ശരിയായ തീരുമാനങ്ങള്‍ കൈക്കൊളളുന്നത് ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളിയാണ്. ബിസിനസിന്റെ ഫ്യൂച്ചറും അടിത്തറയും കണ്ടുവേണം ആ തീരുമാനങ്ങള്‍ എടുക്കാന്‍. അതിന്റെ ഉത്തരവാദിത്വം പലപ്പോഴും ആ എന്‍ട്രപ്രണറുടെ ചുമലില്‍ മാത്രമായിരിക്കും വന്നുചേരുക. 2006 ല്‍ യാഹുവിന്റെ ഒരു ബില്യന്‍ ഡോളര്‍ ഓഫര്‍ നിരസിച്ചപ്പോള്‍ ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും കടന്നുപോയത് അത്തരമൊരു നിമിഷത്തിലൂടെയാണ്.
2004 ല്‍ ഫെയ്സ്ബുക്ക് തുടങ്ങി പല മേഖലയിലും സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. കമ്മ്യൂണിറ്റി ബില്‍ഡിംഗും മറ്റ് പല പ്രവര്‍ത്തനങ്ങളുമായി ആക്ടീവായി വരുന്ന സമയം. പത്ത് മില്യന്‍ ആളുകള്‍ മാത്രമായിരുന്നു അന്ന് ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ലോകം മുഴുവനുളള ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ എന്ത് ചെയ്യാം എന്ന ആലോചനയിലാണ് ഓരോ ദിവസവും ഓഫീസിലെത്തുന്നത്. യാഹൂ പോലൊരു വമ്പന്‍ കമ്പനിയുടെ ഓഫര്‍ ഫെയ്സ്ബുക്കിനെ തേടിയെത്തുന്നത് ആ ഘട്ടത്തിലാണ്. എംപ്ലോയീസിനിടയിലും ഇന്‍വെസ്റ്റേഴ്സിലും ഇതേക്കുറിച്ച് വലിയ ഡിസ്കഷന്സ് നടന്നു. പലരും യാഹുവിന്റെ ഓഫറിനെ വലിയ കാര്യമായിട്ടാണ് കണ്ടത്.
എന്നാല്‍ ഫെയ്സ്ബുക്കിന് ഫ്യൂച്ചര്‍ ഉണ്ടെന്ന ഉറച്ച വിശ്വാസമായിരുന്നു തനിക്കെന്ന് സക്കര്‍ബെര്‍ഗ് പറയുന്നു. 10 മില്യന്‍ അല്ല ഫെയ്സ്ബുക്കിന്റെ കസ്റ്റമേഴ്സെന്ന് തിരിച്ചറിഞ്ഞു. ലോകത്ത് ഇതില്‍ കൂടുതല്‍ ആളുകളെ കണക്ട് ചെയ്യാന്‍ കഴിയുമെന്ന ബോധ്യമുണ്ടായി. ഒടുവില്‍ യാഹുവിന്റെ ഓഫര്‍ വേണ്ടെന്ന തീരുമാനമെടുത്തു. എന്നാല്‍ ജീവനക്കാര്‍ക്കും കമ്പനിയുടെ മാനേജ്മെന്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കും തന്റെ തീരുമാനം നിരാശയാണ് നല്‍കിയത്. ഒരു വര്‍ഷത്തിനുളളില്‍ തന്നെ മാനേജ്മെന്റ് ടീമിലെ മുഴുവന്‍ പേരും ഫെയ്സ്ബുക്ക് ഉപേക്ഷിച്ചുപോയെന്ന് സക്കര്‍ബര്‍ഗ് ഓര്‍ക്കുന്നു. അതിജീവിക്കാന്‍ പ്രയാസപ്പെട്ട കഠിനമായ സമയങ്ങളിലൊന്നായിരുന്നു അത്.
പക്ഷെ ഓഫര്‍ നിരസിച്ച് ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ അത് ശരിയായ തീരുമാനമാണെന്ന് ബോധ്യപ്പെട്ടു. ഫെയ്സ്ബുക്ക് വില്‍ക്കുന്നതിനെക്കുറിച്ച് പിന്നീട് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു