Paytm: A product of Vijay's will power-Watch the amazing journey

പേഴ്‌സും സ്മാര്‍ട്ട് ഫോണും ഒരുമിച്ച് എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന ചോദ്യത്തില്‍ നിന്നാണ് പേടിഎമ്മിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് വിജയ് ശേഖര്‍ ശര്‍മയെന്ന കഠിനാധ്വാനിയായ എന്‍ട്രപ്രണറെ എത്തിച്ചത്. പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജിംഗ് വെബ്‌സൈറ്റായി തുടങ്ങിയ പേടിഎം ഇന്ന് ഡിജിറ്റല്‍ ബാങ്കിംഗ് ലോകത്ത് അനിവാര്യമായി മാറി. ടെക്‌നോളജിയുടെ വിപ്ലവകരമായ മാറ്റം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉപയോഗിക്കുകയായിരുന്നു വിജയ് ശേഖര്‍ ശര്‍മയെന്ന ചെറുപ്പക്കാരന്‍. പരമ്പരാഗത ബിസിനസ് മോഡലുകളില്‍ നിന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസിലേക്കും സ്റ്റാര്‍ട്ടപ്പുകളിലേക്കുമുളള ഇന്ത്യയുടെ പരിണാമത്തിന്റെ കഥ കൂടിയുണ്ട് വിജയ് ശേഖര്‍ ശര്‍മയുടെ വിജയത്തിന് പിന്നില്‍.

യുപിയില്‍ അലിഗഢിനോട് ചേര്‍ന്ന ചെറു നഗരത്തില്‍ നിന്നായിരുന്നു വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച. പഠനത്തില്‍ അസാധാരണ വൈഭവം പ്രകടിപ്പിച്ചിരുന്ന വിജയ് പന്ത്രണ്ടാം വയസില്‍ പത്താം ക്ലാസ് പാസായി. മറ്റ് കുട്ടികള്‍ക്ക് മുന്‍പേ 14 ാം വയസില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്‍ജിനീയറിംഗിന് ചേരാന്‍ ശ്രമിച്ചെങ്കിലും പ്രായമായില്ലെന്ന് പറഞ്ഞ് എന്‍ട്രന്‍സ് എഴുതാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പ്രത്യേക അനുമതിയോടെ പരീക്ഷയെഴുതി അഡ്മിഷന്‍ നേടി. അവിടെ നിന്നായിരുന്നു വിജയ് ശേഖര്‍ ശര്‍മയുടെ എന്‍ട്രപ്രണര്‍ ജേര്‍ണി ആരംഭിക്കുന്നത്.

കോളജില്‍ നിന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്

കോളജിലെ മൂന്നാം വര്‍ഷം സഹപാഠിയുമൊത്ത് ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിച്ചു. ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്ക് സഹായകമായ കണ്ടെന്റ് മാനേജ്‌മെന്റ് സിസ്റ്റംസ് (സിഎംഎസ്) തയ്യാറാക്കി നല്‍കുന്ന സ്ഥാപനമായിരുന്നു. കോളജിന്റെ വെബ്‌സൈറ്റും ഇ-മെയില്‍ സര്‍വ്വീസും സൗജന്യമായി ഹാന്‍ഡില്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ ക്യാംപസിനുളളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങി. എന്നാല്‍ അത് നീണ്ടുനിന്നില്ല. പിന്നീട് പല ബിസിനസുകളിലും പരീക്ഷണം നടത്തിയെങ്കിലും മെച്ചമുണ്ടായില്ല. വണ്‍97 കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയത് ഈ കാലത്താണ്. തിരിച്ചടികള്‍ വിജയ്‌യുടെ ആത്മവിശ്വാസത്തില്‍ ഇടിവുണ്ടാക്കിയില്ല. ഡല്‍ഹിയിലെ ശൈത്യകാലത്ത് രണ്ട് കാപ്പിയുടെ കരുത്തില്‍ മാത്രം തളളിനീക്കിയ ദിവസങ്ങള്‍ ഉണ്ടെന്ന് വിജയ് ഓര്‍ക്കുന്നു. ഇരുന്നൂറ് രൂപ കൊണ്ട് രണ്ടാഴ്ചയോളം സകല ചെലവുകളും കഴിച്ചുകൂട്ടേണ്ടി വന്നു. ബിസിനസ് മീറ്റിംഗുകള്‍ക്കായി 14 കിലോമീറ്റര്‍ വരെ നടന്ന ദിനങ്ങളുണ്ട്. ബസിന് കൊടുക്കാനുളള പണം ലാഭിക്കാന്‍ വേണ്ടിയായിരുന്നു ഈ നടത്തം. കഷ്ടപ്പാടുകള്‍ക്കിടയിലും പുതിയ ആശയത്തിനായുളള അന്വേഷണം അവസാനിപ്പിച്ചില്ല.

