ആധാര്‍ കാര്‍ഡുമായും മൊബൈല്‍ നമ്പരുമായും ബാങ്ക് അക്കൗണ്ട് കൂട്ടിയിണക്കുന്നതാണ് JAM. സര്‍ക്കാര്‍ സബ്സിഡികള്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. എന്നാല്‍ സൈബര്‍ തട്ടിപ്പിന്റെ കാലത്ത് ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും JAM ന് പങ്കുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ തല്‍ക്ഷണം മൊബൈലില്‍ ലഭ്യമാകും. അതുകൊണ്ടു തന്നെ അസ്വാഭാവികമായ ഇടപാടുകള്‍ വളരെ പെട്ടന്ന് മനസിലാക്കി നിജസ്ഥിതി ഉറപ്പിക്കാം.
ജന്‍ധന്‍ അക്കൗണ്ട്-ആധാര്‍-മൊബൈല്‍ എന്നതാണ് JAM ന്റെ പൂര്‍ണരൂപം. തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങള്‍, സബ്സിഡികള്‍ തുടങ്ങി സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പരുമായി ബന്ധിപ്പിച്ചാല്‍ ഇക്കാര്യങ്ങള്‍ ഒക്കെ ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ നിങ്ങള്‍ക്ക് അറിയാം. ബാങ്കില്‍ മൊബൈല്‍ നമ്പര്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങളും JAM ന്റെ ആവശ്യകതയും വിവരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും യൂണിയന് ബാങ്ക് ടെക്നിക്കല്‍ വിഭാഗം സീനിയര്‍ മാനേജരുമായ വി.കെ ആദര്‍ശ്.
ബാലന്‍സ് പിന്‍വലിക്കുമ്പോഴും അക്കൗണ്ടിലേക്ക് പണം എത്തുമ്പോഴും ബാങ്കുകള്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് മൊബൈല്‍ വഴിയാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ നിങ്ങളുടെ ബാലന്‍സ് പോലും അറിയാന്‍ കഴിയും. ഒരു അക്കൗണ്ടിനെ പല മൊബൈല്‍ നമ്പരുകളുമായി കണക്ട് ചെയ്താല്‍ അല്ലെങ്കില്‍ ഒരു മൊബൈല്‍ നമ്പര്‍ പല അക്കൗണ്ടിലേക്ക് കൊടുത്താല്‍ അത് കൃത്യമായി പ്രവര്‍ത്തിക്കാത്ത സാഹചര്യം ഉണ്ടാകും. മാത്രമല്ല ഇന്റര്‍നെറ്റ് അധിഷ്ഠിത പണമിടപാട് നടത്തുമ്പോള്‍ കിട്ടുന്ന ഒറ്റത്തവണ പാസ്വേഡ് (ഒറ്റിപി) മൊബൈലിലേക്കാണ് വരുന്നത്. പല നമ്പരുകള്‍ നല്കിയാല് ഇത് ബാങ്കുകള്‍ക്ക് ആശയക്കുഴപ്പത്തിന് കാരണമാകും.
മൊബൈല്‍ അധിഷ്ഠിത പണമിടപാടുകള്‍ ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. നാല് രീതിയില്‍ നിങ്ങള്‍ക്ക് മൊബൈല്‍ വഴി പണം അയയ്ക്കാം. ആധാര്‍ നമ്പരിലേക്കും മൊബൈല്‍ നമ്പരിലേക്കും വെര്‍ച്വല്‍ പ്രൈവറ്റ് അഡ്രസിലേക്കും പണം അയച്ചുകൊടുക്കാന്‍ കഴിയും. നേരത്തെ ചെയ്തിരുന്നതുപോലെ ഐഎഫ്എസ്സി കോഡ് ഉള്‍പ്പെടെ രേഖപ്പെടുത്തി അയയ്ക്കുന്നതാണ് നാലാമത്തെ രീതി. മൊബൈല്‍ നമ്പരുമായി ബാങ്ക് അക്കൗണ്ടിനെ കണക്ട് ചെയ്യുന്നത് സമയലാഭത്തിലുപരി ബാങ്കിംഗ് ഇടപാടുകള്‍ ലളിതമാക്കാന്‍ കൂടിയാണ് സഹായിക്കുന്നത്. സുരക്ഷിതവും സുഗമവുമായ ബാങ്കിംഗ് ഇടപാടുകള്‍ക്കും JAM ആവശ്യമായി മാറിക്കഴിഞ്ഞു. അക്കൗണ്ട് ഉളള ബാങ്കില്‍ അപേക്ഷ നല്‍കിയോ എടിഎം വഴിയോ ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാം.