കാന്‍ കഴിയൂ എന്ന് വിശ്വസിപ്പിച്ചു കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, നിക്ഷേപം പിന്‍വലിക്കാനായി ജി.എസ്.ടിയും ടാക്സും എന്ന വ്യാജേന കൂടുതല്‍ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നത്.
എറണാകുളം തൃക്കാക്കര സ്വദേശിയില്‍ നിന്ന് രണ്ടുകോടി 60 ലക്ഷം രൂപയും എറണാകുളം ആലുവ സ്വദേശിയില്‍ നിന്ന് ഒരുകോടി 10 ലക്ഷം രൂപയും കോഴിക്കോട്, ആലപ്പുഴ സ്വദേശികളില്‍ നിന്ന് 50 ലക്ഷം രൂപയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഒട്ടും വൈകരുത് പോലീസിനെ സമീപിക്കാൻ
തട്ടിപ്പിനിരയാകുന്നവർ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് കേരള പോലീസ് നേരിടുന്ന പ്രധാന പ്രശ്നം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അറിയിക്കാവുന്നതാണ്.
പണം നഷ്ടമായി രണ്ടു മണിക്കൂറിനുള്ളില്‍ ഈ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചാല്‍ പണം തിരികെ പിടിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. എന്നാല്‍ പലപ്പോഴും പണം നിക്ഷേപിച്ച് പത്തുദിവസം വരെ കഴിഞ്ഞാണ് പോലീസിന് പരാതികള്‍ ലഭിക്കുന്നത്. ഇതിനാല്‍ തട്ടിപ്പുകാര്‍ക്ക് തുക പിന്‍വലിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നു.
ഇത്തരം നിക്ഷേപത്തട്ടിപ്പില്‍ പെടാതിരിക്കാനായി പണം നിക്ഷേപിക്കുന്നതിനു മുന്‍പുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിച്ചു സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണ്. അതിന് ബുദ്ധിമുട്ടുള്ളവര്‍ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നിക്ഷേപം നടത്താവൂ.
സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു
Online financial fraud upto Rs 201 crore has been reported by 23,753 people in the State of Kerala. Out of this, 3,394 people lost 74 crore rupees last year through Trading scams alone. Around 20 percent of the lost amount has been recovered through the intervention of Kerala Police Cyber Wing. Kerala Police Cyber Wing has blocked 5107 bank accounts, 3289 mobile numbers, 239 social media accounts and 945 websites used for such online frauds.