കൂട്ടായ്മകളിലൂടെ വളര്‍ന്ന ചരിത്രമാണ് ലോകത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പറയാനുളളത്. മീറ്റപ്പ് കഫെ പോലുളള കൂട്ടായ്മകളിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ലക്ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റ് അപ്പ് കഫെയില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെക്കുറിച്ച് സജീവമായ ചര്‍ച്ചയാണ് നടന്നത്. റെസ്പോണ്സിബിള് കമ്മ്യൂണിറ്റിയെ വാര്‍ത്തെടുക്കുകയാണ് മീറ്റപ്പ് കഫെകളിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന് ലക്ഷ്യമിടുന്നതെന്ന് പരിപാടിയില്‍
സംസാരിച്ച ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി. വൈബ്രന്റായ ഇക്കോസിസ്റ്റത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ.സജി ഗോപിനാഥും പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചില മേഖലകളില്‍ നിന്ന് ഫണ്ടിംഗ് ലഭ്യമാക്കാനുളള നീക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇതിനായി ചില സ്വകാര്യ ഫണ്ടിംഗ് ഏജന്‍സികളുമായി സര്‍ക്കാര്‍ നേരിട്ട് സഹകരിക്കാനുളള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഡോ. സജി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഇക്കോ സിസ്റ്റത്തെ ക്രിയാത്മകമാക്കി നിലനിര്‍ത്തുന്നതിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തെ ഊര്‍ജ്ജസ്വലവും ഉത്തരവാദിത്വവുമുളള ഒരു സംവിധാനമാക്കി മാറ്റണമെന്ന് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസും അഭിപ്രായപ്പെട്ടു.
ഇന്ന് കേരളത്തില്‍ ദിവസേന മൂന്ന് സ്റ്റാര്‍ട്ടപ്പുകളെങ്കിലും തുടങ്ങുന്നുണ്ട്. ഇന്ത്യയില്‍ ഇത് 12 എണ്ണമെങ്കിലും വരുമെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു. തുടങ്ങുന്നതല്ല, നല്ല രീതിയില്‍ മുന്നോട്ടുപോകുകയെന്നതാണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപം നടത്താന്‍ ആളുകള്‍ തയ്യാറാണ്. മികച്ച ബിസിനസ് പ്ലാനുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് കിട്ടാന്‍ പ്രയാസം നേരിടുന്നില്ലെന്ന് രാജേഷ് നായര്‍ കൂട്ടിച്ചേര്‍ത്തു. നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന വ്യക്തിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലോ, ക്യാംപസ് അന്തരീക്ഷത്തിലോ അല്ലാതെ തന്നെ ശ്രദ്ധേയനായ എന്‍ട്രപ്രണറായി വളര്‍ന്ന കഥയാണ് കോര്‍പ്പറേറ്റ് 360 യുടെ സിഇഒ വരുണ്‍ ചന്ദ്രന് പങ്കുവെച്ചത്. ഇന്ന് ടെക്നോളജി, ഭാവിയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണെന്നും പത്ത് വര്‍ഷം മുന്‍പ് ഇതല്ലായിരുന്നു സ്ഥിതിയെന്നും വരുണ്‍ പറഞ്ഞു. കൊച്ചിയിലെ കേരള ടെക്നോളജി ഇന്നവേഷന്‍ സോണില്‍ നടന്ന മീറ്റ് അപ്പ് കഫേയില്‍ റിയാഫി ടെക്നോളജീസ് സിഇഒ ജോണ്‍ മാത്യു, മെന്റര്‍ ഗ്രാഫിക്സ് പ്രതിനിധികളും സംസാരിച്ചു. ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ ടൂളുകള്‍, പ്രമുഖ കമ്പനിയായ മെന്റര്ഗ്രാഫിക്സ്, മീറ്റില്‍ പരിചയപ്പെടുത്തി. നെറ്റ് വര്‍ക്കിംഗിനും ചര്‍ച്ചകള്‍ക്കും സഹായകരമായ മീറ്റ് അപ്പില്‍ പുതിയ പ്രൊഡക്ടുകളും പരിചയപ്പെടുത്തി.