കേരളത്തില്‍ ഇനി ഒരു സംരംഭകര്‍ക്കും നിരാശനായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫണ്ട് ലഭിക്കുന്നതിനുള്‍പ്പെടെ മുന്‍പുണ്ടായിരുന്ന പ്രയാസങ്ങള്‍ സംരംഭകര്‍ക്ക് ഇന്ന് നേരിടുന്നില്ല. രാജ്യത്തെ മികച്ച വ്യവസായ-നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി യെസ് 2017 ല്‍ വ്യക്തമാക്കി. സംരംഭങ്ങളിലെ കാലാനുസൃതമായ മാറ്റങ്ങളെ പൂര്‍ണമനസോടെ ഉള്‍ക്കൊളളുന്ന നിലപാടാണ് സര്‍ക്കാരിനുളളത്.
നിലവില്‍ പിന്തുടരുന്ന ചില പരമ്പരാഗത രീതികള്‍ പുതുതലമുറ സംരംഭങ്ങള്‍ക്ക് മാത്രമല്ല സാധാരണ നിലയിലുളള സംരംഭങ്ങള്‍ക്കും അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവില്‍ നിന്ന് മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പരമ്പരാഗത രീതിയില്‍ കുടുങ്ങിക്കിടക്കാതെ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇത്തരം മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍. ആശയത്തിലെ പുതുമയാണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രത്യേകത.
സംരംഭങ്ങളെക്കുറിച്ചുളള യുവജനങ്ങളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പഠനശേഷം തൊഴില്‍ എന്ന സങ്കല്പത്തില് നിന്നും പഠനത്തോടൊപ്പം ജോലിയെന്ന രീതിയിലേക്ക് അത് മാറി. നല്ല ആശയങ്ങള്‍ക്കായി പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്. കെഎസ്ഐഡിസി പോലുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍ യുവസംരംഭകര്‍ക്കും നവസംരംഭകര്‍ക്കും വേണ്ടി നിരവധി സേവനങ്ങള്‍ ചെയ്തു നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.