പേടിഎം പിറന്നത്

സ്മാര്‍ട്ട്‌ഫോണുകളില്‍ ലോകം താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ വിജയ് ആഗ്രഹിച്ചു. 2010 ലാണ് പേടിഎം എന്ന ആശയത്തിലേക്ക് വരുന്നത്. പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജിംഗ് വെബ്‌സൈറ്റായിട്ടായിരുന്നു തുടക്കം. ക്രമേണ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാനായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സര്‍വ്വീസും ആകര്‍ഷകമായ പേ ബാക്ക് ഓഫറുകളും മറ്റും നല്‍കി അവരെ തുടര്‍ന്നും പേടിഎം സേവനം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

പേടിഎം ഇന്നത്തെ രൂപത്തിലേക്ക്

മൊബൈല്‍ പേമെന്റ് സംവിധാനം എന്ന ആശയം വിജയ് കമ്പനിയുടെ ബോര്‍ഡിന് മുന്നില്‍ വെയ്ക്കുന്നത് വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു. ചൈനയില്‍ ഒരു വിസിറ്റിന് പോയപ്പോള്‍ തിരക്കേറിയ റസ്‌റ്റോറന്റില്‍ മൊബൈല്‍ ഉപയോഗിച്ച് പേമെന്റ് നടത്തുന്നത് കണ്ടതോടെ വിജയ് ആവേശത്തിലായി. സെക്കന്‍ഡുകള്‍ക്കുളളില്‍ പേമെന്റ് നടക്കുന്നതോടൊപ്പം ഇടപാടിന്റെ ഇന്‍വോയ്‌സും ഫോണിലേക്ക് വന്നു. സ്‌കാനറും കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉപയോഗിച്ചായിരുന്നു ഇത് സാദ്ധ്യമായത്. കൈയ്യില്‍ പണം വെച്ച് ഡീലിംഗ് നടത്തുന്ന ഇന്ത്യയില്‍ ഈ ആശയം വിജയിക്കില്ലെന്നായിരുന്നു ബോര്‍ഡിന്റെ ആദ്യ പ്രതികരണം. ഇന്റര്‍നെറ്റ് കണക്ഷന്‍ അത്ര വ്യാപകമല്ലാത്ത രാജ്യത്ത് എങ്ങനെ ഈ ബിസിനസിന് വളര്‍ച്ചയുണ്ടാകുമെന്ന ചോദ്യങ്ങള്‍ വിജയ് ഗൗനിച്ചില്ല. ക്യൂആര്‍ കോഡ് സ്‌കാനിംഗ് പോലുളള സംവിധാനങ്ങളുമായി പിന്നീട് പേടിഎം ഈ വെല്ലുവിളികളെ മറികടന്നു. 2014 ല്‍ പേടിഎം വാലറ്റ് ലോഞ്ച് ചെയ്തു. 2016 ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ പേമെന്റ് സര്‍വ്വീസ് പ്ലാറ്റ്‌ഫോമായി പേടിഎം മാറി. രത്തന്‍ ടാറ്റയും ലോകത്തെ ഒന്നാം നമ്പര്‍ ഇ കൊമേഴ്‌സ് ഗ്രൂപ്പായ ആലിബാബയും ഒക്കെ പേടിഎമ്മില്‍ നിക്ഷേപകരായി.

ഡീമോണിറ്റൈസേഷന്‍ കാലത്തെ രക്ഷകന്‍

1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച ഡീമോണിറ്റൈസേഷന്‍ കാലത്ത്
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറ്റവും അധികം തുണയായത് പേടിഎം ആയിരിക്കും. ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പേടിഎം അവരുടെ രക്ഷയ്‌ക്കെത്തി. ഏത് സേവനത്തിനും പേടിഎമ്മിലൂടെ പണം നല്‍കാമെന്ന സ്ഥിതിയായി. പേടിഎമ്മിലൂടെ ലഭിക്കുന്ന സമയലാഭവും വിശ്വാസ്യതയും മനസിലാക്കിയതോടെ കൂടുതല്‍ ആളുകള്‍ അതിന്റെ സേവനം വിനിയോഗിച്ചു തുടങ്ങി. വിജയ് ശേഖര്‍ ശര്‍മയുടെ ബിസിനസ് മോഡല്‍ വിജയത്തിലേക്ക് വഴിമാറിയത് അവിടെയായിരുന്നു. ഇരുന്നൂറ് മില്യനിലധികം രജിസ്റ്റേര്‍ഡ് ഉപയോക്താക്കളാണ് പേടിഎം സേവനങ്ങള്‍ യോഗിക്കുന്നത്. അഞ്ച് മില്യനിലധികം ട്രാന്‍സാക്ഷനുകളാണ് നടക്കുന്നത്.

പേമെന്റ് ബാങ്കിലേക്ക്

മൊബൈല്‍ വാലറ്റ് കമ്പനിയില്‍ നിന്ന് പേമെന്റ് ബാങ്കിലേക്ക് വളര്‍ന്നിരിക്കുകയാണ് പേടിഎം ഇന്ന്. കഴിഞ്ഞ മെയിലാണ് കമ്പനി പേമെന്റ് ബാങ്കിലേക്ക് ചുവടുവെച്ചത്. ബാങ്കിംഗ് നെറ്റ് വര്‍ക്ക് ശക്തമാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ 400 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version