2002 ല്‍ കൊച്ചിയിലെ ഒരു വീടിന്റെ ലിവിങ് റൂമില്‍ ചെറിയ രീതിയില്‍ ആരംഭിച്ച മന്ത്ര എന്ന ബോട്ടിക്യൂ ഇന്ന് ഫാഷന്‍ ലോകത്ത് പരിചിതമായ മന്ത്രമായിമാറിക്കഴിഞ്ഞു. ഒപ്പം അതിന്റെ ഉടമ ശാലിനി ജെയിംസ് എന്ന ഫാഷന്‍ ഡിസൈനറും. ചെന്നൈ നിഫ്റ്റില്‍ നിന്ന് ഫാഷന്‍ ടെക്നോളജിയും കല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് ബിസിനസ് മാനേജ്മെന്റും പഠിച്ചിറങ്ങിയ ശാലിനി എറണാകുളത്ത് മന്ത്ര തുടങ്ങിയത് കേവലം വുമണ്‍ എന്‍ട്രപ്രണര്‍ എന്ന പേരെടുക്കാനായിരുന്നില്ല.
മറിച്ച് ഡിസൈനിങ് രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനായിരുന്നു. ഡ്രസ് സിസൈനിങ്ങില്‍ സ്വന്തമായ ബ്രാന്‍ഡിന് ഉടമയായ ശാലിനി ജെയിംസ് അതിസൂഷ്മമായ ചുവടുവെയ്പിലൂടെ ദേശീയ തലത്തില്‍ പോലും ഇന്ന് ശ്രദ്ധ നേടിക്കഴിഞ്ഞു.
മന്ത്രയിലെത്തുന്ന കസ്റ്റമേഴ്സില്‍ അധികം പേര്‍ക്കും എന്താണ് വേണ്ടതെന്ന് നിശ്ചയമുളളവരാണ്. അവരുടെ ആശയങ്ങള്‍ റിയാലിറ്റിയിലേക്ക് മാറ്റുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന ശാലിനി പറയുന്നു. ആ പ്രൊസസിലാണ് തന്റെ ക്രിയേറ്റീവ് വോയ്സ് ഉപയോഗിക്കുന്നത്. ടെക്സ്റ്റൈല്‍ പ്രൊഡക്ട് ആയതുകൊണ്ടു തന്നെ ഓഫ്ലൈന് മാര്‍ക്കറ്റിങ്ങിനാണ് പ്രാധാന്യം നല്‍കുന്നത്. ഫിറ്റ് ആന്‍ഡ് കംഫര്‍ട്ട് എന്നതാണ് ഓരോ സ്ത്രീയുടെയും വസ്ത്ര സങ്കല്പം. നല്ല സ്റ്റോറിയിലൂടെ മാത്രമേ പ്രൊഡക്ട് വില്ക്കാനാകൂവെന്നാണ് ശാലിനിയുടെ പക്ഷം.
മാറിവരുന്ന ട്രെന്‍ഡുകള്‍ പഠിക്കുന്നതും പുതിയ കോംപെറ്റീറ്റേഴ്സ് വരുന്നതും വളര്‍ച്ചയ്ക്ക് സഹായമാണെന്ന് ടൈ കേരള കൊച്ചിയില്‍ സംഘടിപ്പിച്ച സ്പെഷല്‍ ഡിന്നര്‍ മീറ്റില്‍ സംസാരിക്കവേ ശാലിനി പറഞ്ഞു. ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.