ജിഎസ്ടി നിലവില്‍ വന്ന ശേഷം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ചെറുകിട ബിസിനസിനെ അത് എങ്ങനെ ബാധിക്കുമെന്നത്. രജിസ്ട്രേഷനും പ്രതിമാസ റിട്ടേണും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചെറുകിടക്കാര്‍ക്ക് തലവേദനയാകുമെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം നടപടിക്രമങ്ങള്‍ ചെറുകിട ഉല്പാദകരെ സഹായിക്കുമെന്ന് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്ത മത്സരം നിലനില്‍ക്കുന്ന ബിസിനസുകളില്‍ വഴിവിട്ട രീതിയില്‍ പിടിച്ചുനില്ക്കാന് പലരും ശ്രമിച്ചേക്കാം. വില കുറച്ച് വില്‍ക്കുന്നതിന് വേണ്ടി പലപ്പോഴും ബില്ലില്ലാതെയും സെക്കന്‍ഡ് ബില്ല് ഉപയോഗിച്ചും സാധനങ്ങള്‍ കൊടുക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരായ രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതെ വരും. എന്നാല്‍ ജിഎസ്ടി നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതോടെ ഇത് ഒരു പരിധി വരെ തടയാന്‍ കഴിയും. പ്രൊഡക്ടുകള്‍ക്ക് യഥാര്‍ത്ഥ കോംപെറ്റിറ്റീവ് മാര്‍ക്കറ്റ് ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ചെറുകിട ഉല്‍പാദകര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണകരമാകുക.
ജിഎസ്ടിയിലെ ആന്റി പ്രൊഫിറ്റീറിംഗ് റൂള്‍സും ചെറുകിടക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഒരു ഉല്‍പ്പന്നത്തിന് പരമാവധി ഈടാക്കാവുന്നതില്‍ കൂടുതല്‍ വില വാങ്ങിയാല്‍ നടപടി ഉറപ്പുവരുത്തുന്നതാണ് ആന്റി പ്രൊഫിറ്റീറിംഗ് സെഷന്. കടുത്ത പിഴ ഉള്‍പ്പെടെയുളള നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. വിപണി കൂടുതല്‍ സജീവമാക്കാനും അനാവശ്യ മത്സരം ഒഴിവാക്കാനും ഇത് സഹായിക്കും. ചെറുകിടക്കാര്‍ക്ക് അവരുടെ പ്രൊഡക്ട് നഷ്ടമുണ്ടാകാതെ വിറ്റഴിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുക.