വനിതകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ടാക്സി നെറ്റ്വര്‍ക്ക് തുടങ്ങുന്നു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് പദ്ധതിക്ക് പിന്നില്‍. വനിതാ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കോര്പ്പറേഷന് അപേക്ഷ ക്ഷണിച്ചു. യൂബര്‍ മോഡലില്‍ ടെക്നോളജിയുടെ സഹായത്തോടെ കണക്ട് ചെയ്യുന്ന നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത്.
ഷീ ടാക്സി മോഡലില്‍ ജനപ്രിയ പദ്ധതിയാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. ഷീ ടാക്സി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വനിതാ സംരംഭകര്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന രീതിയിലാണ് ടാക്സി നെറ്റ്വര്ക്കിന് കോര്പ്പറേഷന് രൂപം നല്‍കിയിരിക്കുന്നത്.
താല്പര്യമുളളവര്ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. മെയ് 15 ന് വൈകിട്ട് അഞ്ച് മണി വരെയാണ് രജിസ്റ്റര്‍ ചെയ്യാനുളള സമയപരിധി. വാഹനത്തിന്റെ വിവരങ്ങളും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ഡീറ്റെയ്ല്സും ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തി വേണം രജിസ്റ്റര്‍ ചെയ്യാന്‍.