രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് പ്രയോഗിച്ച നഗരം. കേട്ടുപഴകിയ വിശേഷണം മാറ്റിയെഴുതാനുളള തയ്യാറെടുപ്പിലാണ് ഹിരോഷിമ. ലോകത്തെ ഏറ്റവും മികച്ച ടെക്നോളജിക്കും ഇന്നവേഷനുകള്‍ക്കുമൊപ്പം സഞ്ചരിച്ച് ജപ്പാനിലെ പുതിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി ഇവിടം മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ ചെയ്ത ഹിരോഷിമ ഡിജിറ്റല്‍ ഇന്നവേഷന്‍ സെന്ററും അണുവികിരണങ്ങളില്‍ കരിഞ്ഞുപോകാതെ ഹിരോഷിമയില്‍ പിടിച്ചുനിന്ന മസ്ദ പോലുളള ആഗോള ബ്രാന്‍ഡുകളെയും കൂട്ടുപിടിച്ചാണ് ഹിരോഷിമയുടെ ഉയിര്ത്തെഴുന്നേല്പ്.
ഹിരോഷിമയുടെ യുവഗവര്‍ണര്‍ ഹിദേഹികോ യുസാക്കിയാണ് വരും തലമുറയെ ലക്ഷ്യമിട്ടുളള പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. മസ്ദ പോലുള്ള ബ്രാന്‍ഡുകളിലൂടെ മാനുഫാക്ചറിംഗിലും എന്‍ജിനീയറിംഗിലും ഹിരോഷിമയ്ക്ക് അവഗണിക്കാനാകാത്ത പാരമ്പര്യമുണ്ട്. ഇതിന് പുറമേ എന്‍ജിനീയറിംഗ്, ടെക്നോളജി, ലൈഫ് സയന്‍സ് മേഖലകളിലെ ലോകത്തെ ടോപ്പ് 500 യൂണിവേഴ്സിറ്റികളിലൊന്നായ ഹിരോഷിമ യൂണിവേഴ്സിറ്റിയില്‍ നിന്നുളള ടാലന്റും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഗ്രോത്ത് സ്റ്റേജ് എന്റര്‍പ്രൈസുകള്‍ക്കായി ഹിരോഷിമ ഇന്നവേഷന്‍ നെറ്റ്വര്‍ക്ക് 100 മില്യന്‍ യുഎസ് ഡോളറിന്റെ പബ്ലിക്-പ്രൈവറ്റ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. കോവര്‍ക്കിംഗ് ഫെസിലിറ്റി ഒരുക്കുന്ന ഇന്നവേഷന്‍ ഹബ്ബും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഐഒറ്റി പ്രൊജക്ടുകള്‍ക്ക് വേണ്ടിയുളള റെഗുലേറ്ററി സാന്‍ഡ് ബോക്സുമൊക്കെ ഹിരോഷിമയുടെ ഭാവിയിലേക്കുളള പ്രതീക്ഷയാവുകയാണ്.
ജപ്പാനിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ മുന്നില്‍ നില്ക്കുന്ന ടോക്കിയോ, ഫുക്കുവോക്ക ഉള്‍പ്പെടെയുളള നഗരങ്ങളുമായിട്ടാണ് ഹിരോഷിമ മത്സരിക്കുന്നത്.