20 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം വർധിച്ചതാണ് മാർക്കറ്റ് കാപ്പിറ്റലൈസേഷനിലും പ്രതിഫലിച്ചത്.
ചൊവ്വാഴ്ചത്തെ ഇൻട്രാ-ഡേ ട്രേഡിൽ ബിസിഇയിൽ റിലയൻസിന്റെ ഓഹരി വില 2,957.80 രൂപയിലെത്തി. റെക്കോർഡ് നേട്ടമാണിത്. ചൊവ്വാഴ്ച ക്ലോസ് ചെയ്യുമ്പോൾ 0.68% എന്ന ബെഞ്ച്മാർക്ക് സെൻസെക്സ് നേട്ടത്തിനെതിരേ 0.90% അധികം നേടി 2928.95 രൂപയെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില കൂടിയാണിത്. ഈ കലണ്ടർ വർഷം തുടങ്ങിയതിന് ശേഷം 14% ആണ് ഓഹരിയിൽ വർധനവുണ്ടായത്. 2 ആഴ്ചയ്ക്കുള്ളിൽ റിലയൻസിന്റെ വിപണി മൂല്യത്തിൽ 1 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വർധനവുണ്ടായി.
കഴിഞ്ഞ 3 വർഷം കൊണ്ട് മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ രണ്ടിരട്ടി വർധനവുണ്ടാക്കാൻ റിലയൻസിന് സാധിച്ചു. റിലയൻസിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ കണക്കു കൂട്ടിയാൽ ഇന്ത്യയുടെ ആകെ ബജറ്റിന്റെ 45% വരും.
മാർക്കറ്റ് കാപ്പിറ്റലൈസേഷൻ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തി 10900 കോടി ഡോളറായി. ഈ വർഷം ഇതുവരെ മുകേഷ് അംബാനിയുടെ ആസ്തിയിൽ 1250 കോടി ഡോളറിന്റെ വർധനവാണ് ഉണ്ടായത്.
Reliance Industries Limited (RIL) makes history by becoming the first Indian company to surpass Rs 20 lakh crore in market capitalization, driven by a surge in share prices and a remarkable rally in 2024.