ദക്ഷിണാഫ്രിക്കയിലെ ഒരു അവധിക്കാല ട്രിപ്പില്‍ ഉറ്റസുഹൃത്തുക്കളായ മൂന്നുപേരുടെ മനസില്‍ ഉദിച്ച ആശയമാണ് ബുക്ക് മൈ ഷോ എന്ന ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം. മുംബൈയിലെ സിഡന്‍ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സഹപാഠികളായിരുന്ന ആഷിഷ് ഹേംരാജനി, പരീക്ഷിത് ധര്‍, രാജേഷ് ബാല്‍പാണ്ഡെ എന്നിവരായിരുന്നു ആ വിദ്യാര്‍ത്ഥികള്‍. റഗ്ബീ ഗെയിം ടിക്കറ്റ് വില്‍പനയുടെ റേഡിയോ പരസ്യം കേട്ടതോടെ ആഷിഷ് ഹേംരാജനിയുടെ മനസിലാണ് പുതിയ ആശയത്തിന്റെ സ്പാര്‍ക്കടിച്ചത്.

തിരികെ ഇന്ത്യയിലെത്തിയ ആഷിഷ്, ജെ.ഡബ്ല്യു തോംപ്സണിലെ ജോലി ഉപേക്ഷിച്ചു. മനസിലെ സ്വപ്‌നത്തിന്റെ പിന്നാലെ സഞ്ചരിച്ച് ഇരുപത്തിനാലാം വയസില്‍ ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ കമ്പനിക്ക് സ്വന്തം ബെഡ് റൂമായിരുന്നു ആഷിഷ് ആദ്യം ഓഫീസാക്കിയത്. 2000-2001 ല്‍ ന്യൂസിലന്‍ഡിലെ വിസ്ത എന്ന ടിക്കറ്റിംഗ് സോഫ്റ്റ് വെയറിന്റെ ഇന്ത്യയിലെ സര്‍വ്വീസും റീട്ടെയ്ല്‍ വില്‍പനയും സ്വന്തമാക്കിയായിരുന്നു ബിഗ് ട്രീ ബിസിനസ് തുടങ്ങിയത്. ബിസിനസിന് വ്യക്തമായ രൂപം കൈവന്നതോടെ ജോലി രാജിവെച്ച് സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു. പരീക്ഷിത് ധര്‍ ടെക്നോളജിയുടെയും രാജേഷ് ബാല്‍പാണ്ഡെ ഫിനാന്‍സിന്റെയും ചുമതല ഏറ്റെടുത്തു.

ഇന്ത്യയിലെ സിനിമാ ആസ്വാദകരെ ലക്ഷ്യമിട്ട് വലിയ മള്‍ട്ടിപ്ലക്സുകള്‍ ശൃംഖലകള്‍ക്ക് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ തുടക്കമിടുന്ന സമയമായിരുന്നു അത്. എന്നാല്‍ കമ്പനിയുടെ തുടക്കം ആഷിഷിന് പ്രതീക്ഷിച്ചതുപോലെ മികച്ചതായിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും നെറ്റ് ബാങ്കിംഗുമൊന്നും വ്യാപകമല്ലാത്ത സമയത്ത് ബിസിനസ് കൂടുതല്‍ വെല്ലുവിളിയായി. എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനായിരുന്നു മൂവരുടെയും തീരുമാനം. തിയറ്ററുകളില്‍ ടിക്കറ്റിംഗ് സോഫ്റ്റ് വെയറിന്റെ അഭാവവും പരിമിതമായ ബ്രോഡ്ബാന്‍ഡ് കണക്ഷനും ബിസിനസില്‍ തുടര്‍ച്ചയായി തിരിച്ചടി നല്‍കി. ചിലപ്പോള്‍ ബിസിനസ് നഷ്ടപ്പെടാതിരിക്കാന്‍ ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങി ബൈക്കില്‍ കൊണ്ടുനടന്ന് കൊടുത്തു. പണം വെല്ലുവിളിയായതോടെ ഫണ്ട് റെയ്സിംഗിന് നീക്കം തുടങ്ങി. എന്നാല്‍ ആശയത്തോട് പലരും മുഖം തിരിച്ചു.

