ഇ-സ്പോർട്സ് ഗെയിമിംഗിൽ കേരളത്തെ ഒന്നാമതെത്തിക്കാൻ കേരള ഇ-സ്പോർട്സ് അപെക്സ് (കെഇഎ-KEA) ലോഞ്ച് ചെയ്ത് സംസ്ഥാന സർക്കാർ. ഇ-സ്പോർട് ഗെയിമിംഗ് കമ്പനിയായ നോസ്കോപ് ഗെയിമിംഗ് ഇന്ത്യ(NoScope Gaming India), ബീറ്റ ഗ്രൂപ്പ് എന്നിവരുടെ പങ്കാളിത്തതോടെയാണ് സംസ്ഥാന സർക്കാർ കെഇഎ ആരംഭിക്കുന്നത്.
വീഡിയോ ഗെയിമിംഗ് മത്സരമാണ് ഇലക്ട്രോണിക്സ് സ്പോർട്സ് അഥവാ ഇസ്പോർട്സ്. പ്രൊഫഷണൽ ഗെയിമർമാർ പരസ്പരവും സാധാരണക്കാരുമായും ഒറ്റയ്ക്കും ടീമായും മൾട്ടിപ്ലയർ വീഡിയോ ഗെയിം കളിക്കാൻ പറ്റും. ചൈന, ദക്ഷിണ കൊറിയ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിരവധി ആരാധകരാണ് ഇസ്പോർട്സിനുള്ളത്.
രാജ്യത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് ഇസ്പോർട്സ്. ഇസ്പോർട്സിൽ കേരളത്തിന്റെ ആദ്യ ചുവടാണിതെന്ന് ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്മോഹൻ പിള്ള പറഞ്ഞു.
ഇസ്പോർട്സിനെ ധാരണയുണ്ടാക്കാനായി സ്കൂളുകളിൽ ഇസ്പോർട്സിനെ കുറിച്ച് ബോധവത്കരണ ക്ലാസുകളും നൈപുണ്യ വികസന, പരിശീലന കേന്ദ്രങ്ങളും സ്പോർട്സ് റീഹാബ് കേന്ദ്രങ്ങളും ആരംഭിക്കും. കൂടാതെ കേരളത്തിൽ ഇസ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ നടത്താനും പദ്ധതിയുണ്ട്.
നോസ്കോപ്പ് ഗെയിമിംഗും ബീറ്റ ഗ്രൂപ്പും തിരുവനന്തപുരം ടെന്നീസ് ക്ലബുമായി ചേർന്ന് നാഷണൽ ഇസ്പോർട് ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കമിട്ടു. വിർച്വൽ റിയാലിറ്റിയുമായി സംയോജിപ്പിച്ചുള്ള ടെന്നീസ് ചാമ്പ്യൻഷിപ്പ് എല്ലാവർക്കും പുതിയ അനുഭവമായിരിക്കും.