മെയ്ഡ് ഇന്‍ കേരള ലാപ്ടോപ്പുകള് നിങ്ങളുടെ കൈകളിലെത്തുന്ന കാലം വിദൂരമല്ല. ലാപ്ടോപ്പുകളും സെര്വ്വര് ക്ലാസ് മെഷീനുകളും കേരളത്തില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 30 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കെല്‍ട്രോണിന്റെ ചുമതലയില്‍ സ്പെഷല്‍ പര്‍പ്പസ് കമ്പനി രൂപീകരിക്കും. കെല്‍ട്രോണിന് പുറമെ കെഎസ്ഐഡിസിക്കും കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട കംപോണന്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും ഓഹരിപങ്കാളിത്തം നല്‍കും.
പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇന്റല്‍ കോര്‍പ്പറേഷനും യുഎസ്ടി ഗ്ലോബലും സര്‍ക്കാരുമായി നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇന്റല്‍ പ്രൊസസറാണ് ലാപ്ടോപ്പുകളിലും സെര്‍വ്വറുകളിലും ഉപയോഗിക്കുക. നിലവില്‍ ലാപ്ടോപ്പുകളുടെ അസംബ്ലിങ് മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. പ്രൊഡക്ഷനും കേരളത്തില്‍ തുടങ്ങുന്നതോടെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗില്‍ സംസ്ഥാനത്തിന് പുതിയ മേല്‍വിലാസമൊരുക്കും.
ഇലക്ട്രോണിക്സ് പ്രൊഡക്ഷനില്‍ ഏറെ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം പിന്നാക്കം പോയതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. കേരളത്തിന്റേതായ ഇലക്ട്രോണിക് ഇക്കോസിസ്റ്റം ഒരുക്കുകയാണ് ലക്ഷ്യം. മണ്‍വിളയിലുളള കെല്‍ട്രോണിന്റെ ഭൂമിയും കെട്ടിടവും സംരംഭത്തിന് ഉപയോഗിക്കാനാണ് പദ്ധതി.
ഓരോ വര്‍ഷവും സര്‍ക്കാരിന് ഒരു ലക്ഷം ലാപ്ടോപ്പുകളാണ് വേണ്ടി വരുന്നത്. ഇവ പുതിയ സംരംഭത്തില്‍ നിര്‍മിക്കും. ഐടി നയത്തിന്റെ ഭാഗമായുളള പ്രൈസ് പ്രിഫറന്‍സ് മൂന്നുവര്‍ഷത്തേക്ക് കമ്പനിക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.