2007 ല്‍ നെറ്റ്വര്‍ക്ക് 18 നിക്ഷേപകരായി എത്തിയതോടെ കമ്പനി മെച്ചപ്പെട്ടു തുടങ്ങി. ഗോ ഫോര്‍ ടിക്കറ്റിംഗ്, ഇന്ത്യ ടിക്കറ്റിംഗ് എന്നീ പേരുകള്‍ക്ക് ശേഷമായിരുന്നു ബുക്ക് മൈ ഷോയിലേക്ക് എത്തിയത്. നെറ്റ്വര്‍ക്ക് 18 ന്റെ നിക്ഷേപത്തിന് ശേഷം പുതിയ പേര് നിര്‍ദ്ദേശിക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ ഡെവലപ്പിംഗ് സെഷനിലെ ഇന്റേണിയാണ് ബുക്ക് മൈ ഷോ എന്ന പേരുമായി എത്തിയത്. ഓണ്‍ലൈന്‍ മൂവി ടിക്കറ്റിംഗ് എന്ന പ്ലാറ്റ്ഫോമിലായിരുന്നു തുടക്കമെങ്കിലും പിന്നീട് ബിസിനസ് വിപുലീകരിക്കുന്നതിനായി സ്പോര്‍ട്സ് ഷോകളില്‍ ഉള്‍പ്പെടെ ബുക്ക് മൈ ഷോ സാന്നിധ്യം വ്യാപിപ്പിച്ചു. 2010 ല്‍ ഐപിഎല്ലിലെ ഏതാനും ടീമുകളുടെയും പിന്നാലെ 2011 ല്‍ ഫോര്‍മുല വണ്ണിന്റെയും ടിക്കറ്റിംഗ് പാര്‍ട്ണറായി. ടിക്കറ്റുകള്‍ മാത്രമല്ല സിനിമയുടെയും ഷോകളുടെയും ഇടവേളകളില്‍ സ്നാക്സ് പോലും ഓര്‍ഡര്‍ ചെയ്യാവുന്ന വിധത്തിലേക്ക് ബുക്ക് മൈ ഷോയുടെ ബിസിനസ് പ്ലാറ്റ്ഫോം ഇന്ന് മാറിക്കഴിഞ്ഞു.

നിലവില്‍ 34 മില്യനിലധികം ആപ്പുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുളളത്. ഒരു മാസം പത്ത് മില്യനിലധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ പ്ലാറ്റ്ഫോമുകള്‍ വഴി വിറ്റുപോകുന്നു. 20 മില്യനിലധികമാണ് കസ്റ്റമേഴ്സ്. ഇന്‍ഡോനേഷ്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക തുടങ്ങി വിദേശരാജ്യങ്ങളിലും സാന്നിധ്യമുറപ്പിച്ച കമ്പനിക്ക് 3000 കോടിയിലധികമാണ് ആസ്തി. ഇന്ത്യയുടെ ഒരു പൊതു ആവശ്യത്തിലേക്ക് ടെക്നോളജിയുടെ സേവനം വഴിതിരിച്ചുവിട്ടതിലായിരുന്നു ആഷിഷിന്റെയും സുഹൃത്തുക്കളുടെയും വിജയം.

Book My Show, the online ticketing platform, was the result of an idea sprouted in the minds of three friends while they were on a vacation trip to South Africa. They were Ashish Hemrajani, Parikshit Dar and Rajesh Balpande, classmates at the Sydenham Institute of Management. Till present, more than 34 million apps were downloaded. More than 10 million tickets are being sold through Book my show platform. It has more than 20 million customers at present.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version