സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പുതിയ എനർജി നൽകുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശങ്ങൾ. വൻകിട ഐടി കമ്പനികൾ നിലനിൽക്കുമ്പോഴും നാളത്തെ ലോകത്തിന്റെ ചലനാത്മകത നിർണ്ണയിക്കുന്നത് ഇന്നത്തെ സ്റ്റാർട്ടപ്പുകളായിരിക്കുമെന്ന മുഖവുരയോടെയാണ് സ്റ്റാർട്ടപ്പ് സംരംഭകർക്കും ഇതുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റ് പ്രസംഗത്തിൽ ഡോ. തോമസ് ഐസക് നടത്തിയത് . കേരള സ്റ്റാർട്ടപ്പ് മിഷന് 80 കോടി രൂപയും കെ എസ് ഐഡിസിക്ക് 132 കോടി രൂപയും അനുവദിച്ചത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ഫെസിലിറ്റികളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കും.
സ്റ്റാർട്ടപ്പ് മിഷന്റെ ശുപാർശയുള്ള സ്റ്റാർട്ടപ്പ് കമ്പനികളുടെ ഓഹരികളിൽ സർക്കാർ ഗ്യാരണ്ടിയോടെ കെ എഫ് സി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്. കെ എസ് ഐ ഡി സി ക്ക് നൽകിയ 132 കോടി രൂപയിൽ 8 കോടി ഏയ്ഞ്ചൽ ഫണ്ടിംഗിന് വേണ്ടിയാണ്. കൃഷിയിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും പ്രതിഭാധനരായ ഇന്നവേറ്റേഴ്സിനെ കണ്ടെത്താൻ യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, സംസ്ഥാനത്തെ ഇൻകുബേഷൻ ഫെസിലിറ്റികളിൽ നിന്ന് പുറത്തു വരുന്ന സ്റ്റാർട്ടപ്പുകളെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുന്നതിന് മെച്ചപ്പെട്ട ആക്സിലറേഷൻ പദ്ധതികൾ തുടങ്ങിയ ബജറ്റ് നിർദേശങ്ങൾ നവസംരംഭകർക്ക് സഹായകമാകും.
മലിനജലം ശുദ്ധീകരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് കേരള വാട്ടർ അതോറിറ്റിയും സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വാട്ടർ അതോറിറ്റി ഇന്നവേഷൻ സോൺ, ആദിത്യ മോഡലിൽ കൂടുതൽ സോളാർ പാസഞ്ചർ ബോട്ട് സർവ്വീസുകൾ, ഇലക്ട്രോണിക്സ് ഉൽപാദനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ തുടങ്ങിയ നിർദ്ദേശങ്ങൾ സംരംഭകർക്ക് പുതിയ വഴികൾ തുറന്നിടുന്നു. സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് യുവതലമുറയെ കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ട് ടെക്നിക്കൽ എഡ്യുക്കേഷൻ സെക്ടറിൽ ചില മാറ്റങ്ങളും ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നു. എൻജി. കോളജുകളിലെ ടെലി പ്രസൻസ് നെറ്റ് വർക്ക് വഴി ഐടി പാർക്കുകളുമായി ബന്ധിപ്പിച്ച് 50000 കുട്ടികൾക്ക് സ്കിൽ ട്രെയിനിംഗ് , വ്യവസായികളുമായി ഇന്ററാക്ട് ചെയ്യാൻ പ്രത്യേക സെല്ലുകൾ , ഫിനിഷിംഗ് സ്കൂൾസ്, സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ബജറ്റിൽ ഇടം പിടിച്ചത് .
പ്രവാസി നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേരള വികസന നിധിയും സിംഗിൾ വിൻഡോ ഫെസിലിറ്റിയുമൊക്കെ സംസ്ഥാനത്തെ ഇൻവെസ്റ്റ്മെന്റ് ഇക്കോ സിസ്റ്റത്തിലും ഉണർവ്വുണ്ടാക്കും .ചെറുകിട, പരമ്പരാഗത വ്യവസായ മേഖലകളിൽ കൂടുതൽ സംരംഭങ്ങളുടെ പിറവിക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ട്. ചെറുകിട വ്യവസായ മേഖലയ്ക്ക് 160 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് . ഇതിന് പുറമേ ചെറുകിട വ്യവസായികൾക്ക് മൂലധന സഹായം നൽകാൻ 60 കോടി രൂപയും അനുവദിച്ചു. കിൻഫ്രയുടെയും കെ എസ് ഐ ഡി സി യുടെയും പാർക്കുകൾക്ക് 230 കോടി രൂപ വകയിരുത്തി. തൃശൂർ വടക്കാഞ്ചേരി, കാസർഗോഡ് കാഞ്ഞങ്ങാട് , ചീമേനി എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ, കൊല്ലം , രാമനാട്ടുകര , കൊരട്ടി കാക്കനാട് എന്നിവിടങ്ങളിൽ ബഹുനില വ്യവസായ ഷെഡുകൾ തുടങ്ങിയ പദ്ധതികളും ബജറ്റിൽ മുന്നോട്ടു വെയ്ക്കുന്നു.
കാർഷിക മേഖലയിൽ കൂടുതൽ ഇന്നവേഷനുകൾക്ക് വഴി തുറന്ന് അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനും മൂല്യവർദ്ധിത യൂണിറ്റുകളെ സഹായിക്കുന്നതിനുമായി കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തെ ഈ മേഖലയിലെ സംരംഭകർ പ്രതീക്ഷയോടെയാണ് കാണുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്കായി സൂക്ഷ്മ സംരംഭ പാർക്കുകൾ , സ്റ്റാർട്ടപ്പ് വില്ലേജ് എൻട്രപ്രണർഷിപ്പ് പദ്ധതി , ടെക്നോളജി ഹബ് തുടങ്ങിയവ സംസ്ഥാനത്തെ റൂറൽ എൻട്രപ്രണർഷിപ്പിന് പുതിയ മാനം നൽകും.