കേരളത്തിലെ സംരംഭകമേഖലയില്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മോഡല്‍ തുറന്നിടുകയാണ് കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈവ്. ടെയ്ലറിംഗ് സെക്ടറിലെ വനിതകളെ കൂട്ടിയിണക്കി രൂപീകരിച്ച എംപവര്‍മെന്റ് ഓഫ് വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് (eWe) എന്ന സ്ഥാപനം സംരംഭകത്വത്തിന്റെ ബെനിഫിറ്റ് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നീലേശ്വരം സ്വദേശി അഭയനും ഭാര്യ സംഗീതയും ചേര്‍ന്നാണ് രൂപീകരിച്ചത്.
അസംഘടിതമായ ടെയ്ലറിംഗ് സെക്ടറില്‍ തൊഴില്‍ ചെയ്യുന്ന വനിതകളെ ഒരു ബ്രാന്‍ഡിന്റെ കുടക്കീഴില് കൊണ്ടുവന്ന് റീട്ടെയ്ല്‍ സെയില്‍സിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി പ്രൊഡക്ടുകള്‍ വിറ്റഴിക്കാന്‍ ഒരു നെറ്റ്വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുകയാണ് ഈവ് ഫാഷന്‍സ് എന്ന ടെക്സ്റ്റൈല്‍ ശൃംഖല. കഴിഞ്ഞ സെപ്തംബറില്‍ തുടക്കമിട്ട ഈവിന് ചുരുങ്ങിയ സമയം കൊണ്ട് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി നൂറോളം വനിതാ സംരംഭകരെ ബില്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.
ഈവ് എന്ന ബ്രാന്‍ഡ് നെയിമില്‍ എട്ട് റെഡിമെയ്ഡ് പ്രൊഡക്ടുകള്‍ വിപണിയില്‍ എത്തിക്കുന്ന കമ്പനി കൂടുതല്‍ പ്രൊഡക്ടുകള്‍ കൂട്ടിച്ചേര്‍ക്കാനുളള ശ്രമത്തിലാണ്. വാട്സ്ആപ്പും ഫെയ്സ്ബുക്കും ഉള്‍പ്പെടെയുളള നവമാധ്യമങ്ങളിലൂടെ മാര്‍ക്കറ്റ് കണ്ടെത്താനുളള വഴികളും ഈവ് ഒരുക്കുന്നു. വിവിധ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പുകളും ബിടുബി മീറ്റുകളും ഈവ് സംഘടിപ്പിക്കുന്നുണ്ട്.
40,000 രൂപയുടെ വരെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വനിതാസംരംഭകര്‍ ഇന്ന് ഈവിന്റെ ഭാഗമായുണ്ട്. ചെറിയ കടമുറിയില്‍ തയ്യലില്‍ നിന്നുളള കുറഞ്ഞ വരുമാനത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് പ്രൊഡക്ട് സെയിലിലൂടെ അധികവരുമാനത്തിനുളള വഴിയാണ് ഈവ് തുറന്നു നല്‍കിയത്. കണ്ണൂര്‍ കൂടാതെ കാസര്‍കോഡ് ജില്ലയിലും സജീവമായ ഈവ് മറ്റ് ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.