ലോകമാകമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സിനും ഫണ്ട് കണ്ടെത്താനുളള പ്രധാന മാര്‍ഗമാണ് ക്രൗഡ് ഫണ്ടിംഗ്. ഒരുപാട് ആളുകളില്‍ നിന്ന് പണം സ്വരൂപിച്ച് ബിസിനസ് മൂലധനമായി ലക്ഷങ്ങളും കോടികളും റെയ്സ് ചെയ്യുന്ന രീതി വളരെ പ്രചാരം നേടിയ ഫണ്ടിംഗ് രീതികളിലൊന്നാണ്. എന്നാല്‍ ഈ ഡിജിറ്റല്‍ കാലത്തിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കേരളത്തില്‍ ക്രൗഡ് ഫണ്ടിംഗിന്റെ പുരാതന രൂപം നിലനിന്നിരുന്നു. ക്രൗഡ് ഫണ്ടിംഗിന്റെ അധികമാര്‍ക്കും അറിയാത്ത ഉത്തരമലബാര്‍ വേര്‍ഷനാണ് പണപ്പയറ്റ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന യുണീക്കായ ഒരു ഫണ്ട് റെയ്സിംഗ് പ്രൊസീജര്‍ ആണിത്. സംരംഭം തുടങ്ങാനും ബിസിനസ് വിപുലീകരിക്കാനും, വിവാഹത്തിനും ഒക്കെ വേണ്ടി വരുന്ന പണം ഇങ്ങനെ കണ്ടെത്താം. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ക്ക് ജീവിതമാര്‍ഗമൊരുക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്ന് ഇന്നും പണപ്പയറ്റ് സജീവമായ കോഴിക്കോട് വടകരയിലെ വാണിമേല്‍ പ്രദേശത്തുളള പഴമക്കാര്‍ പറയുന്നു.