കേരളത്തില്‍ ചുരിദാര്‍ ഒരു തരംഗമായി മാറിവന്ന കാലത്ത് സ്ത്രീകളുടെ ബോഡി ഷേയ്പ്പിനനുസരിച്ചുളള വസ്ത്രം വിപണിയില്‍ എത്തിച്ച വി-സ്റ്റാര്‍ കേരളത്തിന്റെ സ്വന്തം ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റിലെ ആവശ്യങ്ങളുടെ സൂക്ഷ്മത കണ്ടറിഞ്ഞ് സ്ട്രാറ്റജി മെനയുന്ന ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയാണ് വി-സ്റ്റാറിന്റെ വിജയവും പെരുമയും. കൃത്യമായ പ്ലാനിംഗും മാനേജ്മെന്റ് വൈദഗ്ധ്യവും കൊണ്ടാണ് സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളില്‍ നിന്ന് ഷീല കൊച്ചൗസേപ്പ് എന്ന വുമണ്‍ എന്‍ട്രപ്രണര്‍ വിജയം മെനഞ്ഞത്.
ഇന്ന് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ ഹാര്‍ഡ് വര്‍ക്കല്ല സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടതെന്ന അഭിപ്രായമാണ് ഷീല കൊച്ചൗസേപ്പ് പങ്കുവെയ്ക്കുന്നത്. ഇരുന്നൂറിലധികം ജീവനക്കാര്‍ വി-സ്റ്റാറിലുണ്ട്. തന്നെക്കാള്‍ ഉത്തരവാദിത്വത്തോടെ അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പറയുമ്പോള്‍ ജീവനക്കാരില്‍ ഒരു എന്‍ട്രപ്രണര്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നുവെന്ന് കൂടിയാണ് വ്യക്തമാകുന്നത്. ടെക്സ്റ്റൈല്‍ മേഖലയോടുളള താല്പര്യമാണ് വി-ഗാര്‍ഡിന്റെ തണലില്‍ നിന്നും പുതിയ ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ ഷീല കൊച്ചൗസേപ്പിനെ പ്രേരിപ്പിച്ചത്. വീടിനോട് ചേര്‍ന്ന അച്ഛന്റെ ടെക്സ്റ്റൈല്‍ ഷോപ്പില്‍ നിന്ന് ചെറുപ്പം മുതല്‍ കാര്യങ്ങള്‍ കണ്ടുപഠിച്ചത് ബിസിനസിലെ ഇടപെടലുകള്‍ എളുപ്പമാക്കി.
കുടുംബത്തിന്റെ പിന്തുണയും തന്റെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്ന് ഷീല കൊച്ചൗസേപ്പ് പറയുന്നു. രാവിലെ ഓഫീസിലെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ പിന്നെ കുടുംബത്തിനൊപ്പമാണ് സമയം ചെലവഴിക്കുന്നത്. വീടും ബിസിനസും കുട്ടികളും ഫാമിലിയും ഒരുപോലെ കൊണ്ടുനടക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കൂവെന്ന വിശ്വാസം ഷീല കൊച്ചൗസേപ്പ് പങ്കുവെയ്ക്കുമ്പോള്‍ പുതുതലമുറയിലെ വുമണ്‍ എന്‍ട്രപ്രണേഴ്സിന് അത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.