കേരളത്തിന്റെ ഓണ്ട്രപ്രണര് ഡവലപെമെന്റിന് നയം കൊണ്ടും നിലപാട് കൊണ്ടും വിപ്ലവകരമായ മാറ്റമാണ് കെഎസ്ഐഡിസി നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ വ്യവസായിക സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ കെഎസ്ഐഡിസി വഹിച്ച പങ്ക് വലുതാണ്. സംരംഭകര്‍ക്ക് സാമ്പത്തിക സഹായം എന്നതിനപ്പുറം ബിസിനസിന്റെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്ക്കുന്ന ബഹുമുഖ ഏജന്‍സിയായി കെഎസ്ഐഡിസി മാറിക്കൊണ്ടിരിക്കുകയാണ്. കെഎസ്ഐഡിസിയുടെ അമരക്കാരായ ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും (ഐഎഎസ് റിട്ട.) മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന ഐഎഎസും ആണ് ഈ മാറ്റത്തിന് നേതൃത്വം നല്‍കുന്നത്. channeliam.com എഡിറ്റര്‍ ഇന്‍ ചീഫ് നിഷ കൃഷ്ണനോട് സംസാരിക്കവേ ഭാവിയുടെ സാധ്യതകള്‍ മനസ്സിലാക്കി കോര്പ്പറേഷന് നടത്തുന്ന തയ്യാറെടുപ്പുകളും നിലവില്‍ കെഎസ്ഐഡിസി പ്രാമുഖ്യം നല്കുന്ന മേഖലകളും ഇരുവരും വ്യക്തമാക്കി. വീഡിയോ കാണാം.
ടെക്നോളജിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ബിസിനസ് രീതിയിലേക്ക് സംരംഭകരെ കൈപിടിച്ചുയര്‍ത്തുന്ന ഇന്‍കുബേഷന്‍ സെന്ററുകളും മെന്ററിംഗ് സെഷനുകളും കാലത്തിന് അനുസരിച്ചുളള കെഎസ്ഐഡിസിയുടെ മാറ്റത്തിന്റെ ഭാഗമാണ്. കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിലും അങ്കമാലിയിലുമായി രണ്ട് ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകളാണ് കെഎസ്ഐഡിസിക്ക് ഉളളത്. ധാരാളം പേര് ഇവിടുത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. മലബാര്‍ മേഖലയില്‍ ഉളളവര്‍ക്കായി കോഴിക്കോടും ഇന്‍കുബേഷന്‍ സെന്റര്‍ ഉണ്ട്. ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചുളള കെഎസ്ഐഡിസിയുടെ പിച്ചിംഗ് സെഷനുകളും മെന്ററിംഗ് സപ്പോര്‍ട്ടും സംരംഭകര്‍ക്ക് കുറച്ചൊന്നുമല്ല സഹായകമാകുന്നത്.
കേരളത്തില്‍ ഇന്ന് സംരംഭകര്‍ക്ക് സാമ്പത്തിക സഹായത്തിനപ്പുറം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ബിസിനസ് ചെയ്യുന്നതിനുമുളള വഴികള്‍ തുറന്നുകൊടുക്കുകയുമാണ് ആവശ്യമെന്ന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറയുന്നു. അതുകൊണ്ടു തന്നെ പുതിയ സംരംഭകര്‍ക്ക് ഒരു വഴിതെളിച്ചുകൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മെന്ററിംഗ് പ്രോഗ്രാം ഉള്‍പ്പെടെയുളള പരിപാടികള്‍ കെഎസ്ഐഡിസി സംഘടിപ്പിക്കുന്നത്. കേരളത്തിന് പുറത്തുപോയ ധാരാളം മലയാളികള്‍ ഇവിടേക്ക് തിരിച്ചുവരാന്‍ താല്പര്യപ്പെടുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്താന്‍ താല്പര്യമുളളവരാണ് ഇവരില്‍ അധികവും. പക്ഷെ ഇവരെ ഒരുമിപ്പിച്ചു കൊണ്ടുവരാന്‍ ആരെങ്കിലും മുന്‍കൈ എടുക്കേണ്ടതുണ്ട്. അതിനുളള ശ്രമവും കെഎസ്ഐഡിസി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ക്ക് വീഡിയോ കാണാം.
ഇന്ന് സ്റ്റാര്‍ട്ടപ്പ് ബിസിനസുകളിലേക്ക് ഇറങ്ങുന്ന യുവാക്കളുടെ എണ്ണം അതിശയപ്പിക്കുന്നതാണെന്ന് ഡോ. എം ബീന പറയുന്നു. പഠനത്തിന് ശേഷം ഇഷ്ടമില്ലാത്ത തൊഴില്‍ മേഖലയിലാകും പലരും ചെന്നെത്തുന്നത്. എന്നാല്‍ പഠിച്ചതും താല്‍പര്യമുളളതുമായ വിഷയത്തില്‍ ഭാവി കെട്ടിപ്പടുക്കാനുളള അവസരമാണ് ഇത്തരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ ഒരുങ്ങുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബംഗലൂരു ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ പല വിജയകരമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്നില്‍ മലയാളികളാണ്. അതുകൊണ്ടു തന്നെ അവിടങ്ങളില്‍ റോഡ് ഷോകള്‍ നടത്തി അവരെ കേരളത്തിലേക്ക് തിരികെയെത്തിക്കാന്‍ കെഎസ്ഐഡിസി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വരെ സീഡ് ഫണ്ടിംഗ് നല്‍കുന്നതിന് പുറമേ ഉല്‍പ്പന്നം മാര്‍ക്കറ്റിലിറങ്ങിയ ശേഷം തരക്കേടില്ലാത്ത ബിസിനസ് ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഒരു കോടി രൂപ വരെ കെഎസ്ഐഡിസി നല്‍കും. സംസ്ഥാനത്തെ സംരംഭക മേഖലയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിനും കെഎസ്ഐഡിസി മുന്കൈയ്യെടുക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി.