Trending

വിദ്യാര്‍ത്ഥികളിലെ സംരംഭകത്വം തൊട്ടറിയാന്‍ ഒരു കേരള യാത്ര

ലോകം മുഴുവന്‍ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ മാറിനില്‍ക്കാനാകും? നമ്മുടെ ക്യാംപസുകളിലും സംരംഭകത്വത്തിന്റെ വസന്തകാലം വരികയാണ്. വിദ്യാര്‍ത്ഥികളുടെ സംരംഭക ആശയങ്ങള്‍ക്ക് ദിശാബോധം നല്‍കി അവരെ സംരംഭക വഴിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കെഎസ്‌ഐഡിസിക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമൊപ്പം ചാനല്‍അയാം കൈകോര്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ക്യാംപസുകളില്‍ ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് നടത്തുന്ന ‘ഔട്ട് ഓഫ് സിലബസ്’ ബൂട്ട് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികളുടെ സംരംഭക മികവ് കണ്ടെത്തുന്നതിലുപരി ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്. ഇന്നവേഷന്‍ ത്രൂ മീഡിയ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍അയാം, കണ്‍സ്ട്രക്റ്റീവ് ജേര്‍ണലിസത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടിയുമായി ക്യാംപസുകളിലേക്ക് ഇറങ്ങുന്നതെന്ന് ചാനലിന്‍റെ ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണന്‍ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും വൈബ്രന്‍റായ വിദ്യാര്‍ത്ഥിസമൂഹത്തില്‍ എന്‍ട്രപ്രണറാകാന്‍ ആഗ്രഹിക്കുന്നവരോട് സംവദിക്കാനാണ് ബൂട്ട് ക്യാംപുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു

കേരളത്തിലെ എന്‍ജിനീയറിങ്, പോളിടെക്‌നിക് ക്യാംപസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 23 കോളജുകളിലാണ് ആദ്യഘട്ടത്തില്‍ ബൂട്ട് ക്യാമ്പ് നടത്തുക. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരു മാസം നീളുന്ന ക്യാമ്പുകളില്‍ പങ്കെടുക്കും. ഔട്ട് ഓഫ് സിലബസ് നടക്കുന്ന ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളുടെ മികച്ച ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഷോക്കേസ് ചെയ്യാനുളള അവസരവും ഉണ്ടായിരിക്കും. സംരംഭകജീവിതത്തില്‍ കൈയ്യൊപ്പ് ചാര്‍ത്തിയവരുടെ വിജയകഥകളും അവരുടെ കേസ് സ്റ്റഡീസും വിശദമാക്കുന്ന ബൂട്ട് ക്യാമ്പ് ഏതൊരു വിദ്യാര്‍ത്ഥിക്കും മുതല്‍ക്കൂട്ടാകും.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ചുക്കാന്‍ പിടിക്കുകയും ഇന്‍കുബേഷന്‍ സെന്ററുകളിലൂടെ പുതിയ ഇന്നവേറ്റീവ് പ്രൊഡക്ടുകളുടെ പിറവിക്ക് വഴിയൊരുക്കുകയും ചെയ്യുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കെഎസ്‌ഐഡിസിയുടെയും സഹകരണം സംരംഭകഭാവി സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നിടും. സെപ്റ്റംബര്‍ 12 ന് കൊച്ചിയില്‍ നടക്കുന്ന കെഎസ്‌ഐഡിസി യംങ്ങ് എന്‍ട്രപ്രണേഴ്സ് സമ്മിറ്റ് (യെസ്), ഓഗസ്റ്റ് 19ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സെഘടിപ്പിക്കുന്ന ഐഇഡിസി സമ്മിറ്റ് തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയെന്നതും ഔട്ട് ഓഫ് സിലബസ് ലക്ഷ്യം വെയ്ക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ എന്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തിനും സ്റ്റാര്‍ട്ടപ് സംവിധാനത്തിനുമാണ് കേരള സ്റ്റാര്‍ട്ടപ് മിഷനും കെഎസ്ഐഡിസിയും നേതൃത്വം നല്‍കുന്നത്. ഈ രണ്ടു ഗവണ്‍മെന്‍റ് നോഡല്‍ ഏജന്‍സികളും ഒന്നിച്ച് സ്റ്റുഡന്‍സ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാന്‍ ഇത്ര ദീര്‍ഘമായ പരിപാടി ഇതാദ്യമാണ്. എന്‍ട്രപ്രണേഴ്സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേണ്ടി കേരളത്തിലെ ആദ്യ ഡിജിറ്റല്‍ മീഡിയയായ ചാനലായ അയാം ഇത്ര ബൃഹത്തായ പരിപാടിക്ക് നേതൃത്വം നല്‍കുന്പോള്‍, ബൂട്ട് ക്യാംപിന്‍റെ കരിക്കുലം ഒരുക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായ ഓപ്പണ്‍ഫ്യൂവല്‍ എന്ന നോട്ട്പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ്. രാജ്യത്തെ ക്യാംപസുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ആണ് ഓപ്പണ്‍ ഫ്യുവല്‍. അഹമ്മദാബാദ് ഐഐഎമ്മില്‍ സ്പീക്കര്‍ ആയ രോഹിത് രാധാകൃഷ്ണന്‍ ആണ് channeliam.com നൊപ്പം സംസ്ഥാനത്തെ ക്യാംപസുകളില്‍ ബൂട്ട് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി സഞ്ചരിക്കുന്നത്.

പാഠ്യവിഷയങ്ങള്‍ക്കപ്പുറം സംരംഭകത്വത്തിന്റെ സിലബസില്‍ കാണാത്ത പ്രായോഗിക പാഠങ്ങളാണ് ഔട്ട് ഓഫ് സിലബസ് വിദ്യാര്‍ത്ഥികളിലേക്ക് പകരുക. വിദ്യാര്‍ത്ഥികളുടെ നൂതനമായ സംരംഭക ആശയങ്ങളും സംവാദവും ഉള്‍പ്പെടുത്തി ഓണ്‍ട്രപ്രണര്‍ഷിപ്പിന്റെ സമവാക്യങ്ങള്‍ക്ക് പുതിയ മോഡല്‍ അവതരിപ്പിക്കുകയാണ് ഔട്ട് ഓഫ് സിലബസ്.

Leave a Reply

Close
Close