ഹജ്ജിനു മാസങ്ങൾക്കു മുൻപേ വിസ വിതരണം ആരംഭിച്ച് സൗദി അറേബ്യ. നുസുക് ഹജ് പ്ലാറ്റ്ഫോം വഴി റജിസ്റ്റർ ചെയ്തു പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് വിസകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. തീർഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്കു കുറയ്ക്കുമെന്ന് ഉറപ്പാക്കുകയുമാണു നേരത്തേയുള്ള ഒരുക്കങ്ങൾക്കു പിന്നിലെ ലക്ഷ്യമെന്നു ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഹജ് സംഘം ഏപ്രിൽ 18ന് സൗദിയിൽ എത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വിദേശ തീർഥാടകർക്കുള്ള സേവന കരാറുകളെല്ലാം ഹജ്, ഉംറ മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിരുന്നു. ഇതുവരെ 7.5 ലക്ഷം തീർഥാടകരാണ് ഹജ്ജിനു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മക്കയിലെ താമസം സംബന്ധിച്ച കരാറുകൾ നുസുക് മസാർ പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയിട്ടുമുണ്ട്. ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 19ന് ഉംറ വിസ വിതരണം താൽക്കാലികമായി നിർത്തിവെയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 2നു ശേഷം ഉംറ വിസക്കാരെ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 18നകം രാജ്യത്ത് അവശേഷിക്കുന്ന ഉംറ തീർഥാടകർ രാജ്യം വിടാനും നിർദേശിച്ചിട്ടുണ്ട്. ഹജ്ജിനു ശേഷമായിരിക്കും ഉംറ തീർഥാടനം പുനരാരംഭിക്കുക.
Saudi Arabia has started issuing Hajj 2026 (1447 AH) visas via the Nusuk platform. Learn about the early arrival of pilgrims starting April 18, Umrah visa suspension dates, and the Kingdom’s efforts to ensure a smooth pilgrimage experience.
